നേഹ ബോറ, രാജ്യമെങ്ങും യുവാക്കളുടെ പ്രചോദനമായി മാറിയ ഒരു പെണ്‍കുട്ടി, സൈനിക കുടുംബ പശ്ചാത്തലത്തില്‍ നിന്നും ബിജെപിയെ വിറപ്പിക്കുന്ന നേതാവായി മാറിയതിങ്ങനെ
കുടുംബത്തിന്റെ രാഷ്ട്രീയ നിലപാട് അവരുടേതില്‍ നിന്ന് വ്യത്യസ്തമാണ്. പല അഭിമുഖങ്ങളിലും അവര്‍ കുടുംബം ബിജെപി അനുകൂലികളാണെന്നും അതിനാല്‍ വീട്ടില്‍ ആശയപരമായ അഭിപ്രായഭേദങ്ങള്‍ ഉണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവജനങ്ങളുടെ അസംതൃപ്തിയും പ്രതിഷേധവും ഏറ്റവും ശക്തമായി പ്രകടമായ സമയത്ത് ദേശീയ തലത്തില്‍ ശ്രദ്ധേയയാവുകയാണ് അഖിലേന്ത്യാ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (AISA) ദേശീയ പ്രസിഡന്റായ നേഹ ബോറ.
സിജെപിക്ക് ഒപ്പം ചേര്‍ന്ന് വിദ്യാഭ്യാസ രംഗത്തെ അനീതികള്‍ക്കും തിരഞ്ഞെടുപ്പ് സംവിധാനത്തിലെ ആരോപണങ്ങള്‍ക്കും എതിരെയുള്ള പ്രതിഷേധങ്ങളില്‍ മുന്‍നിരയില്‍ നേഹയുണ്ട്. പോലീസിനെ ചെറുത്തുനിന്നും, ദീര്‍ഘനാളത്തെ നിരാഹാര സമരവും അവരെ യുവതലമുറയുടെ ഒരു ഐക്കണാക്കി മാറ്റി.
ഉത്തരാഖണ്ഡിലെ ഖാതിമയാണ് നേഹയുടെ ജന്മദേശം. പിതാവ് ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിരുന്നതിനാല്‍ കുടുംബം പല നഗരങ്ങളിലും സംസ്ഥാനങ്ങളിലും മാറി താമസിച്ചു. വീട്ടമ്മയാണ് അമ്മ. ബംഗാളിലെ സിലിഗുരി ഉള്‍പ്പെടെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ചാരു മജുംദാര്‍, പാബ്ലോ നെരൂദ, അരുന്ധതി റോയ് തുടങ്ങിയവരുടെ രചനകള്‍ അവരെ സ്വാധീനിച്ചു.
കുടുംബത്തിന്റെ രാഷ്ട്രീയ നിലപാട് അവരുടേതില്‍ നിന്ന് വ്യത്യസ്തമാണ്. പല അഭിമുഖങ്ങളിലും അവര്‍ കുടുംബം ബിജെപി അനുകൂലികളാണെന്നും അതിനാല്‍ വീട്ടില്‍ ആശയപരമായ അഭിപ്രായഭേദങ്ങള്‍ ഉണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഈ വ്യത്യാസങ്ങള്‍ക്കിടയിലും സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മനോഭാവം നേഹയുടെ പൊതുജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഹിന്ദു കോളേജില്‍ നിന്ന് നേഹ സോഷ്യോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ഡല്‍ഹിയില്‍ നിന്ന് പെര്‍ഫോമന്‍സ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും. ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് എസ്‌തെറ്റിക്‌സില്‍ തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് സ്റ്റഡീസില്‍ പിഎച്ച്ഡി ചെയ്തുവരികയാണ്.
നാടകവും അക്കാദമിക്‌സും അവരുടെ ജീവിതത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി കാലത്ത് സ്ട്രീറ്റ് തിയേറ്റര്‍ ഗ്രൂപ്പായ സംവാരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ അനുഭവം സാമൂഹിക രാഷ്ട്രീയ വിഷയങ്ങളോടുള്ള അവരുടെ സമീപനത്തെ രൂപപ്പെടുത്തി.
2018 മുതല്‍ കാമ്പസ് പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു നേഹ. 2019-20ലെ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. പിന്നീട് ഐസയില്‍ ചേര്‍ന്ന് ദേശീയ പ്രസിഡന്റ് പദവിവരെയെത്തി. സിപിഐ(എംഎല്‍) ലിബറേഷനുമായി ബന്ധപ്പെട്ട ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയാണ് ഐസ.
2026-ല്‍ അവര്‍ ദേശീയ ശ്രദ്ധ നേടിയത് പ്രധാനമായും രണ്ട് സന്ദര്‍ഭങ്ങളിലൂടെയാണ്. ഒന്ന്, മത്സര പരീക്ഷകളിലെ ചോര്‍ച്ചകളും വിദ്യാഭ്യാസ നയങ്ങളുമായി ബന്ധപ്പെട്ട് ജന്തര്‍ മന്തറില്‍ നടത്തിയ 23 ദിവസത്തെ നിരാഹാര സമരം. ഇത് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ചു. രണ്ടാമത്തേത്, വോട്ടര്‍ പട്ടിക തിരുത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള ജെന്‍സീ പ്രതിഷേധങ്ങളും.
നേഹയുടെ പ്രവര്‍ത്തനം രാജ്യമെങ്ങുമുള്ള യുവാക്കളുടെ അസംതൃപ്തിയെ തുറന്നുകാട്ടുന്നതാണ്. വിദ്യാഭ്യാസ സംവിധാനത്തിലെ അപാകതകള്‍, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, ജനാധിപത്യ സ്ഥാപനങ്ങളോടുള്ള വിശ്വാസക്കുറവ് തുടങ്ങിയവ രാജ്യതലസ്ഥാനത്തെ പ്രതിഷേധം പ്രതിഫലിപ്പിക്കുന്നു. അക്കാദമിക് പശ്ചാത്തലവും നാടകാനുഭവവും അവരെ വ്യക്തമായും ആത്മവിശ്വാസത്തോടെയും പ്രവര്‍ത്തിക്കാനും സംസാരിക്കാനും സഹായിച്ചു.
ഒരു സൈനിക കുടുംബത്തില്‍ നിന്ന് വന്ന്, വീട്ടിലെ ആശയപരമായ വ്യത്യാസങ്ങള്‍ക്കിടയിലും സ്വന്തം പാത തിരഞ്ഞെടുത്ത്, അക്കാദമിക് ഗവേഷണത്തോടൊപ്പം തെരുവ് പ്രതിഷേധങ്ങളിലും സജീവമായി നില്‍ക്കുന്ന നേഹ ബോറ, യുവാക്കളുടെ മാതൃകയായി മാറിക്കഴഞ്ഞു.
.jpg)


