അപകടം വീൽചെയറിലാക്കിയിട്ടും കുട നിർമ്മാണത്തിലൂടെ അതിജീവനം തേടി സുകുമാരൻ
കണ്ണൂർ: അപകടത്തിൽ ജീവിതം വീൽ ചെയറിൽ ഒതുങ്ങി പോയെങ്കിലും സ്വന്തം കൈക്കരുത്താൽ പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിച്ച അതിജീവന കഥയാണ് കണ്ണൂർ എടചൊവ്വ കനാൽപ്പാലത്തിന് സമീപത്തെ സായൂജ്യത്തിൽ ടി.ടി സുകുമാരന് പറയാനുള്ളത്. നല്ല മന:ക്കരുത്തുള്ളവർ പോലും തളർന്നു പോകുന്ന ദുരന്തം തേടിയെത്തിയപ്പോഴും പ്രതികൂല സാഹചര്യങ്ങൾ പരത്തിയ ഇരുട്ടിൽ നിന്നും ഒരു കൊച്ചു വെളിച്ചം തേടുകയും കൈക്കുടന്നയിൽ അതിനെ ചേർത്തു പിടിക്കുകയുമായിരുന്നു സുകുമാരൻ.
13 വർഷം മുൻപാണ് സുകുമാരൻ്റെ ജീവിതത്തിനെ ഇരുട്ടിലാക്കിയ അപകടം തേടിയെത്തുന്നത്. പുതുതായി നിർമ്മിക്കുന്ന വീടിൻ്റെ വാട്ടർ ടാങ്ക് കെട്ടുന്നതിനായി സഹായിക്കുന്നതിനിടെ സുകുമാരൻ കാൽതെറ്റി വീഴുകയായിരുന്നു. വീഴ്ച്ചയിൽ തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ടുവെങ്കിലും നട്ടെല്ലിൻ്റെ സ്പൈനൽ കോഡ് പൊട്ടി അരഭാഗം തളർന്ന് കിടപ്പിലായി. വർഷങ്ങളോളം കിടന്ന കിടപ്പിൽ ചികിത്സ തേടിയെങ്കിലും വീൽ ചെയറിൽ നിന്നും സുകുമാരന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല ഇതോടെ ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായി. പുതുതായി നിർമ്മിക്കുന്ന വീട് വിറ്റു പള്ളിക്കുന്നിലെ വാടക വീട്ടിൽ താമസിക്കേണ്ടിവന്നു. ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം പടുതിരി പോലെ കെട്ടുപോയ സമയം ഭാര്യ സപ്നയും സുകുമാരനും ഒറ്റപ്പെടാൻ തുടങ്ങി. എന്നാൽ തന്നെ തളർത്തിയ ജീവിതത്തിന് മുൻപിൽ അത്ര പെട്ടെന്ന് തോറ്റു കൊടുക്കാൻ സുകുമാരൻ തയ്യാറായില്ല കൈയ്യുണ്ടല്ലോ തനിക്കെന്ന് വിചാരിച്ചു.

ഇതോടെ വീൽചെയർ ലോകത്ത് നിന്നും എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ചു. ഇതോടെയാണ് കുട നിർമ്മാണത്തിലെക്ക് തിരിഞ്ഞത്. കുടയ്ക്ക് പുറമേ പേപ്പർ ബാഗ്, മെഴുകുതിരി ' , ഡിറ്റർജൻ്റ് എന്നിവയും നിർമ്മിച്ചു. സംസ്ഥാന സർക്കാർ നടത്തിയ പട്ടയമേളയുടെ ഭാഗമായി കണ്ണൂർ കോർപറേഷനിലെ എട ചൊവ്വയിൽ നൽകിയ മൂന്ന് സെൻ്റ് ഭൂമിൽ സായൂജ്യമെന്ന വീട് പണിത് താമസം മാറ്റിയതോടെ കൂടുതൽ മാറ്റങ്ങൾ ജീവിതത്തിലുണ്ടായി. കണ്ണൂർ നഗരത്തിന് തൊട്ടടുത്ത സ്ഥലമായതിനാൽ താൻ നിർമ്മിക്കുന്ന വർണ കുടകളും മറ്റു സാധനങ്ങളും സുകുമാരൻതന്നെ ഒരു മുച്ചക്ര വാഹനത്തിൽ എത്തിക്കാൻ തുടങ്ങി. എന്നാൽ മെയ് മുതൽ സെപ്തംബർ വരെ കുട നിർമ്മാണം തന്നെയാണ് നടത്താറുള്ളതെന്ന് സദാനന്ദൻ പറഞ്ഞു. മൂത്രാശയ സംബന്ധമായ രോഗങ്ങൾ ദീർഘമായി ഇരിക്കുന്നതിന് തടസമാകുന്നുണ്ടെങ്കിലും ജീവിതം മുൻപോട്ടു പോകാൻ വേദന കടിച്ചമർത്തുകയാണ് സദാനന്ദൻ അവശതകൾ ഏറെയുണ്ടെങ്കിലും അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് സുകുമാരൻപറഞ്ഞു.
എന്തിനും ഏതിനും താങ്ങും തണലുമായി ഭാര്യ സപ്നയുണ്ട്. വീൽചെയറിൽ വീടിൻ്റെ മുൻവശത്ത് മേശയിട്ടാണ് നിർമ്മാണം.കിഡ്സ് ആൻഡ് ഫാൻസി , ത്രീ ഫോൾഡ് ടു ഫോൾഡ് ബ്ളാക്ക് കളർ ആൻഡ് പ്രിൻ്റ്, ബ്ളാക്ക് കളർ ആൻഡ് പ്രിൻ്റ് ഫോൾഡ് കുടകൾ, കാലൻ കുടകൾ എന്നിവയാണ് സുകുമാരൻ നിർമ്മിക്കുന്നത്. ആവശ്യക്കാർക്ക് തപാൽ വഴിയോ കൊറിയർ മാർഗമോ അയച്ചു കൊടുക്കാറുണ്ട്. വൻകിട ബ്രാൻഡുകൾ കുടവിപണിയിൽ ഉണ്ടെങ്കിലും തൻ്റെ സഹനവും അധ്വാനവും കൊണ്ടു നിർമ്മിച്ച വർണ കുടകൾ ലാഭം കൊയ്യാനുള്ള മാർഗമായി സുകുമാരൻ കാണുന്നില്ല. മറ്റുള്ളവരെ ചുഷണം ചെയ്യാതെ മിതമായ നിരക്കിലാണ് കുടകൾ വിറ്റുവരുന്നത്. ഇക്കൂറി നേരത്തെ എത്തിയ ഈ പെരുമഴക്കാലം നനയാതിരിക്കാൻ തന്നെയും ഓർക്കണമെന്നാണ് സുകുമാരൻ്റെ അപേക്ഷ . ആവശ്യക്കാർ വിളിക്കേണ്ടഫോൺ നമ്പർ : 9745948453
.jpg)

