ആര്‍എസ്എസ് പിന്തുണയില്‍ അഭിമാനമോ? ഷാനിമോള്‍ക്ക് മുസ്ലീം വംശഹത്യ ഓര്‍മയില്ലേ? വൈറലായി തുറന്ന കത്ത്

ആര്‍എസ്എസ് പിന്തുണയില്‍ അഭിമാനമോ? ഷാനിമോള്‍ക്ക് മുസ്ലീം വംശഹത്യ ഓര്‍മയില്ലേ? വൈറലായി തുറന്ന കത്ത്

ആലപ്പുഴ: കോണ്‍ഗ്രസ് എംഎല്‍എയും അരൂരിലെ സ്ഥാനാര്‍ഥിയുമായ ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട ഒരു തുറന്ന കത്ത് വൈറലാകുന്നു. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് തലയില്‍ കൈവെച്ച് അനുഗ്രിക്കുന്ന വീഡിയോ ഷാനിമോള്‍ ഉസ്മാന്‍ പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കരയാണ് ഷാനിമോള്‍ക്ക് തുറന്ന കത്തെഴുതിയത്.

ശ്രീജ നെയ്യാറ്റിന്‍കരയുടെ കത്തിന്റെ പൂർണ രൂപം

ശ്രീമതി ഷാനിമോള്‍ ഉസ്മാന്‍,

ഞാന്‍ താങ്കളുടെ ഒരു പ്രചാരണ വീഡിയോ കണ്ടതിന്റെ വേദനയില്‍ നിന്നാണ് ഇങ്ങനൊരു തുറന്ന കത്തെഴുതാന്‍ തീരുമാനിച്ചത്… താങ്കളുടെ തലയില്‍ കൈവച്ചനുഗ്രഹിച്ച് താങ്കള്‍ക്ക് വിജയാശംസ നേരുന്ന ഒരു മുതിര്‍ന്ന ആര്‍ എസ് എസ് നേതാവിനെ വീഡിയോയില്‍ കണ്ടു… തുടര്‍ന്ന് ‘മുതിര്‍ന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പോലും തലയില്‍ കൈ വച്ച് ജയിച്ചു വരണം എന്ന് അനുഗ്രഹിക്കുമ്പോള്‍ ഈ നാട് എനിക്ക് തരുന്ന സ്‌നേഹവും പിന്തുണയും എത്രത്തോളമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു’ എന്ന താങ്കളുടെ ഫേസ് ബുക്ക് കുറിപ്പും കണ്ടു…

ശ്രീമതി ഷാനി മോള്‍, വംശഹത്യ പ്രത്യയ ശാസ്ത്രം പേറുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ താങ്കളുടെ തലയില്‍ കൈ വച്ചനുഗ്രഹിക്കുമ്പോള്‍ താങ്കള്‍ക്ക് അഭിമാനവും സന്തോഷവും തോന്നുന്നതിന്റെ അര്‍ത്ഥം എന്താണ്? ആ സംഭവം വീഡിയോയാക്കി പ്രചരിപ്പിക്കാന്‍ താങ്കള്‍ക്ക് കഴിയുന്ന രാഷ്ട്രീയത്തിന്റെ പേരെന്താണ്? താങ്കളുടെ തലയില്‍ കൈ വച്ച ആര്‍ എസ് എസുകാരന്റെ കൈവെള്ളയില്‍ പറ്റിയിരിക്കുന്നത് ആരുടെയൊക്കെ രക്തക്കറയാണെന്നറിയില്ലേ താങ്കള്‍ക്ക് ? ഇന്ത്യയിലെ ഓരോ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൈയ്യിലും പുരണ്ടിരിക്കുന്ന മുസ്ലിമിന്റെ ചോരയെ കുറിച്ച് മുസ്ലിം സ്വത്വം പേറുന്ന താങ്കള്‍ക്കറിയില്ല എന്നുണ്ടോ …?

