പേരാവൂരില്‍ സണ്ണി ജോസഫിനെ കാലുവാരാന്‍ സാധ്യത, അണികള്‍ക്ക് സൂചന നല്‍കി സുധാകരന്‍, കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തില്‍

K Sudhakaran Sunny Joseph

സുധാകരനെ പൂര്‍ണ്ണമായി ഒതുക്കാനും, അദ്ദേഹത്തിന്റെ സ്വാധീനം കുറയ്ക്കാനുമുള്ള ശ്രമമായാണ് കത്ത് വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍ കെപിസിസി നേതൃത്വം ഇത് വ്യാജമാണെന്ന് തള്ളിക്കളഞ്ഞു.

കണ്ണൂര്‍: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വീണ്ടും ആഭ്യന്തര കലഹം രൂപപ്പെടുന്നു. കെ സുധാകരന് സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട ഒരു കത്ത് പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നം ഉടലെടുത്തത്.

സുധാകരനെ പൂര്‍ണ്ണമായി ഒതുക്കാനും, അദ്ദേഹത്തിന്റെ സ്വാധീനം കുറയ്ക്കാനുമുള്ള ശ്രമമായാണ് കത്ത് വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍ കെപിസിസി നേതൃത്വം ഇത് വ്യാജമാണെന്ന് തള്ളിക്കളഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കത്ത് വിവാദത്തെ അനാവശ്യ ചര്‍ച്ചയെന്ന് വിശേഷിപ്പിച്ചു. എന്നാല്‍, കത്ത് വ്യാജമല്ലെന്നാണ് സുധാകരന്റെ നിലപാട്.

സുധാകരന്‍ പാര്‍ട്ടിയില്‍ വലിയ സ്വാധീനം ചെലുത്തുന്ന നേതാവാണ്. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപി എന്ന നിലയിലും, ജില്ലയിലെ വോട്ടുകളിലുള്ള സ്വാധീനവും അദ്ദേഹത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. നേരത്തെ കണ്ണൂര്‍ അസംബ്ലി സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ അതൃപ്തി ഇപ്പോഴും പൂര്‍ണ്ണമായി തീര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

സുധാകരന്‍ പരസ്യമായി രംഗത്തെത്തിയതോടെ പേരാവൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിനെ കാലുവാരുമെന്ന രീതിയില്‍ സോഷ്യല്‍ മീഡയയില്‍ പ്രചരണമുണ്ട്. മണ്ഡലത്തില്‍ സുധാകരന്‍ അനുകൂലികള്‍ നേരത്തെ സണ്ണി ജോസഫിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

സുധാകരന്റെ അണികള്‍ക്കിടയില്‍ സണ്ണി ജോസഫിന് പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടതില്ല എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ സമ്മതിക്കുന്നു. പേരാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.കെ. ശൈലജ ടീച്ചറിന് വോട്ട് മറിച്ചേക്കുമെന്ന ഭയം കോണ്‍ഗ്രസ് ക്യാമ്പില്‍ നിലവിലുണ്ട്. ശൈലജ ടീച്ചറിന്റെ ജനപ്രിയതയും, മണ്ഡലത്തിലെ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രചാരണവും ഈ സാധ്യതയെ കൂടുതല്‍ ഗൗരവമായി കാണാന്‍ കാരണമാവുന്നു. കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലും സുധാകരന്റെ സ്വാധീനമുള്ള പ്രദേശങ്ങളിലും വോട്ട് മറിക്കലിന്റെ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിഡി സതീശന്റെ വനവാസ പ്രയോഗത്തിനും സുധാകരന്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമായി. സതീശന്‍ വാക്ക് പാലിക്കണമെങ്കില്‍ വനവാസത്തിന് പോകേണ്ടി വരുമെന്നാണ് സുധാകരന്റെ നിലപാട്. യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചു പറയാന്‍ സുധാകരന്‍ ഇപ്പോഴും തയ്യാറല്ല. സുധാകരന്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മുന്നോട്ടുവെക്കുന്നതും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാട്ടത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

കണ്ണൂര്‍ മാത്രമല്ല, സുധാകരന്റെ സ്വാധീനമുള്ള മറ്റ് ജില്ലകളിലും (പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍) അദ്ദേഹത്തിന്റെ അണികള്‍ നിഷ്‌ക്രിയമായിരിക്കാനോ, ചിലയിടങ്ങളില്‍ വോട്ട് മറിക്കാനോ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളിലെ ആശങ്ക. ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ക്കെതിരെ സുധാകരന്‍ തുറന്നു വിമര്‍ശനം നടത്തിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ പരോക്ഷ പരാമര്‍ശങ്ങള്‍ അണികള്‍ക്കുള്ള സൂചനയായി മാറുന്നു.

Tags