വന്‍ വിലക്കുറവുമായി സപ്ലൈകോ, പൊതു വിപണിയേക്കാള്‍ 40 ശതമാനം വരെ കിഴവ്, വിപണിയില്‍ 1605 രൂപ വിലവരുന്ന കിറ്റിന് 1136 രൂപ മാത്രം, വിഷു ഈസ്റ്റര്‍ കീശകീറാതെ ആഘോഷിക്കാം

Spplyco supermarket
Spplyco supermarket
കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രത്യേക വിഷു ഈസ്റ്റര്‍ സഹകരണ വിപണിയും ഏപ്രില്‍ 12 മുതല്‍ 21 വരെ നടക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്കാണ് സബ്‌സിഡി ലഭിക്കുക 

കൊച്ചി: വിഷുവും ഈസ്റ്ററും പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി സബ്‌സിഡി സാധനങ്ങള്‍ യഥേഷ്ടം ലഭ്യമാക്കിയതോടെ കീശകീറാതെ മലയാളികള്‍ക്ക് ആഘോഷിക്കാം. സംസ്ഥാനമെങ്ങും വിവിധ സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഷോറൂമുകളിലൂടെ വിലക്കുറവ് ലഭിക്കും.

വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വാങ്ങാനാകുമെന്നതിനാല്‍ ആദ്യ ദിനം തന്നെ മേളയില്‍ തിരക്കോട് തിരക്കാണ്. അരി 33 രൂപയ്ക്കും മാവേലി പച്ചരി 29 രൂപയ്ക്കും ബിരിയാണി അരി 65 രൂപയ്ക്കും വെളിച്ചെണ്ണ 232 രൂപയ്ക്കും വാങ്ങാമെന്നതാണ് തിരക്കിന്റെ പ്രധാന കാരണം. റേഷന്‍ കാര്‍ഡുമായെത്തുന്നവര്‍ക്ക് 13 ഇനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വാങ്ങാനാകും. ഒരു കാര്‍ഡുടമയ്ക്ക് പത്ത് കിലോ അരി വീതം ലഭിക്കും.

പൊതുവിപണിയില്‍ 85 രൂപ വിലയുള്ള ബിരിയാണി അരി 65രൂപയ്ക്ക് വാങ്ങാം. 285 രൂപ വിലയുള്ള വെളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതും ജനങ്ങള്‍ക്ക് ആശ്വാസമാണ്. നിത്യോപയോഗ സാധനങ്ങള്‍ക്ക് 35 മുതല്‍ 40 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ശബരി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ വിലക്കുറവുണ്ട്. 19വരെയാണ് വിഷു, ഈസ്റ്റര്‍ മേള. ഏപ്രില്‍ 14 വിഷു ദിനവും, ഏപ്രില്‍ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും തുറന്നു പ്രവര്‍ത്തിക്കും. രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക.

സഹകരണ സംഘങ്ങള്‍ കേരകര്‍ഷകരില്‍നിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും വാങ്ങാം. ദിനേശ്, റെയ്ഡ്‌കോ, മില്‍മ തുടങ്ങി വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ ലഭ്യമാകും. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ഒരു പ്രധാന സപ്ലൈകോ ഔട്ട്ലെറ്റ് ഈ ചന്തയുടെ ഭാഗമായി പ്രവര്‍ത്തിക്കും.

കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രത്യേക വിഷു ഈസ്റ്റര്‍ സഹകരണ വിപണിയും ഏപ്രില്‍ 12 മുതല്‍ 21 വരെ നടക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്കാണ് സബ്‌സിഡി ലഭിക്കുക  ആന്ധ്ര ജയ അരി, മട്ട അരി, കുറുവ അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, തുവര പരിപ്പ്, വന്‍പയര്‍, ചെറുപയര്‍, കടല, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടെ. പൊതുവിപണിയില്‍ 1605 രൂപ വിലവരുന്ന കിറ്റ് 1136 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്.

 

Tags