ഐപിഎല്ലില്‍ ടീമുകള്‍ തഴഞ്ഞതോടെ പാകിസ്ഥാനില്‍ കളിക്കാന്‍ പോയി, സ്റ്റീവ് സ്മിത്ത് ഒരു ദിവസംകൊണ്ട് സമ്പാദിച്ചത് 9 കോടി രൂപ, 75 ലക്ഷം രൂപ 85 കോടി രൂപയായ മാജിക്

Steve Smith

ലിസ്റ്റിങ് ദിവസം ഒറ്റയടിക്ക് 11.7 ശതമാനം ഓഹരിവില ഉയര്‍ന്നു. സ്മിത്തിന്റെ ആകെ ഓഹരികളുടെ മൂല്യം ഏകദേശം 11.9 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ആയി ഉയര്‍ന്നു.

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിനെ ഐപിഎല്‍ 2026 ലേലത്തില്‍ ഒരു ടീമും വാങ്ങിയിരുന്നില്ല. ഇതോടെ പാകിസ്താന്‍ സൂപ്പര്‍ ലീഗിലേക്ക് (പിഎസ്എല്‍) തിരിഞ്ഞു. എന്നാല്‍ ക്രിക്കറ്റ് മൈതാനത്തല്ല, ബിസിനസ് നിക്ഷേപത്തിലൂടെ സ്മിത്ത് വലിയ ലാഭം നേടിയിരിക്കുകയാണ്.

2015-ല്‍ സ്മിത്ത് ഓസ്‌ട്രേലിയന്‍ ഓണ്‍ലൈന്‍ ബെഡ്ഡിങ്, ഫര്‍ണിച്ചര്‍ റീട്ടെയിലര്‍ കമ്പനിയായ കോലയില്‍ 1,00,000 ഡോളര്‍ (ഏകദേശം 75 ലക്ഷം രൂപ) നിക്ഷേപിച്ച് 10 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. കമ്പനി ഈയിടെ ഓസ്‌ട്രേലിയന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഓഹരി വില കുതിച്ചുയര്‍ന്നു.

ലിസ്റ്റിങ് ദിവസം ഒറ്റയടിക്ക് 11.7 ശതമാനം ഓഹരിവില ഉയര്‍ന്നു. സ്മിത്തിന്റെ ആകെ ഓഹരികളുടെ മൂല്യം ഏകദേശം 11.9 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ആയി ഉയര്‍ന്നു (ഏകദേശം 85.1 കോടി രൂപ). ലിസ്റ്റ് ചെയ്യും മുന്‍പ് 76.7 കോടി രൂപയായിരുന്നു മൂല്യം. ഒറ്റ ദിവസം കൊണ്ട് 9 കോടിയോളം രൂപയുടെ വര്‍ദ്ധനവ്.

നിലവില്‍ സ്മിത്ത് പിഎസ്എല്‍ 2026 സീസണില്‍ മള്‍ട്ടാന്‍ സുല്‍ത്താന്‍സ് ടീമിനായി കളിക്കുകയാണ്. ഐപിഎല്ലില്‍ അവഗണിക്കപ്പെട്ട അദ്ദേഹം പിഎസ്എല്ലില്‍ ഉയര്‍ന്ന പ്രതിഫലം നേടിയിരുന്നു.

ക്രിക്കറ്റ് കരിയറിനൊപ്പം ബുദ്ധിപൂര്‍വമായ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ മികച്ച ഉദാഹരണമായി സ്റ്റീവ് സ്മിത്തിന്റെ ഈ വിജയം മാറിയിരിക്കുകയാണ്. ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല, ബിസിനസ് ലോകത്തും തന്റെ മിടുക്ക് തെളിയിക്കുകയാണ് ഓസീസ് ബാറ്റിങ് ഇതിഹാസം. 
 

Tags