ശുഭ്മാന്‍ ഗില്ലും സഹകളിക്കാരും കുരുക്കില്‍, 450 കോടി രൂപയുടെ തട്ടിപ്പ്, ചോദ്യംചെയ്യാന്‍ ഉടന്‍ വിളിപ്പിക്കും

Shubman Gill
Shubman Gill

വന്‍ ചിട്ടി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഭൂപേന്ദ്രസിങ് സാല 6,000 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി പറയപ്പെടുന്നു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച ഇന്ത്യന്‍ ബാറ്റിംഗ് സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്ലിനെ 450 കോടി രൂപയുടെ പോണ്‍സി കുംഭകോണവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സിഐഡി ബ്രാഞ്ച് സമന്‍സ് അയച്ചേക്കും. ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ഭാഗമായ മറ്റ് മൂന്ന് ക്രിക്കറ്റ് താരങ്ങളായ സായ് സുദര്‍ശന്‍, രാഹുല്‍ തെവാതിയ, മോഹിത് ശര്‍മ്മ എന്നിവരേയും സിഐഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പോണ്‍സി പദ്ധതിയുടെ മുഖ്യസൂത്രധാരന്‍ ഭൂപേന്ദ്രസിങ് സാലയെ ഗുജറാത്ത് സിഐഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവവികാസം. അഴിമതിയില്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ നിക്ഷേപിച്ച തുക തിരികെ നല്‍കുന്നതില്‍ പരാജയപ്പെട്ടതായി ചോദ്യം ചെയ്യലില്‍ സാല സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വന്‍ ചിട്ടി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഭൂപേന്ദ്രസിങ് സാല 6,000 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി പറയപ്പെടുന്നു. ഗുജറാത്തിലുടനീളമുള്ള വിവിധ ഓഫീസുകള്‍ വഴി നിക്ഷേപകരില്‍ നിന്ന് പണം സ്വരൂപിച്ചതാണ് തട്ടിപ്പ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ശുഭ്മാന്‍ ഗില്‍ പദ്ധതിയില്‍ 1.95 കോടി രൂപ നിക്ഷേപിച്ചു. മാഹിത് ശര്‍മ, തെവാതിയ, സുദര്‍ശന്‍ എന്നിവരും തുക നിക്ഷേപിച്ചു. ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി അവസാനിച്ചതിന് ശേഷം സിഐഡി ഗില്ലിനെ വിളിച്ചുവരുത്തിയേക്കും.

Tags