പ്രവാസികളോട് സര്‍ക്കാരിന്റെ ചതി, നോര്‍ക്ക ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം ഇരട്ടിയോളം കൂട്ടി, സാധാരണക്കാരന് താങ്ങാനാകില്ല, സ്വകാര്യ ഏജന്‍സികളെ സഹായിക്കാനുള്ള നീക്കം
വിമാന ടിക്കറ്റ് നിരക്കിലെ കൊള്ളയും പ്രവാസി പെന്‍ഷനിലെ അവഗണനയും നേരിടുന്നതിനിടയിലാണ് ആരോഗ്യപരിരക്ഷയിലും ഇരുട്ടടി.
തിരുവനന്തപുരം: കേരള പ്രവാസികള്‍ക്ക് ആശ്വാസമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ കടുത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. പ്രീമിയം നിരക്കുകള്‍ ഒറ്റയടിക്ക് ഇരട്ടിയിലധികം വര്‍ധിപ്പിച്ച് സാധാരണ പ്രവാസികളെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിട്ടിരിക്കുന്നു.
വിമാന ടിക്കറ്റ് നിരക്കിലെ കൊള്ളയും പ്രവാസി പെന്‍ഷനിലെ അവഗണനയും നേരിടുന്നതിനിടയിലാണ് ആരോഗ്യപരിരക്ഷയിലും ഇരുട്ടടി. പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതിയെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുകൂലമായി മാറ്റാനുള്ള നീക്കമാണിതെന്ന് പ്രവാസി സംഘടനകള്‍ വിമര്‍ശിക്കുന്നു.
നേരത്തെ അഞ്ച് ലക്ഷം രൂപയുടെ കുടുംബ പരിരക്ഷയ്ക്ക് (പ്രവാസിയും ഭാര്യയും രണ്ട് മക്കളും) പ്രായപരിധിയില്ലാതെ വാര്‍ഷിക പ്രീമിയം 13,411 രൂപ മാത്രമായിരുന്നു. വ്യക്തിഗത പരിരക്ഷയ്ക്ക് ഏകദേശം 8,100 രൂപയും. എന്നാല്‍ പുതിയ നിരക്കുപ്രകാരം അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാ പരിരക്ഷയ്ക്ക് ഉയര്‍ന്ന തുകയാണ് ഇടാക്കുന്നത്. 51-60 പ്രായവിഭാഗത്തില്‍ 21,722 രൂപ, 61-70 വിഭാഗത്തില്‍ 28,326 രൂപ, 71-80 വിഭാഗത്തില്‍ 48,279 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
കുടുംബ പരിരക്ഷയ്ക്ക് ഇതേ വിഭാഗങ്ങളില്‍ യഥാക്രമം 35,664, 44,718, 77,773 രൂപ എന്നിങ്ങനെയാണ്. രണ്ട് മക്കളുള്ള കുടുംബത്തിന്റെ പോളിസി തുക 13,411-ല്‍ നിന്ന് 35,664 ആയി. ഒറ്റയടിക്ക് 22,253 രൂപ കൂട്ടി. പ്രായം കൂടുന്നതിനനുസരിച്ച് ചികിത്സയുടെ ആവശ്യകത വര്‍ധിക്കുമ്പോള്‍ പ്രീമിയവും കുത്തനെ ഉയര്‍ത്തുന്ന സമീപനം ആരോഗ്യസുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
2025 നവംബര്‍ 30-ന് അവസാനിച്ച ആദ്യഘട്ട എന്റോള്‍മെന്റില്‍ 1,32,034 കുടുംബങ്ങള്‍ അംഗങ്ങളായി. നോര്‍ക്ക കെയര്‍ പ്ലസില്‍ 95,580 കുടുംബങ്ങളും. ആകെ 2,27,614 കുടുംബങ്ങള്‍ പദ്ധതിയിലുണ്ട്. അഞ്ച് ലക്ഷത്തിലധികം കുടുംബാംഗങ്ങള്‍ക്ക് പരിരക്ഷ ലഭിച്ചിരുന്ന ഈ പദ്ധതിയാണ് ഇപ്പോള്‍ ഭീമമായ പ്രീമിയം വര്‍ധനയോടെ നടപ്പാക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായുള്ള കരാര്‍ ഒക്ടോബര്‍ 31-ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം.