ഷാനിമോള്‍, താങ്കളുടെ തലയില്‍ കൈ വച്ചനുഗ്രഹിച്ച വ്യക്തിയെ പ്രകീര്‍ത്തിക്കും മുന്‍പ് താങ്കളുടെ ഉള്ളില്‍ ഉണ്ടാകേണ്ട ചിത്രം ബല്‍ക്കീസ് ബാനുവിന്റേതായിരുന്നു അവളുടെ വയറില്‍ നിന്ന് ആര്‍ എസ് എസ് ശൂലമുനയില്‍ കോര്‍ത്തെടുത്ത പിടക്കുന്ന ഭ്രൂണത്തെ താങ്കള്‍ ഓര്‍ക്കണമായിരുന്നു …

കത്വയിലെ ആ വയലറ്റ് ഫ്രോക്കുകാരിയായ എട്ടു വയസുകാരിയെ താങ്കള്‍ ഓര്‍ക്കണമായിരുന്നു .. ആര്‍ എസ് എസ് മുന്നോട്ടു വയ്ക്കുന്ന മുസ്ലിം വേട്ട എന്ന രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആര്‍ എസ് എസ് കത്വയിലെ ആ പിഞ്ചു പെണ്‍കുട്ടിയോട് ചെയ്തത് താങ്കള്‍ ഓര്‍ക്കണമായിരുന്നു… കുതിരയെ പുല്ലു തീറ്റിക്കാന്‍ പോയ അവളെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കി ഒരിറ്റ് ദാഹജലം പോലും നല്‍കാതെ ആ പൊന്നോമന കുഞ്ഞിനെ ദിവസങ്ങളോളം അമ്പലത്തിനുള്ളിലിട്ടു ക്രൂരമായി പീഡിപ്പിച്ചു ഒടുവില്‍ അവസാന ശ്വാസത്തെ കല്ല് കൊണ്ട് തലയ്ക്കടിച്ചു ഇല്ലാതാക്കി കളഞ്ഞത് താങ്കള്‍ ഓര്‍ക്കണമായിരുന്നു …

അവളുടെ മാതാപിതാക്കള്‍ കരഞ്ഞു നിലവിളിച്ചു കൊണ്ട് മകളെ തേടി അലയുകയായിരുന്നത് താങ്കള്‍ ഓര്‍ക്കണമായിരുന്നു … ഒരു ആര്‍ എസ് എസുകാരന്റെ അനുഗ്രഹം വാങ്ങി ജനപ്രതിനിധിയാകാന്‍ പോകുമ്പോള്‍ ഷാനി മോള്‍ ഉസ്മാന്‍ എന്ന മുസ്ലിം സ്ത്രീക്ക് ആ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയ മാതാപിതാക്കളോട് പെറ്റ വയറിനോട് എന്ത് ന്യായീകരണമാണ് പറയുവാന്‍ ഉള്ളത്?

രാധികാ വെമുലയെ അറിയുമോ താങ്കള്‍? താങ്കളുടെ തലയില്‍ കൈവച്ചനുഗ്രഹിച്ചവന്റെ പ്രത്യയ ശാസ്ത്രം കാരണം സ്വപ്നങ്ങള്‍ സകലതും ത്യജിച്ചു ജീവന്‍ കളയേണ്ടി വന്ന രോഹിത് വെമുല എന്ന മകന്റെ പോരാളിയായ അമ്മയുടെ പേരാണ് രാധികാ വെമുല…

പെരുന്നാളുടുപ്പ് വാങ്ങാന്‍ പോയൊരു മകനെ കാത്തിരുന്ന ഉമ്മയെ അറിയാമോ ഷാനി മോള്‍ താങ്കള്‍ക്ക്….? ജുനൈദിന്റെ ഉമ്മയെ…? താങ്കളുടെ തലയില്‍ കൈവച്ചവന്റെ അതേ പ്രത്യയ ശാസ്ത്രം പേറുന്ന നരഭോജികള്‍ ട്രെയിനുള്ളില്‍ നിന്ന് വലിച്ചിറക്കി കുത്തിക്കൊന്നുകളഞ്ഞു ആ കൗമാരക്കാരനെ…? അവനെ പെറ്റ വയറിനോട് താങ്കള്‍ക്കെന്താണ് പറയാനുള്ളത്?

