തന്റെ കുഞ്ഞുകൾക്ക് വേണ്ടി എന്തും ചെയ്യുന്ന 'അമ്മ മനസ്സ് '; നാടിന്റെ താരമായി സിസ്റ്റർ അനില തോമസ്

sister anila
sister anila

ചെറിയ പ്രോത്സാഹനങ്ങൾ പോലും ഒരു മത്സരാർത്ഥിയെ തളരാതെ പോരാടാൻ പ്രേരിപ്പിക്കും. അവരുടെ വിജയത്തിലേക്ക് തന്നെ നയിക്കുന്നവയായിരിക്കും ചിലപ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവർ നൽകുന്ന പ്രോൽഹസാനങ്ങൾ. ലയൺസ് ഇന്റർനാഷണലും കണ്ണൂർ ഡി എസ് സി സെന്ററും പാരാലിമ്പിക്സ് അസോസിയേഷനും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ജില്ലാ പാരാലിമ്പിക് കായികമേളയിൽ കുരുന്നുകളെ പ്രോത്സാഹിപ്പിക്കാനായി ഒന്നിച്ച് ഓടി താരമായിരിക്കുകയാണ് സിസ്റ്റർ അനില തോമസ്.

വികാര നിർഭരമായ നിരവധി മുഹൂർത്തങ്ങൾക്കാണ് പാരാലിമ്പിക് അസോസിയേഷനും ലയൻസ് ക്ലബ് ഇന്റർനാഷണലും കണ്ണൂർ ഡി എസ് സിയും ചേർന്ന് സംഘടിപ്പിച്ച ജില്ലാ പാരാലിബിക് കായികമേള സാക്ഷ്യം വഹിച്ചത്. പരിമിതികളെ അവഗണിച്ച് തങ്ങളുടെ കഴിവുകളുമായി ചിറക് വിരിച്ച് പറന്നുയരുന്ന കുരുന്നുകളെ കൈയ്യടിച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്ന ഗാലറിയിലെ ഒരു കൂട്ടം മനുഷ്യർ. അവരിൽ സിസ്റ്റർ അനില തോമസിലെക്കായിരുന്നു കാണികളുടെ കണ്ണുടക്കിയത്.

തന്റെ കുഞ്ഞുകൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ അമ്മമനസ്സായിരുന്നു സിസ്റ്ററിന്റെത്. ആ മനസ്സിന്റെ നന്മ ഇപ്പോൾ  സിസ്റ്റർ അനിലയെ നാടിന്റെ താരമാക്കിയിരിക്കുകയാണ് 
പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ തന്റെ വിദ്യാർത്ഥിയോടൊപ്പം ട്രാക്കിനോട് ചേർന്ന് ഓടിയാണ് സിസ്റ്റർ അനില തന്റെ പ്രോത്സാഹനം അറിയിച്ചത്.

ബക്കളം മരിയ സെന്റർ സ്പെഷ്യൽ സ്കൂളിലെ ഏഞ്ചൽ മരിയയ്ക്ക് പ്രോത്സാഹനമായി  ഓടിയാണ് അദ്ധ്യാപികയായ സിസ്റ്റർ ഏവരുടെയും ശ്രദ്ധകേന്ദ്രമായത്.പ്രോത്സാഹനത്തിന്റെ ഫലമെന്നോണം മത്സരത്തിൽ എയ്ഞ്ജലിനായിരുന്നു ഒന്നാം സ്ഥാനം.

ചെറുപ്പം തൊട്ടെ സ്പോർട്സിൽ താല്പര്യമുണ്ടായിരുന്നു സിസ്റ്റർന്. ഡി എസ് എസ് കോൺവെന്റിന് കീഴിലുള്ള ഓർഫനേജിൽ നിന്നാണ് സിസ്റ്റർ പഠിച്ചതും വളർന്നതും. പത്താംതരം വരെ സ്പോർട്സിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിരുന്നു. പിന്നീട് സന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞപ്പോഴും മറ്റ് സിസ്റ്റർമാരുടെയും അധികൃതരുടെയും പ്രോത്സാഹനം ഏറെ ലഭിച്ചിരുന്നതായി സിസ്റ്റർ പറയുന്നു.

കുട്ടികൾ ട്രാക്കിൽ ഓടുന്നത് കാണുമ്പോൾ തനിക്കും ആവേശം കേറും. കുഞ്ഞുങ്ങൾക്ക്  പ്രോത്സാഹനമേകാൻ ഒപ്പം നിൽക്കും . ഇതെക്കുറിച്ച് വാർത്തകൾ വന്നതോടെ  എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും ഏറെ സന്തോഷം തോന്നുന്നുവെന്നും സിസ്റ്റർ അനില തോമസ് പറയുന്നു.

സ്പെഷ്യൽ ദീനസേവന സഭ, അമല പ്രൊവിൻസിൻ്റെ കീഴിലെ മരിയൻ സെൻ്റർ സ്പെഷ്യൽ സ്കൂൾ ബക്കളത്തെ എജുക്കേറ്റർ ആയി പ്രവർത്തിക്കുകയാണ് സിസ്റ്റർ അനില തോമസ്.മാധ്യമങ്ങളിൽ വാർത്തയായതോടെ നാടിന്റെ നാനാഭാഗത്തിൽ നിന്നും അഭിനന്ദന പ്രവാഹമാണ് സിസ്റ്ററെ തേടി എത്തുന്നത്. ആന്തൂർ നഗരസഭാ ചെയർമാൻ  പി മുകുന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു.