സ്‌കൂള്‍ കാലത്ത് തുടങ്ങിയ പ്രണയം, വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചിട്ടും ഷിബില ഇറങ്ങിപ്പോയി, വിശ്വസിച്ച് ഇറങ്ങിവന്ന പെണ്ണിനെ വെട്ടിക്കൊലപ്പെടുത്തിയ യാസിറിന്റെ ക്രൂരത

Shibila Yasir
Shibila Yasir
മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചശേഷമാണ് ഷിബില പ്രണയത്തിലായിരുന്ന യാസിറിനൊപ്പം ഇറങ്ങിപ്പോയത്. യാസിറിന്റെയും ഷിബിലയുടേയും ബന്ധം കുടുംബം ആദ്യം മുതല്‍ എതിര്‍ത്തിരുന്നു.

കോഴിക്കോട്: വീട്ടുകാരെ ഉപേക്ഷിച്ച് തന്നോടൊപ്പം ഇറങ്ങിവന്ന പ്രണയിനിയെ പൊന്നുപോലെ നോക്കേണ്ടതിനു പകരം വെട്ടിക്കൊലപ്പെടുത്തിയ യാസിറിന്റെ ക്രൂരത ആരേയും ഞെട്ടിക്കുന്നത്. കഴിഞ്ഞദിവസമാണ് താമരശ്ശേരിയില്‍ ഷിബിലയെ കൊലപ്പെടുത്തിയ കേസില്‍ യാസര്‍ അറസ്റ്റിലായത്.

വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെങ്കിലും പ്രണയത്തിലായിരുന്ന യാസിറിനൊപ്പം ഷിബില ഇറങ്ങിപ്പോവുകയായിരുന്നു. യാസിറിന്റെയും ഷിബിലയുടേയും ബന്ധം കുടുംബം ആദ്യം മുതല്‍ എതിര്‍ത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഷിബിലയെ മറ്റൊരാളുമായി നിക്കാഹ് ചെയ്യിച്ചത്. എന്നാല്‍ വിവാഹത്തിന് മുന്‍പ് ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അയല്‍വീട്ടുകാരനായ യാസിറുമായി ഷിബില അടുപ്പത്തിലായത്. എന്നാല്‍ ഇരുവീട്ടുകാരും ഇതിനെ എതിര്‍ത്തു. പതിനെട്ടാമത്തെ വയസ്സില്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍നിന്ന് യാസിറിന്റെ കൈ പിടിച്ച് ഷിബില ഇറങ്ങി, പക്ഷെ, കൊതിച്ചതൊന്നുമായിരുന്നില്ല പിന്നീടുള്ള ജീവിതം. യാസിറിന്റെ ലഹരി ഉപയോഗം ജീവിതം തകര്‍ത്തു. ക്രൂരമായ പീഡനത്തോടൊപ്പം സാമ്പത്തിക ബാധ്യതകള്‍ കൂടിയായതോടെ പ്രതിസന്ധി കൂടി.

ബേക്കറിയില്‍ ജോലി ചെയ്തിരുന്ന യാസിര്‍ പിന്നീട് സ്വന്തമായി തട്ടുകട ആരംഭിച്ചു. തട്ടുകടയുടെ പിന്നില്‍ ലഹരി ഇടപാട് ഉണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. യാസിര്‍ ഉള്‍പ്പെടുന്ന വലിയൊരു ലഹരി മരുന്ന് സംഘം അടിവാരം, ഈങ്ങാപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

വാടക വീടുകള്‍ പലതവണ മാറി. ഒടുവില്‍ ഉപദ്രവം സഹിക്കവയ്യാതായതോടെ നാല് വര്‍ഷം മുമ്പ് ഇറങ്ങിയ വീട്ടിലേക്ക് കുഞ്ഞുമായി ഷിബില തിരികെയെത്തി. കഴിഞ്ഞദിവസം നോമ്പുതുറന്ന നേരത്താണ് കത്തിയുമായി യാസിര്‍ എത്തി മകളുടെ മുന്നിലിട്ട് ഷിബിലയെ കുത്തിയത്.

വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ യാസിറിനൊപ്പം ഇറങ്ങിപ്പോയതിനാല്‍ തിരികെ വീട്ടിലേക്ക് വരാനോ പ്രശ്‌നങ്ങള്‍ പറയാനോ ഷിബിലയ്ക്ക് സാധിച്ചിരുന്നില്ല. കുട്ടിയുണ്ടായി കുറച്ചു നാള്‍ കഴിഞ്ഞ ശേഷമാണ് ഷിബില സ്വന്തം വീട്ടിലേക്ക് വരാന്‍ തുടങ്ങിയത്. ഷിബിലയും യാസിറും തമ്മില്‍ പ്രശ്‌നം രൂക്ഷമായതോടെ വാര്‍ഡ് മെമ്പര്‍ അടക്കം പ്രശ്‌നപരിഹാരത്തിന് ഇടപെട്ടിരുന്നു.

 

Tags

News Hub