സി.പി.എം എ.ഡി.എമ്മിൻ്റെ കുടുംബത്തോടൊപ്പമെന്ന് സംസ്ഥാന സെക്രട്ടറി, അല്ലെന്ന് തെളിയിച്ച് ചിലർ
എന്നാൽ പാർട്ടി ദിവ്യയോടൊപ്പമാണ് എന്നത് തീർച്ചപ്പെടുത്തുന്നതാണ് തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിൻ്റെ വസതിക്കു മുന്നിൽ ദിവ്യയെ കാത്തു നിന്ന പാർട്ടിക്കാരുടെ നീണ്ട നിര.
തളിപ്പറമ്പ്: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണക്കാരിയെന്ന നിലയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയെ സംരക്ഷിക്കില്ലെന്ന് അടിവരയിട്ടു പറയുന്നതു പോലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പാർട്ടി എ.ഡി.എമ്മിൻ്റെ കുടുംബത്തോടൊപ്പമാണെന്ന് ആവർത്തിച്ചു വ്യക്തമാക്കിയത്.
പറയുന്നത് പാർട്ടിയാണെന്നും അക്കാര്യത്തിൽ നല്ല വ്യക്തതയുണ്ടെന്നും ഇനി മറ്റാരെങ്കിലും അക്കാര്യത്തിൽ അഭിപ്രായം പറഞ്ഞല്ലോയെന്ന് പറഞ്ഞ് ആരും ചോദിക്കാൻ വരേണ്ടെന്ന് ദിവ്യയെ പിന്തുണച്ച ഡി.വൈ.എഫ്.ഐക്ക് താക്കീതെന്ന രീതിയിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടി ദിവ്യയോടൊപ്പമാണ് എന്നത് തീർച്ചപ്പെടുത്തുന്നതാണ് തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിൻ്റെ വസതിക്കു മുന്നിൽ ദിവ്യയെ കാത്തു നിന്ന പാർട്ടിക്കാരുടെ നീണ്ട നിര.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷയും പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി പരിഗണിക്കുകയും ചെയ്യുന്ന അഡ്വ. കെ.കെ രത്നകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി ബിജു, തളിപ്പറമ്പ് നഗരസഭ പ്രതിപക്ഷ നേതാവ് ഒ. സുഭാഗ്യം, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. ലത, തളിപ്പറമ്പിലെ നിരവധി സി.പി.എം പ്രവർത്തകരും നേരത്തേ തന്നെ എത്തിയിരുന്നു.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ബിനോയ് കുര്യൻ. പാർട്ടി പരസ്യമായി പി പി ദിവ്യയെ തള്ളുമ്പോഴും രഹസ്യമായി പി പി ദിവ്യക്ക് പിന്തുണ നൽകുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. ബിനോയ് കുര്യനും അഡ്വ. കെ.കെ രത്നകുമാരിയും ദിവ്യയുടെ അഭിഭാഷകൻ അഡ്വ. വിശ്വനോടൊപ്പം മജിസ്ട്രേറ്റിൻ്റെ വസതിക്കു സമീപമെത്തുകയും ദിവ്യയെ കാണുകയും ചെയ്തു.
കുറ്റക്കാരെ സംരക്ഷിക്കില്ലയെന്ന് പറയുമ്പോഴും, കുറ്റക്കാരിയെന്ന് വിധിച്ചില്ലെങ്കിലും സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്നവർക്ക് എല്ലാ പിന്തുണയും നൽകുന്നത് പിന്തിരിപ്പൻ നയമാണെന്ന വിമർശനമുയരുകയാണ്.
എ.ഡി.എമ്മിൻ്റെ കുടുംബത്തോടൊപ്പമാണ് പാർട്ടിയെന്ന് പറയുതയും ദിവ്യയോടൊപ്പമാണെന്ന് പ്രവർത്തിയിലൂടെ തെളിയിക്കുകയുമാണ് സി.പി.എം ചെയ്യുന്നതെന്നാണ് വിമർശനം. അതോടൊപ്പം നേതൃത്വം പറയുന്നതിനെതിരെ താഴെ തട്ടിലുള്ളവരുടെ പ്രവർത്തി മറ്റൊരു ചർച്ചയ്ക്കും വഴി വയ്ക്കുകയാണ്.