ഇത്ര ചീപ്പായിരുന്നോ ഗംഭീര്‍, മുന്‍ ഇന്ത്യന്‍ താരത്തിനെതിരെ ശ്രീശാന്തിന്റെ ഭാര്യ

sreesanth wife
sreesanth wife

സൂറത്ത്: മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ മലയാളി ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് മത്സരത്തിനിടയില്‍ ശ്രീശാന്തിനെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഭുവനേശ്വരി പ്രതികരണവുമായെത്തിയത്. ഗുജറാത്ത് ജയന്റ്‌സും ഇന്ത്യ ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെ ശ്രീശാന്തും ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയില്‍നിന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെന്നാണ് ഭുവനേശ്വരി പ്രതികരിച്ചത്.  ഗൗതം ഗംഭീറുമായുള്ള പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിലിട്ട വിഡിയോയ്ക്കു താഴെയായിരുന്നു ഭുവനേശ്വരി പ്രതികരണം.

മത്സരത്തിനിടെ ഗംഭീര്‍ ശ്രീശാന്തിനെതിരെ ബൗണ്ടറി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കൊമ്പുകോര്‍ത്തത്. വാക്തര്‍ക്കത്തിനിടെ ഗംഭീര്‍ തന്നെ ഒത്തുകളിക്കാരന്‍ എന്നര്‍ത്ഥമുള്ള ഫിക്‌സര്‍ എന്ന് വിളിച്ചതായി ശ്രീശാന്ത് ആരോപിക്കുന്നു. ആളുകള്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴും എന്നെ ഫിക്‌സര്‍, ഫിക്‌സര്‍ എന്ന് വിളിച്ചു. ക്രിക്കറ്റില്‍ ലഭിച്ച അവസരങ്ങള്‍ക്കെല്ലാം നന്ദിയുണ്ട്. കേരളത്തില്‍നിന്നുള്ള ഒരു സാധാരണക്കാരനായ എനിക്ക് രണ്ടു ലോകകപ്പുകള്‍ വിജയിക്കാന്‍ സാധിച്ചതു ഭാഗ്യമാണ്. ദൈവത്തിനു നന്ദിയെന്നും ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു.

ഗുജറാത്ത് ജയന്റ്‌സിനായി ഇക്കുറി മികച്ച പ്രകടനമാണ് ശ്രീശാന്ത് നടത്തുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ക്യാപിറ്റല്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ഏഴു വിക്കറ്റിന് 211 റണ്‍സെടുക്കാനേ ഗുജറാത്തിനു സാധിച്ചുള്ളൂ. മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞ ശ്രീശാന്ത് 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

Tags