ആളും ആരവവും ഇല്ലാതെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ, ടൂറിസ്റ്റുകളുമില്ല, കോണ്‍ഗ്രസുകാരും കൈയ്യൊഴിഞ്ഞു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ആളൊഴുക്ക് ഇല്ലാതായി. തെരഞ്ഞെടുപ്പിന് മുന്‍പ് ദിവസവും നൂറുകണക്കിന് ആളുകളെത്തിയിരുന്ന ഇവിടെ ഇപ്പോള്‍ ആരുമെത്താറില്ലെന്ന് പറയുന്നു. ഒട്ടേറെയാളുകള്‍ നിവേദനവും മറ്റുമായി ദിനംപ്രതി കല്ലറ സന്ദര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുമായി ഏജന്‍സികളും എത്തിയിരുന്നു. ഏജന്‍സികള്‍ വഴി കേരളത്തിലെ പല ഭാഗത്തുനിന്നും ആളുകളുമെത്തി. ആറ്റിങ്ങലില്‍ നിന്നുമാണ് 50 പേരടങ്ങുന്ന ആദ്യ സംഘമെത്തിയത്. ഭക്ഷണവും യാത്രാചെലവും എല്ലാം ഉള്‍പ്പെടുന്നതാണ് പാക്കേജ്. ആറ്റിങ്ങലില്‍ നിന്നു രാമപുരം നാലമ്പല ദര്‍ശനത്തിന് പോയ സംഘവും ഇവിടെയെത്തി.
മലബാര്‍ ഇക്കോടൂറിസം സൊസൈറ്റിയും പ്രത്യേക ടൂര്‍ പാക്കേജിന്റെ പരസ്യം പുറത്തുവിട്ടിരുന്നു. പയ്യന്നൂരില്‍ നിന്നും പതുപ്പള്ളിയിലേക്കാണ് യാത്ര. എസി ബസ്, ഭക്ഷണം, താമസം എല്ലാം ഉള്‍പ്പെടുന്നതായിരുന്നു പാക്കേജ്. ഈ രീതിയില്‍ ദിവസവും ആളുകള്‍ എത്തിക്കൊണ്ടിരുന്ന കല്ലറ ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും അവഗണിച്ചിരിക്കുകയാണ്.
കല്ലറ സന്ദര്‍ശിച്ചവര്‍ക്ക് ലോട്ടറിയടിച്ചെന്നും അത്ഭുതപ്രവര്‍ത്തി നടക്കുന്നുണ്ടെന്നുമൊക്കെ വാര്‍ത്ത പരന്നതോടെയാണ് ദിവസവും ആളുകള്‍ ഒഴുകിയെത്തിയത്. എന്നാല്‍, പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ജയിച്ചതിനുശേഷം ഇവിടെ സന്ദര്‍ശകര്‍ പൊടുന്നനെ കുറഞ്ഞു.
നേരത്തെ പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ പിതാവിന്റെ കല്ലറ സന്ദര്‍ശിച്ചിരുന്നു. ഒട്ടേറെ അണികളും നേതാക്കളും ഇവിടെ എത്തുകയുണ്ടായി. എന്നാല്‍, ഇതിനുശേഷം ആളുകളുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയായിരുന്നു.