സമരം നടത്തുന്നത് കമ്പനി പൂട്ടിക്കാനല്ല, 12 മണിക്കൂര്‍ ജോലി ചെയ്ത് 9,000 രൂപകൊണ്ട് എങ്ങിനെ ജീവിക്കും, അടിസ്ഥാന ശമ്പളം അവകാശമാണ്, തൊഴിലാളികള്‍ നോക്കിയിരിക്കില്ലെന്ന് മുന്നറിയിപ്പ്
തൊഴിലാളി സമരം കമ്പനി പൂട്ടിക്കാനല്ല അടിസ്ഥാന ശമ്പളത്തിനു വേണ്ടിയാണ്. മിനിമം വേതനം പോലും ലഭിക്കാതെയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരത്തെക്കുറിച്ച് വ്യക്തതവരുത്തി സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. തൊഴിലാളി സമരം കമ്പനി പൂട്ടിക്കാനല്ല അടിസ്ഥാന ശമ്പളത്തിനു വേണ്ടിയാണ്. മിനിമം വേതനം പോലും ലഭിക്കാതെയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
വി ഗാര്‍ഡിന്റെ രുദ്രാപൂര്‍ ഫാക്ടറിയിലെ തൊഴിലാളികളുടെ പണിമുടക്കാണ് ഒരു പ്രധാന വാര്‍ത്ത. മൂവായിരം തൊഴിലാളികളുണ്ട് മഹാഭൂരിപക്ഷവും കോണ്‍ട്രാക്ട് തൊഴിലാളികളാണ്, അതും സ്ത്രീകള്‍. 9,000 രൂപയാണ് മാസ ശമ്പളം. 9 - 12 മണിക്കൂര്‍ വരെ ഒരുദിവസം പ്രവര്‍ത്തിസമയം നീളും. പക്ഷേ ഓവര്‍ ടൈമിന് ഇരട്ടിവേതനം ഇല്ല. 2011 ല്‍ മിനിമം വേതനം പരിഷ്‌കരിക്കേണ്ടതായിരുന്നു എന്നാല്‍ ഇതുവരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതിനു തയ്യാറായിട്ടില്ല. സഹികെട്ട് ഏപ്രില്‍ 24-ന് തൊഴിലാളികള്‍ പണിമുടക്കി.
ഫാക്ടറി ഗേറ്റില്‍ ധര്‍ണ്ണയിരുന്ന തൊഴിലാളികളെ പോലീസ് തല്ലി ഓടിച്ചു. പലരെയും ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ആംബുലന്‍സ് വരേണ്ടി വന്നു. ഫാക്ടറിയുടെ 500 മീറ്ററിനുള്ളില്‍ കുത്തിയിരുപ്പ് സമരത്തിന് നിരോധനവും ഏര്‍പ്പെടുത്തി. അവസാനം തൊഴിലാളികള്‍ക്ക് സമരപന്തല്‍ ഗാന്ധി പാര്‍ക്കിലേക്ക് മാറ്റേണ്ടി വന്നു.
അവരെ കാണുവാന്‍ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീമിന്റെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ രുദ്രാപ്പൂരില്‍ എത്തി. ഇതുവരെ അധികൃതര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഇപ്പോഴും ജയിലില്‍. കളക്ടറെ കാണുവാന്‍ പ്രതിനിധി സംഘം ചെന്നു. അനുമതി നല്‍കിയിരുന്നെങ്കിലും പ്രതിനിധി സംഘത്തെ കാണുവാന്‍ കൂട്ടാക്കാതെ കളക്ടര്‍ ചേമ്പറില്‍ നിന്ന് ഇറങ്ങിപ്പോയി. കണ്ടിട്ടേ ചേംബര്‍ വിടൂ എന്നായി കരീം. വേണമെങ്കില്‍ അറസ്റ്റ് ചെയ്തു നീക്കം ചെയ്‌തോളു.
എസ്പി എത്തി. അറസ്റ്റ് ചെയ്യപ്പെട്ട തൊഴിലാളികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാം എന്ന് സമ്മതിച്ചു. നാളെ തന്നെ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വിളിക്കാം എന്നും ഉറപ്പ് നല്‍കി. അങ്ങിനെ കളക്ട്രേറ്റ് സമരം അവസാനിപ്പിച്ചു.