ഗോരഖ് പൂരിലെ ആശുപത്രിയില്‍ ബോധപൂര്‍വ്വം കൂട്ട ശിശുഹത്യ നടത്തിയ ഭരണകൂടത്തിന്റെ വക്താവാണ്. താങ്കളുടെ തലയില്‍ കൈവച്ചനുഗ്രഹിച്ചവന്‍… ശ്വാസം മുട്ടി മരിച്ച കുഞ്ഞുങ്ങളെ ഓര്‍ത്ത് ഹൃദയം പൊട്ടിക്കരയുന്ന പെറ്റ വയറുകളെ താങ്കള്‍ക്ക് ഓര്‍മ്മ ഉണ്ടായിരുന്നെങ്കില്‍ താങ്കള്‍ക്കൊരു ആര്‍ എസ് എസുകാരനെ പ്രകീര്‍ത്തിക്കാന്‍ കഴിയുമായിരുന്നോ??

കഴിഞ്ഞ 8 വര്‍ഷങ്ങളായി രാജ്യം മുഴുവന്‍ എന്റെ മകനെവിടെ എന്ന് കരഞ്ഞു നിലവിളിച്ചു അന്വേഷിച്ചു ഓടി നടക്കുന്ന പെറ്റ വയറിനെ താങ്കള്‍ക്ക് അറിയുമോ ? നജീബിന്റെ ഉമ്മ….? താങ്കളുടെ തലയില്‍ കൈ വച്ചനുഗ്രഹിച്ചവന്റെ പ്രസ്ഥാനം അപ്രത്യക്ഷമാക്കി കളഞ്ഞ നജീബിന് വേണ്ടി അലയുന്ന ആ പെറ്റ വയറിനു നല്‍കാന്‍ ഉത്തരം ഉണ്ടോ താങ്കള്‍ക്ക്?

ഇങ്ങു കേരളത്തില്‍ അങ്ങു വടക്ക് കാസര്‍ഗോട്ടൊരു പള്ളിയില്‍ ഉറങ്ങി കിടന്നൊരു ഉസ്താദിനെ കഷ്ണം കഷ്ണമായി വെട്ടി നുറുക്കിയത് താങ്കളെ അനുഗ്രഹിച്ചവന്റെ സഹപ്രവര്‍ത്തകരായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ ഉദരത്തിലൊരു കുഞ്ഞു ജീവന്‍ വളരുകയായിരുന്നു… പിതാവിന്റെ മുഖം പോലും കാണാന്‍ ആ കുഞ്ഞിനെ അനുവദിക്കാത്ത പ്രത്യയ ശാസ്ത്രത്തെ പുല്‍കുന്നവനാണ് താങ്കളുടെ തലയില്‍ കൈ വച്ചത്…

മലപ്പുറം കൊടിഞ്ഞിയിലെ ജമീല എന്ന പെറ്റ വയറിനെ അറിയുമോ താങ്കള്‍?.. ഫഹദ്, ഫായിസ്, ഫര്‍സാന ഫാത്തിമ എന്നീ മൂന്നു ബാല്യങ്ങളെ അറിയുമോ താങ്കള്‍ക്ക്?… ഫൈസല്‍ എന്നൊരു ചെറുപ്പക്കാരനെ പെറ്റ വയറാണ് ജമീല…. ഫൈസല്‍ ജന്മം നല്‍കിയ മക്കളാണ് ആ മൂന്നു കുരുന്നുകള്‍… പെറ്റ വയറിനു മകനേയും ഒരു സ്ത്രീക്ക് അവളുടെ പ്രിയപ്പെട്ടവനേയും മൂന്നു കുരുന്നുകള്‍ക്ക് പിതാവിനേയും നഷ്ടപ്പെടുത്തിയ പ്രത്യയ ശാസ്ത്രത്തിന്റെ അനുയായിയാണ് താങ്കളുടെ തലയില്‍ കൈ വച്ചത് …

