പള്ളി പൊളിച്ചിടത്ത് കാലുകുത്തുമോ? സമസ്തയുടെ കണ്ണുരുട്ടലില്‍ കോണ്‍ഗ്രസ് പെട്ടു, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ തിരിച്ചടിയാകുമോ


കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്കയില്‍. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യത്തെ പ്രമുഖ പാര്‍ട്ടികളിലെ നേതാക്കളെയെല്ലാം ക്ഷണിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചപ്പോള്‍ വിട്ടുനില്‍ക്കുമെന്ന നിലപാടാണ് സിപിഎം കൈക്കൊണ്ടിട്ടുള്ളത്.
tRootC1469263">ദേശീയ തലത്തില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ രാമക്ഷേത്രം പതിറ്റാണ്ടുകളായി ബിജെപി ഉപയോഗിക്കുന്നുണ്ട്. ഹിന്ദു വോട്ടുകള്‍ നഷ്ടമാകാതിരിക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയുടെ രാഷ്ട്രീയം പയറ്റുക പതിവാണ്. അതുകൊണ്ടുതന്നെ രാമക്ഷേത്ര ചടങ്ങില്‍ നിന്നും വിട്ടുനിന്നാല്‍ അത് കോണ്‍ഗ്രസിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. ബിജെപി ഇക്കാര്യം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമെന്നതിനാല്‍ കോണ്‍ഗ്രസിന് വിട്ടുനില്‍ക്കുക എളുപ്പമല്ല.

കേരളത്തെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ നിലപാട് പ്രായോഗികമല്ല. മുസ്ലീം വോട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ളതിനാല്‍ ദേശീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് സംസ്ഥാന കോണ്‍ഗ്രസിന് ക്ഷീണമാകും. സിപിഎം നിലപാടിനോട് യോജിച്ച് പോകാന്‍ മുസ്ലീം ന്യൂനപക്ഷം തീരുമാനിച്ചാല്‍ അത് വോട്ടുനഷ്ടത്തിനിടയാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് കൃത്യമായ മറുപടിയുമില്ല.
ക്ഷേത്ര ചടങ്ങില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് സൂചിപ്പിച്ച് സമസ്ത രംഗത്തെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് സമസ്ത മുഖപത്രത്തിലെ മുഖപ്രസംഗം. പള്ളി പൊളിച്ചിടത്ത് കോണ്‍ഗ്രസ് കാലുവയ്ക്കുമോ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ സിപിഎം നിലപാടിനെ പുകഴ്ത്തുകയും ചെയ്തു.
മുഖപ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍,
ഇന്ത്യയെ കറതീര്‍ന്ന മതരാഷ്ട്രമാക്കി മാറ്റാനാണ് കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സഖ്യസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ പ്രത്യക്ഷ വിളംബരമാണ് ജനുവരി 22ന് അയോധ്യയില്‍ നടക്കുന്നത്. ബാബരി മസ്ജിദിനൊപ്പം തകര്‍ക്കപ്പെട്ട ഇന്ത്യന്‍ മതേതര മനസിനു മുകളിലാണ് അടുത്തമാസാവസാനം രാമക്ഷേത്ര വാതിലുകള്‍ തുറക്കപ്പെടുന്നത്. മറ്റൊരാളിന്റെ വിശ്വാസമിനാരങ്ങള്‍ കായബലത്തിന്റെയും അധികാരഹുങ്കിന്റെയും ബലത്തില്‍ തച്ചുടച്ച് തങ്ങളുടെ ഇഷ്ടദൈവങ്ങളെ പ്രതിഷ്ഠിക്കുമ്പോള്‍ അനീതി മാത്രമേ അവിടെ പുലരുകയുള്ളൂ.
രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യെച്ചൂരിയും ഡി. രാജയും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഈ മൃദുഹിന്ദുത്വ നിലപാടുതന്നെയാണ് 36 വര്‍ഷം ഇന്ത്യഭരിച്ച പാര്‍ട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് ഓര്‍മയില്ലെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.
കടുംപിടിത്തങ്ങള്‍ക്കു പകരം 'ഇന്‍ഡ്യ' സഖ്യത്തിലെ ഇതര പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതിനൊപ്പം വിട്ടുവീഴ്ചകള്‍ക്കും കോണ്‍ഗ്രസ് സന്നദ്ധമാവണം. ഗുജറാത്തില്‍ സ്വീകരിച്ച് പരാജയപ്പെട്ട മൃദുഹിന്ദുത്വ സിദ്ധാന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകവും കോണ്‍ഗ്രസ് നേതൃത്വം കാണിക്കണം. അതോടൊപ്പം രാജ്യത്തെ മതവല്‍ക്കരിക്കാനുള്ള ബി.ജെ.പിയുടെ കെണികളില്‍ വീഴാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത കൈവിടുകയും അരുത്.
അതല്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച ലക്ഷക്കണക്കിന് ദലിതരും മതന്യൂനപക്ഷങ്ങളും അവര്‍ക്ക് അഭയമേകുന്ന, അവരുടെ ജീവനും വിശ്വാസങ്ങളും സംരക്ഷിക്കുമെന്നുറപ്പുള്ള രാഷ്ട്രീയ ബദലുകളിലേക്കു ചേക്കേറും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റ് ആണ് ജനുവരി 22ന് അയോധ്യയില്‍ നടക്കുന്നതെന്ന തിരിച്ചറിവ് സി.പി.എം നേതാവ് സിതാറാം യെച്ചൂരിയെപ്പോലുള്ളവര്‍ക്കുണ്ട്. അതുകൊണ്ടാണ് രാമജന്മഭൂമി തീര്‍ഥട്രസ്റ്റിന്റെ ക്ഷണം ലഭിച്ചയുടന്‍, ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് തലയുയര്‍ത്തി പറയാന്‍ യെച്ചൂരിക്കു ത്രാണി ഉണ്ടായത്. ആ ആര്‍ജവവും സ്ഥൈര്യവുമാണ് സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. അതല്ലാതെ, ഒരു വിഭാഗത്തിന്റെ ആരാധനാലയത്തിന്റെ തറയടക്കം മാന്തിയെറിഞ്ഞ്, അവിടെ മുഷ്‌ക്ക് മുടക്കി സ്ഥാപിച്ച ആരാധനാലയത്തിന്റെ 'കുറ്റൂശ'ക്ക് തങ്ങള്‍ പങ്കെടുക്കുമെന്നോ ഇല്ലെന്നോ, പറയാതെ പറയുന്ന ആശയക്കുഴപ്പത്തിലേക്ക് ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്ത്തുകയല്ല കോണ്‍ഗ്രസ് ചെയ്യേണ്ടത്.