വളഞ്ഞിട്ട് തല്ലിയെന്ന് സുധാകരന്‍, ഇവനെ പിടിച്ചുകൊണ്ടുപോടായെന്ന് പിണറായി, കണ്ടാല്‍ മിണ്ടാത്ത പിണക്കത്തിന് കാരണം

sudhakaran

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കള്‍ ഇല്ലെന്നാണ് പൊതുവെ പറയാറുള്ളത്. ഇന്ന് എതിരാളികളായവര്‍ നാളെ ഒരുമിച്ച് ഒരേ രാഷ്ട്രീയത്തിലും മുന്നണിയിലുമെല്ലാം പ്രവര്‍ത്തിക്കുന്ന കാഴ്ച നാം എത്രയോവട്ടം കണ്ടുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ഗോദയില്‍ വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടുന്ന പലരും വ്യക്തിജീവിതത്തില്‍ അടുത്ത സുഹൃദ്ബന്ധം പുലര്‍ത്തുന്നവരാണ്.

tRootC1469263">

കേരളം രാജ്യതത്തിന് മാതൃകയായപോലെ രാഷ്ട്രീയക്കാരും പല കാര്യങ്ങളിലും മാതൃകയാകാറുണ്ട്. എന്നാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പിണക്കേം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. പതിറ്റാണ്ടുകളായി ഇരുവരും രാഷ്ട്രീയത്തിനകത്തും പുറത്തും അകല്‍ച്ചയിലാണ്. പ്രത്യേകിച്ചും തനിക്ക് പിണറായിയോട് സൗഹൃദപ്പെടാന്‍ താത്പര്യമില്ലെന്ന് സുധാകരന്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി തന്നെ നോക്കി ചിരിക്കുന്നു, താനിത്രയൊക്കെ പറഞ്ഞിട്ടും ഉളുപ്പുണ്ടോയെന്ന് അടുത്തിടെ കെ സുധാകരന്റെ പറഞ്ഞത് മലയാളികളെ ആകെ ഞെട്ടിച്ചിരുന്നു. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം ആരും പ്രതീക്ഷിച്ചില്ല. വിമാനയാത്രയ്ക്കിടെ കണ്ടുമുട്ടിയപ്പോള്‍ മുഖ്യമന്ത്രി ചിരിച്ചതിന് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ മാത്രം സുധാകരനെ പ്രേരിപ്പിക്കുന്നത് എന്തായരിക്കുമെന്ന് പലരും ചര്‍ച്ച ചെയ്യുകയും ചെയ്തു.

സുധാകരനും സിപിഎമ്മും തമ്മിലുള്ള കുടിപ്പക ആരംഭിച്ചത് എന്നുമുതലാണെന്ന് അന്വേഷിച്ചാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ണൂരില്‍ നിന്നുമാണെന്ന് കാണാന്‍ കഴിയും. കണ്ണൂരിലെ രാഷ്ട്രീയക്കളരിയില്‍ കൊണ്ടും കൊടുത്തും ഒരു കാലയളവില്‍ വളര്‍ന്നു വന്നവരാണ് സുധാകരനും പിണറായിയും. കോളേജ് പഠനകാലത്ത് തന്നെ സുധാകരനും പിണറായിയും എതിര്‍ ചേരിയില്‍ പോരാട്ടം തുടങ്ങിയിരുന്നു.

അക്കാലത്തൊരിക്കല്‍ പിണറായിയെ താന്‍ ചവിട്ടിവീഴ്ത്തിയെന്ന് സുധാകരന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ഥി രാഷ്ട്രീയവുമായെത്തിയ പിണറായിയെ ആക്രമിച്ചു എന്നായിരുന്നു സുധാകരന്റെ വീമ്പുപറച്ചില്‍. എന്നാല്‍, താനങ്ങിനെ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സുധാകരന്‍ പിന്നീട് തിരുത്തി.

സുധാകരന്റേതായി വാരികയില്‍ വന്ന വാക്കുകള്‍ ഇങ്ങനെയായിരുന്നു,

ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐ സമരം പൊളിക്കാന്‍ കെഎസ്‌യു തീരുമാനിച്ചു. എ.കെ.ബാലന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐക്കാരെ തല്ലിയോടിച്ചു. പരീക്ഷ എഴുതുകയായിരുന്ന പിണറായി വിജയന്‍ വിവരമറിഞ്ഞു കോണിപ്പടി കയറിവന്നു. നീയാരാടാ ധാരാ സിങ്ങോ എന്നു ചോദിച്ചു. കളരിയൊക്കെ പഠിച്ചിരുന്ന ഞാന്‍ ആര്‍ത്തുവിളിച്ച് പിണറായിയെ ഒറ്റച്ചവിട്ടു കൊടുത്തു. വീണുപോയ പിണറായിയെ എന്റെ പിള്ളേര്‍ വളഞ്ഞിട്ടുതല്ലി. പൊലീസ് വണ്ടി വന്നാണ് വിജയനെ എടുത്തുകൊണ്ടു പോയത്.

മറ്റൊരിക്കല്‍, ഫ്രാന്‍സിസ് എന്ന കെ എസ് യു പ്രവര്‍ത്തകന്‍, കോളജ് വളപ്പില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായി വിജയനെ മൈക്കെടുത്ത് ഒറ്റയടി. ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കില്‍ പിണറായിയുടെ തല പിളര്‍ന്നുപോകുമായിരുന്നു. അന്നു കത്തിയുമായിട്ടാണു ഫ്രാന്‍സിസിന്റെ നടപ്പ്.