ഇപ്പോള്‍ ഈ പോസ്റ്റ് ഇടുവാന്‍ കാരണം സിഐടിയു നേതാക്കളെ അധിക്ഷേപിച്ചുകൊണ്ട് ചില കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ പോസ്റ്റുകള്‍ കണ്ടതുകൊണ്ടാണ്. ''വി ഗാര്‍ഡിനെ കേരളത്തില്‍ നിന്ന് ഓടിച്ചവര്‍ സമരം ചെയ്യാന്‍ ഉത്തരാഖണ്ഡിലും ചെന്നിരിക്കുന്നു'' എന്നാണ് ആക്ഷേപം.
നാം കണ്ടതുപോലെ സമരം പുറത്തുനിന്നുള്ള ആരുടേയും കുത്തിത്തിരിപ്പുകൊണ്ടല്ല. സഹികെട്ട് തൊഴിലാളികള്‍ സ്വയം ഇറങ്ങിയതാണ്. സമരം വി ഗാര്‍ഡില്‍ മാത്രമല്ല. പന്തിനഗര്‍ വ്യവസായ മേഖലയില്‍ ഇപ്പോള്‍ 12 ഫാക്ടറികള്‍ കോണ്‍ട്രാക്ട് തൊഴിലാളികള്‍ സമരത്തിലാണ്. കഴിഞ്ഞ നാല് മാസമായി കോണ്‍ട്രാക്ട് തൊഴിലാളികളുടെ സമരവേലിയേറ്റമാണ് ഇന്ത്യയില്‍. അതില്‍ വി ഗാര്‍ഡ് തൊഴിലാളികളും പങ്കുചേര്‍ന്നു. അടിച്ചമര്‍ത്താന്‍ നോക്കിയപ്പോള്‍ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ചെന്നതാണ് കരീം.
കേരളത്തില്‍ നിന്ന് വി ഗാര്‍ഡിനെ ആരും ഓടിച്ചതല്ല. കേരളത്തിനേക്കാള്‍ താഴ്ന്ന കൂലിക്ക് വടക്കേ ഇന്ത്യയില്‍ ജോലിക്ക് ആളെ കിട്ടും എന്നുള്ളതുകൊണ്ട് പോയതാണ്. അത് തികച്ചും ന്യായം. പക്ഷെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ പട്ടിണിക്കൂലിക്ക് എല്ലാക്കാലവും അടിമവേല ചെയ്തുതരും എന്ന് തെറ്റിദ്ധരിച്ചെങ്കില്‍ അത് അന്യായം.
കാലം മാറുകയാണ്. വര്‍ധിച്ച കൂലിക്ക് വ്യവസായം മുതലാവില്ലെങ്കില്‍ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുവാനുള്ള പുതിയ സാങ്കേതികവിദ്യ കൊണ്ടുവരണം. അതാണ് ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നടന്നിട്ടുള്ളത്. പക്ഷെ എന്റെ സംശയം ഇതാണ് ഒരു രൂപ മുഖവില ഉള്ള ഷെയറിന് കഴിഞ്ഞ വര്‍ഷം ഒന്നര രൂപ ഡിവിഡന്റ് നല്‍കിയ കമ്പനിക്ക് മിനിമം കൂലിയെങ്കിലും നല്‍കാനുള്ള കഴിവില്ലേ?
ലേബര്‍ കോഡിലൂടെ ഇന്ത്യയിലെ തൊഴിലാളികളെ എല്ലാം കോണ്‍ട്രാക്ട് തൊഴിലാളികളായി മാറ്റിക്കൊണ്ടിരിക്കുകയാണ്. കമ്പനി ഉടമസ്ഥന് തൊഴിലാളിയുമായി യാതൊരു ബന്ധവുമില്ല. സമരം ചെയ്യുന്ന വി ഗാര്‍ഡ് തൊഴിലാളികളുടെ ഐഡന്റിറ്റി കാര്‍ഡില്‍ കമ്പനിയുടെ പേരുപോലും ഇല്ല. ഇത്തരം ഒരു അരക്ഷിതാവസ്ഥ ഇന്ത്യയിലെ തൊഴിലാളികള്‍ അനുവദിച്ചു തരാന്‍ പോവുന്നില്ല. അതിന്റെ കേളികൊട്ടാണ് നോയിഡയില്‍ അടക്കം നടന്ന കോണ്‍ട്രാക്ട് തൊഴിലാളികളുടെ സമരങ്ങള്‍.
.
.jpg)

