ഉത്സവപ്പറമ്പിലെ സർബത്ത് കച്ചവടക്കാരനിൽ നിന്ന് ഷിബിലിയെ ഒരു മോഷ്ടാവാക്കിയത് എൺപതുകാരിയുടെ സ്വർണ്ണമാല; ഒടുവിൽ അറസ്റ്റ്
തളിപ്പറമ്പ : ഉത്സവപ്പറമ്പിലെ സർബത്ത് കച്ചവടക്കാരനിൽ നിന്ന് ഷിബിലിയെ ഒരു മോഷ്ടാവാക്കിയത് ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന എൺപതുകാരിയുടെ കഴുത്തിലെ ഒരു പവന്റെ മാല ആയിരുന്നു. സിനിമയെ പോലും വെല്ലുന്ന പ്ലാനിങ്ങും മോഷണവും ഒടുവിൽ ചെന്നെത്തിയത് തളിപ്പറമ്പ് പോലീസിന്റെ കൈകളിൽ തന്നെ. നാട്ടുകാരും കുടുംബങ്ങളും കേസ് മറന്നെങ്കിലും പൊലീസിന് അത് മറക്കാൻ കഴിഞ്ഞില്ല. ആ ജാഗ്രതയാണ് ഷിബിലി എന്ന ഗൂഡല്ലൂർ നീലഗിരി സ്വദേശിയിലേക്ക് എത്തിയത്.
നാടൊട്ടുക്കും ഉത്സവ ലഹരിയിൽ. തിരക്കും ആളും ആരവങ്ങളും നിറഞ്ഞ സമയം.2026 മാർച്ചിലെ തളിപ്പറമ്പ തൃച്ചംബരം ക്ഷേത്രോത്സവം. ഉത്സവ ചന്ത ലക്ഷ്യമിട്ട് ഗൂഡല്ലൂർ നീലഗിരിയിൽ നിന്ന് എത്തിയതാണ് ഷിബിലിയും സുഹൃത്തുക്കളും. പന്തലിട്ട് ക്ഷേത്ര പരിസരത്ത് കുലുക്കി സർബത്ത് കച്ചവടം.
കച്ചവട ശേഷം അവർ ഉറങ്ങാൻ പോയിരുന്നത് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള പൂമംഗലത്തെ ഒരു വാടകവീട്ടിലേക്കായിരുന്നു. ആ വഴിയിലാണ് ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന എൺപതുകാരിയായ സ്ത്രീയെ ഷിബിലി കാണാൻ ഇടയായത്. അവരുടെ കഴുത്തിൽ തിളങ്ങിനിന്ന ഒരു പവന്റെ സ്വർണമാല അവനെ ഒരു മോഷ്ടാവിലേക്ക് എത്തിച്ചു. എന്നാൽ ആ സമയത്ത് മോഷണം നടത്തിയില്ല. തന്റെ മനസിലെ ആഗ്രഹം മാറ്റിവച്ച് ഷിബിലി ഉത്സവം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി. എന്നാൽ മറക്കാനാവാത്ത ആ മാലയോടുള്ള ആർത്തി അവനെ വീണ്ടും തളിപ്പറമ്പിലേക്ക് എത്തിച്ചു.
കൃത്യമായ പ്ലാനിങ്ങോടെ അവൻ സുഹൃത്തായ അദ്വൈതിനെയും കൂട്ടി ബൈക്കിൽ ആ വീടിന് സമീപമെത്തി. അദ്വൈതിനെ ബൈക്കുമായി കുറച്ചുമാറി കാത്തുനിൽക്കാൻ ഏർപ്പാടാക്കി, ഹെൽമറ്റും മാസ്കും വെച്ച് ഷിബിലി ആ വീട്ടിലേക്ക് ചെന്നു. താഴെ താമസിക്കുന്ന ആൾക്ക് കാശ് കൊടുക്കാൻ വന്നതാണെന്നും ആരുമില്ലേയെന്ന് തിരക്കുകയും ചെയ്തു. ആരുമില്ലെന്ന് മനസിലാക്കിയ ഷിബിലി വെള്ളം ആവശ്യപ്പെടുകയും വെള്ളം കുടിച്ച് തിരികെ പോയി. പോയപോലെ തിരിച്ച് വന്ന് വയറുവേദന ആണെന്നും മരുന്ന് അവശ്യേപ്പെടുകയും ചെയ്തു. മരുന്ന് നൽകിയ ശേഷം 80 കാരിയുടെ കഴുത്തിലെ മാല പൊട്ടിച്ച് സുഹൃത്തിന്റെ ബൈക്കിൽ കയറി ദൂരേക്ക് മറഞ്ഞു.
നാട്ടിലാകെ സംശയങ്ങളും കിംവദന്തികളും പരന്നു. ആളുകൾ പലരെയും സംശയിച്ചു. അങ്ങനെ തളിപ്പറമ്പ പോലീസ് ആരംഭിച്ച അന്വേഷണം സർബത്ത് കാരനായ ഷിബിലിയിലേക്ക് എത്തി.തളിപ്പറമ്പ ഡിവൈഎസ്പി ടി പി സുമേഷ് ഇൻസ്പെക്ടർ ശ്രീ ഹരി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. വിവിധയിടങ്ങളിൽ കച്ചവടം നടത്തുന്നതിനിടെ ഇയാളെ എറണാകുളത്ത് വച്ചാണ് പിടികൂടിയത്. ഇയാൾ മറ്റ് പല കേസുകളിലെയും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ് ഐ സി ജി സാംസണിൻ്റെ നേതൃത്വത്തിൽ എസ് ഐമാരായ അബ്ദുൽ റൗഫ്,ടോമി, എ എസ് ഐ ഇബ്രാഹിം ശീരകത്ത് സി പി ഒ മഹേഷ്, അബ്ദുൽ അസീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
.jpg)