ഇതിന് മറുപടിയെന്നോളം പിണറായിയും സുധാകരനെതിരെ രംഗത്തെത്തി. തന്റെ മക്കളെ സുധാകരന്‍ തട്ടിക്കൊണ്ടുപോകാന്‍ ഒരുങ്ങിയെന്ന വിവരം തനിക്ക് സുധാകരന്റെ വിശ്വസ്തനില്‍ നിന്നും ലഭിച്ചിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രവുമല്ല ബ്രണ്ണനില്‍ സുധാകരന്‍ തന്നെ ചവിട്ടി വീഴ്ത്തിയിട്ടില്ലെന്നു പറഞ്ഞ പിണറായി സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

അന്നത്തെ സംഭവത്തെക്കുറിച്ച് പിണറായിയുടെതന്നെ വാക്കുകള്‍,

അന്നു കെഎസ്എഫ് സംസ്ഥാന ഭാരവാഹിയാണു ബ്രണ്ണനിലെത്തിയത്. കോളജ് വിട്ടിരുന്ന എനിക്ക് അന്നു പരീക്ഷയുണ്ടായിരുന്നു. അവിടെ പോയെങ്കിലും ക്ലാസ് ബഹിഷ്‌കരണം ആഹ്വാനം ചെയ്ത ദിവസമായിരുന്നതിനാല്‍ എഴുതേണ്ടെന്നു തീരുമാനിച്ചു. ഇതിനിടെ കെഎസ്എഫ് കെഎസ്‌യു സംഘര്‍ഷമുണ്ടായി. സുധാകരന്‍ ആ കൂട്ടത്തിലുണ്ട്. അയാളെ മുന്‍പ് അറിയില്ല. കോളജ് വിട്ട ആളെന്ന നിലയ്ക്ക് തിരിച്ചു ചെല്ലുമ്പോള്‍ എനിക്കു പരിമിതിയുണ്ട്. പക്ഷേ സംഗതി കൈവിട്ടു പോകുന്നു.

സംഘര്‍ഷം മൂര്‍ച്ഛിച്ചപ്പോള്‍ ഈ ചെറുപ്പക്കാരനു നേരെ ഞാന്‍ പ്രത്യേക രീതിയിലൊരു ആക്ഷന്‍ എടുത്തു. തല്ലിയില്ല, തൊട്ടില്ല. പകരം എന്റെ കൈ രണ്ടും ശക്തമായി കൂട്ടിയിടിച്ചു. ഒരു സംഘര്‍ഷ സ്ഥലത്ത് ഉണ്ടാവുന്ന ശബ്ദമാണെന്നോര്‍ക്കണം. സ്വാഭാവികമായി അതിന്റെ പിന്നാലെയുള്ള ചില വാക്കുകളും വന്നു. ഈ വിദ്യാര്‍ഥി നേതാവിന്റെ ഗുരുവും എന്റെ സുഹൃത്തുമായ ബാലന്‍ 'അയ്യോ വിജയാ, ഒന്നും ചെയ്യല്ലേ' എന്നുപറഞ്ഞ് എന്നെ പിടിച്ചു. 'പിടിച്ചുകൊണ്ടു പോടാ, ആരാ ഇവന്‍' എന്നു ഞാന്‍ ചോദിച്ചു. അവിടെ ഉണ്ടായിരുന്നവര്‍ ഈ ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടു പോയി. ബാക്കിയെല്ലാം സുധാകരന്റെ മനസ്സിന്റെ കണക്കുകൂട്ടലാണ്, എന്റെ ശരീരത്തില്‍ തൊടണമെന്നു ആഗ്രഹിക്കുന്ന പലരും അവിടെയുണ്ടായിട്ടുണ്ടാവും. ആരും അടുത്തേക്കു വന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ രീതിയില്‍ സുധാകരനും പിണറായിയും തമ്മില്‍ കൊണ്ടും കൊടുത്തുമാണ് ഇപ്പോഴും മുന്നോട്ടു പോകുന്നത്. കേവലം ഒരു സംഭവം മാത്രമല്ല, കണ്ണൂരിലെ തിളയ്ക്കുന്ന രാഷ്ട്രീയത്തില്‍ കൊമ്പുകോര്‍ത്ത് നേതാക്കളായവരാണ് ഇരുവരും. പിന്നീടും എത്രയോ സംഭവങ്ങളില്‍ സുധാകരനും സിപിഎമ്മും ഏറ്റുമുട്ടിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴും പൊതുവേദിയില്‍ പോലും രണ്ട് നേതാക്കളും അകന്നിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ യോഗത്തില്‍ ഒരിക്കല്‍ക്കൂടി പരസ്പരം മിണ്ടാതെ കടന്നുപോകുമ്പോള്‍ സുധാകരനും പിണറായിയും തമ്മിലുള്ള ശത്രുത കാലത്തിന് പോലും മായ്ക്കാന്‍ കഴിയാത്തതാണെന്ന് രാഷ്ട്രീയ കേരളം തിരിച്ചറിയുന്നു.

 

Tags