കഴിഞ്ഞ വര്‍ഷം പ്രീമിയം ഇനത്തില്‍ ഏകദേശം 145 കോടി രൂപ സമാഹരിച്ചപ്പോള്‍ ക്ലെയിമുകളിലായി 213 കോടിയോളം രൂപ സെറ്റില്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നഷ്ടം സംഭവിച്ചതിനാല്‍ പ്രീമിയം ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇതില്‍ ഇടപെടല്‍ നടത്താതെ ഫയലുകള്‍ വൈകിപ്പിച്ച് അധിക ഭാരം സാധാരണ പ്രവാസികളുടെ തലയില്‍ കെട്ടിവെച്ചു എന്നാണ് ആക്ഷേപം.
പുതിയ പദ്ധതിയില്‍ 3 ലക്ഷം മുതല്‍ 1 കോടി വരെ വിവിധ സ്ലാബുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരന് തുണയാകുന്ന 5 ലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് തന്നെ പ്രീമിയം താങ്ങാനാവാത്ത നിലയിലാണ്. പ്രായാധിഷ്ഠിത നിരക്ക് സമ്പ്രദായം കൊണ്ടുവന്നത് വിരമിച്ചവരെയും കുറഞ്ഞ വരുമാനക്കാരെയും ഏറ്റവും കൂടുതല്‍ ബാധിക്കും.
കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ആശ്വാസമാകേണ്ട പദ്ധതി സാമ്പത്തിക ബാധ്യതയാകരുത്. പ്രവാസികളെ ദ്രോഹിക്കുന്ന സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കും, എന്ന് സംസ്ഥാന പ്രസിഡന്റ് ഗഫൂര്‍ പി. ലില്ലീസും ജനറല്‍ സെക്രട്ടറി ബാദുഷ് കടലുണ്ടിയും മുന്നറിയിപ്പ് നല്കി.
ബഹ്റൈന്‍ നവകേരള, പ്രവാസി വെല്‍ഫെയര്‍ ബഹ്റൈന്‍, ഓര്മ ദുബായ് തുടങ്ങിയ സംഘടനകളും വര്‍ധനയെ കടുത്ത അനീതിയും വഞ്ചനയുമെന്ന് വിശേഷിപ്പിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ പ്രവാസികളുടെ ചികിത്സാസുരക്ഷ ലക്ഷ്യമിട്ട് കൊണ്ടുവന്ന ക്ഷേമപദ്ധതിയെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുവേണ്ടി അട്ടിമറിക്കാനുള്ള നീക്കമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്, എന്ന് ബഹ്റൈന്‍ പ്രതിഭ പോലുള്ള സംഘടനകള്‍ വ്യക്തമായി ആരോപിച്ചു.
സ്വകാര്യ കമ്പനികളുടെ ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് ആശ്വാസം തേടിയ പ്രവാസികള്‍ക്ക് പൊതുപരിരക്ഷയെന്ന പ്രതീക്ഷ നല്കിയ പദ്ധതിയാണ് ഇപ്പോള്‍ സ്വകാര്യ ഏജന്‍സികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായി മാറ്റപ്പെടുന്നത് എന്നാണ് വിമര്‍ശകരുടെ വാദം.
പ്രവാസികളുടെ വിയര്‍പ്പും കഷ്ടപ്പാടും കൊണ്ട് കേരളത്തിന്റെ സമ്പദ്ഘടന നിലനില്ക്കുമ്പോള് അവരുടെ ആരോഗ്യസുരക്ഷയില്‍ ഇത്തരം കുത്തനെയുള്ള വര്‍ധന അംഗീകരിക്കാനാവില്ല. പദ്ധതി തുടരണമെങ്കില്‍ താങ്ങാവുന്ന നിരക്കില്‍ പരിരക്ഷ ഉറപ്പാക്കുകയും നിലവിലുള്ള അംഗങ്ങള്‍ക്ക് പഴയ പ്രീമിയത്തില്‍ പുതുക്കാന്‍ അവസരം നല്‍കുകയും വേണം. അല്ലെങ്കില്‍ ഇത് പ്രവാസികളോടുള്ള സര്‍ക്കാരിന്റെ വ്യക്തമായ ചതിയായി മാത്രമേ കണക്കാക്കാനാവൂ. പ്രവാസി സംഘടനകള്‍ ഇതിനകം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിരക്ക് പിന്‍വലിക്കാത്ത പക്ഷം വലിയ പ്രക്ഷോഭത്തിന് ഇത് വഴിവെക്കും.
.jpg)

