വര്‍ഗീയതയും അക്രമവും ചേര്‍ന്ന മുസ്ലീം ലീഗിന്റെ നാദാപുരം മോഡല്‍, ഷിബിന്‍ വധക്കേസില്‍ തെളിയുന്നത് ക്രൂരമുഖം, ബോംബുണ്ടാക്കുന്നതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 5 ലീഗ് പ്രവര്‍ത്തകര്‍


കോഴിക്കോട്: തൂണേരി വെള്ളൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിനെ വെട്ടിക്കൊന്ന കേസില്‍ ഏഴ് പ്രതികള്‍ക്കും ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചപ്പോള്‍ നാദാപുരം മേഖലയിലെ മുസ്ലീം ലീഗിന്റെ ക്രൂരമായ അക്രമങ്ങളുടെ കഥ വീണ്ടും ചര്‍ച്ചയാവുകയാണ്. വര്‍ഗീയതയും അക്രവും ഒരുപോലെ ചേര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് നാദാപുരത്ത് ലീഗിന്റേതെന്ന് ആരോപണം ശക്തമാണ്. ഒരുപക്ഷെ, കേരളത്തിലൊരിടത്തുമില്ലാത്ത രീതിയിലാണ് നാദാപുരത്തെ ലീഗിന്റെ പ്രവര്‍ത്തനശൈലി എന്നുപറയാം. സിപിഎം ശക്തമായ സാന്നിധ്യമായുള്ള നാദാപുരത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അരുംകൊല സമാനതകളില്ലാത്തതാണ്.
നാദാപുരത്ത് ലീഗ് നടത്തിയ വര്‍ഗീയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും അനേകംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വീടുകള്‍ കയറിയുള്ള അക്രമവും കൊള്ളയുമാണ് ഇവിടുത്തെ ആക്രമണത്തിന്റെ മറ്റൊരുമുഖം. 2011ല്‍ നടന്ന സ്‌ഫോടനത്തില്‍ 5 ലീഗ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനായി ബോംബ് നിര്‍മ്മിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.
നാദാപുരം നരിക്കാട്ടേരിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ഏഴോളം പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. നരിക്കാട്ടേരി അണിയാരിമുക്കത്ത് അഹമ്മദിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആളൊഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനം നടന്നത്. കല്ലാച്ചി ചേലക്കാട്ട് ചെറിയതയ്യില്‍ ഹംസയുടെ മകന്‍ സമീര്‍(22), ചേലക്കാട് കരയത്ത് മൂസയുടെ മകന്‍ ഷബീര്‍(25), ചേലക്കാട്ട് കരയത്ത് മൊയ്തുവിന്റെ മകന്‍ റഫീഖ്(26), ചേലക്കാട്ട് കരയത്ത് ചാലില്‍ മമ്മുഹാജിയുടെ മകന്‍ റിയാസ്(28), നരിക്കാട്ടേരി സ്രാമ്പിക്ക് സമീപം വലിയപീടികയില്‍ അബ്ദുള്ളഹാജിയുടെ മകന്‍ ഷബീര്‍(21)എന്നിവരായിരുന്നു നരിക്കാട്ടേരി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകര്‍.

ഇവിടെ നിന്ന് അഞ്ച് സ്റ്റീല്‍ ബോംബുകളുടെ അവശിഷ്ടങ്ങളും നിര്‍മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തു. കൂടാതെ സ്ഫോടനസ്ഥലത്തുനിന്ന് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ നാല് ബോംബുകളും കണ്ടെത്തി.
നാദാപുരത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം വര്‍ഗീയ ആക്രമണം അഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ലീഗിന്റെ രീതി. 2001ല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പി വി സന്തോഷ് പാറക്കടവ് അങ്ങാടിയില്‍ ലീഗുകാരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ വ്യാജ ബലാത്സംഗക്കഥ പുറത്തിറക്കി. നിസ്‌കാരപായയില്‍ വെച്ച് മുസ്ലീം യുവതിയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പ്രചരണം. ഇതേതുടര്‍ന്ന് ഈന്തുള്ളതില്‍ ബിനുവിനെ എന്‍ഡിഎഫ് കല്ലാച്ചി ടൗണില്‍വച്ച് അരുംകൊല ചെയ്തു. ബലാത്സംഗം നടന്നിട്ടില്ലെന്ന് പിന്നീട് യുവതിതന്നെ വെളിപ്പെടുത്തി.
ഷിബിന്‍ വധക്കേസിനുശേഷവും ഒട്ടേറെ ആളുകളുടെ വീടുകളും തൊഴില്‍സ്ഥാപനങ്ങളും ഇവിടെ തകര്‍ക്കപ്പെട്ടു. ഷിബിനെ കൊലപ്പെടുത്തിയശേഷം പ്രതികളെ സംരക്ഷിച്ചത് ലീഗ് നേതൃത്വമാണെന്ന ആരോപണം അന്നുതന്നെ നിലനില്‍ക്കുന്നുണ്ട്. ഒന്നാംപ്രതി തെയ്യമ്പാടി ഇസ്മായേലിന്റെ ചിത്രം ഉള്‍പ്പെടുത്തി യൂത്ത്‌ലീഗ് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നത് വിവാദമായിരുന്നു. കൊലക്കേസില്‍ വിചാരണക്കോടതിയില്‍ നിന്നും ശിക്ഷ ലഭിക്കാതിരുന്നതോടെ പ്രതികള്‍ക്കെല്ലാം വിദേശത്ത് മികച്ച ജോലിയും നല്‍കി.
പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചതോടെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി ഫണ്ട് സമാഹരണം നടത്താനും ആലോചനയുണ്ട്. കൊലയ്ക്കുശേഷം മുസ്ലിം യൂത്ത് ലീഗ് നേതാവ് പിടിയിലായ നിമിഷംമുതല്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നേതൃത്വം തുടങ്ങിയിരുന്നു. യുഡിഎഫ് ഭരണകാലമായതുകൊണ്ടുതന്നെ പ്രതികളില്‍ ചിലര്‍ക്ക് സര്‍ക്കാര്‍ ഫണ്ടും ലീഗിന്റെ ഇടപെടലിലൂടെ നല്‍കുകയുണ്ടായി.
ലീഗ് ക്രിമിനലായ ഇസ്മായിലിനെ വളര്‍ത്തിയത് കോണ്‍ഗ്രസും ചേര്‍ന്നാണെന്ന് പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനോട് പറയുന്നതിന്റെ വീഡിയോ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ലീഗിന്റെ സജീവ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും ഏത് ക്രൂരകൃത്യവുംചെയ്യാന്‍ പാകത്തില്‍ ലീഗ് വളര്‍ത്തിയ ഗുണ്ടയാണ് തെയ്യമ്പാടി ഇസ്മായിലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുധീരനെ ധരിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തെത്തിയത് ലീഗിന്റെ പൊയ്മുഖം ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്നതായിരുന്നു.
കൊല ചെയ്യപ്പെടുമ്പോള്‍ 19 വയസായിരുന്നു ഷിബിന്റെ പ്രായം. സഹോദരനെ രാത്രികാല പ്ലസ്ടു ക്ലാസ് കഴിഞ്ഞ് വീട്ടിലാക്കി സുഹൃത്തുക്കളെ കാണാനിറങ്ങിയപ്പോഴാണ് വെള്ളൂരില്‍വച്ച് ചടയങ്കണ്ടിത്താഴ ഷിബിനെ മുസ്ലിംലീഗ് ക്രിമിനല്‍സംഘം ക്രൂരമായി വെട്ടിക്കൊന്നത്. 2015 ജനുവരി 22നായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന ഷിബിനെയും സുഹൃത്തിനെയും വെള്ളൂര്‍ സ്‌കൂളിന് സമീപം തടഞ്ഞുനിര്‍ത്തിയാണ് തെയ്യമ്പാടി ഇസ്മയില്‍, മുനീര്‍, വാറങ്കിത്താഴത്ത് സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്.
2016ല്‍ മാറാട് അതിവേഗ കോടതി കേസില്‍ മുഴുവന്‍ പ്രതികളെയും വിട്ടയച്ചതിനെതിരെ സംസ്ഥാന സര്‍ക്കാരും ഷിബിന്റെ പിതാവ് ഭാസ്‌കരനും അപ്പീല്‍ നല്‍കി. ഒമ്പത് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി ഏഴ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും ഇവരെ ശിക്ഷിക്കുകയും ചെയ്തത്. ഹൈക്കോടതിയില്‍ കേസ് വാദിക്കാനായി മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് നല്‍കി എട്ട് മുതിര്‍ന്ന അഭിഭാഷകരേയാണ് ലീഗ് അണിനിരത്തിയത്. എന്നാല്‍ കൊലപാതകത്തിന്റെ സാഹചര്യവും ലീഗുകാരുടെ പങ്കും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതോടെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു.
ഷിബിന്റെ കൊലപാതകം സംബന്ധിച്ച് പ്രതികളെ വെറുതെ വിട്ട മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ കോടതിയുടെ കണ്ടെത്തലുകള്‍ വസ്തുതാപരമല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു. തെളിവുകള്‍ പരിഗണിക്കാതെയാണ് വിചാരണക്കോടതി വിധി. ക്രൂരമായ കുറ്റകൃത്യത്തെ സാങ്കേതിക കാരണങ്ങളാല്‍ ലഘൂകരിക്കരുത്. ഇത് നീതിന്യായവ്യവസ്ഥയെ താളംതെറ്റിക്കും. അവകാശങ്ങളെ മാനിക്കാതിരിക്കുന്നത് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും പ്രതികളെ കുറ്റവിമുക്തരാക്കുന്നത് അപകടകരമായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു.
ആക്രമണത്തില്‍ പരിക്കേറ്റ സാക്ഷികളുടെ മൊഴി വിചാരണക്കോടതി മുഖവിലയ്ക്കെടുത്തില്ല. കൊലപാതകം നടന്നത് മറ്റൊരിടത്താണെന്ന കണ്ടെത്തലും തെറ്റായിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെയും ദൃക്സാക്ഷിമൊഴിയിലുടെയും അക്രമം നടന്ന സ്ഥലം പിന്നീട് സ്ഥിരീകരിച്ചു. പ്രതികള്‍ക്കെതിരെ രാഷ്ട്രീയ പകപോക്കലിനായി കെട്ടിച്ചമച്ച കേസാണെന്ന നിരീക്ഷണവും തെറ്റായിരുന്നു. സാക്ഷികള്‍ ഒട്ടേറെ കേസുകളില്‍ പ്രതികളാണെന്ന കണ്ടെത്തലും ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.