നിരപരാധിയായ ഫൈസലെന്ന ചെറുപ്പക്കാരന്റെ മേല്‍ വെട്ടുകത്തി കൊണ്ട് മരണം വിധിച്ചത് സംഘ് പരിവാര്‍ ആണ് ആ പ്രസ്ഥാനത്തിന്റെ അനുയായിയാണ് താങ്കള്‍ക്ക് വിജയം നേര്‍ന്നത്…
താങ്കള്‍ക്കറിയുമോ കാസര്‍ഗോട്ടെ മൂന്നു വയസുകാരനായ ഫഹദിനെ.? കേരളത്തിലെ വിഷ സര്‍പ്പം ശശികലയുടെ പ്രസംഗം കേട്ടൊരു വര്‍ഗീയവാദി കൊന്നു തള്ളിയ മൂന്നു വയസ് മാത്രം പ്രായമുള്ള ഫഹദിനെ… ആര്‍ എസ് എസുകാരന്റെ അനുഗ്രഹം വാങ്ങിയ, അയാളെ പ്രകീര്‍ത്തിച്ച താങ്കള്‍ക്ക് അവനെ പെറ്റ വയറിനു മുന്നില്‍ ചെന്ന് നില്‍ക്കാനുള്ള ധൈര്യം ഉണ്ടോ?

എത്രയെത്ര പെറ്റ വയറുകളെ നിത്യമായ പുത്രദുഃഖത്തിലേക്കു വലിച്ചെറിഞ്ഞ സംഘ് പരിവാര്‍ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാണ് താങ്കളുടെ തലയില്‍ കൈ വച്ചതെന്ന് താങ്കള്‍ക്കറിയാഞ്ഞിട്ടല്ലല്ലോ…

താങ്കള്‍ ഒരു മുസ്ലിം സ്ത്രീ എന്ന നിലയില്‍ വിജയിക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍.. എന്നാല്‍ ആര്‍ എസ് എസിന്റെ അനുഗ്രഹവും ആയി താങ്കള്‍ കേരള നിയമസഭയില്‍ എത്താന്‍ പാടില്ലെന്ന് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നു ….

തെരഞ്ഞെടുപ്പ് പ്രചാരണ വഴിയില്‍ കണ്ടൊരുവന്‍ തലയില്‍ കൈ വച്ചനുഗ്രഹിച്ചു അതാരുമായിക്കോട്ടെ പക്ഷേ അയാള്‍ ആര്‍ എസ് എസുകാരനെന്ന് പറഞ്ഞിട്ടും ആ വീഡിയോ എടുത്ത് പ്രചരിപ്പിക്കാനും അയാളുടെ അനുഗ്രഹത്തെ പുകഴ്ത്താനും നിങ്ങളെ പ്രേരിപ്പിച്ച ഘടകം എന്താണ്? അതെന്തായാലും ഭയക്കണം…
യു ഡി എഫ് സ്ഥാനാര്‍ഥി ഷാനി മോള്‍ ഉസ്മാന് തലയില്‍ കൈ വച്ച് വിജയം ആശംസിക്കുന്ന മുതിര്‍ന്ന ആര്‍ എസ് എസുകാരന്‍…അതിനെ ആഘോഷിക്കുന്ന ഷാനി മോള്‍ ഉസ്മാനും യു ഡി എഫും..

എന്താണ് ഇതില്‍ നിന്നൊക്കെ സാമാന്യ ജനം മനസിലാക്കേണ്ടത്? അതും ഈ ഹിന്ദുത്വ കാലത്ത്.. ഷാനി മോള്‍ ഉസ്മാന്‍ താങ്കള്‍ ചെയ്തത് അങ്ങേയറ്റം തെറ്റാണ് എന്നോര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു…

ശ്രീജ നെയ്യാറ്റിന്‍കര

The post ആര്‍എസ്എസ് പിന്തുണയില്‍ അഭിമാനമോ? ഷാനിമോള്‍ക്ക് മുസ്ലീം വംശഹത്യ ഓര്‍മയില്ലേ? വൈറലായി തുറന്ന കത്ത് first appeared on Keralaonlinenews.

Tags