മകളെ ഇത്രമാത്രം സ്‌നേഹിച്ച മറ്റൊരച്ഛനുണ്ടാകുമോ? പൊന്നോമനയെ ക്രൂരമായി കൊലപ്പെടുത്തിയയാളെ വെടിവെച്ചുകൊന്നു, മകളുടെ ഫോട്ടോയ്ക്ക് കീഴില്‍ ശേഷിച്ചകാലം കഴിച്ചുകൂട്ടിയ ശങ്കരനാരായണന്‍


കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും മകളുടെ ഫോട്ടോയ്ക്ക് കീഴില്‍ നീറുന്ന ഓര്‍മകളുമായി ഇരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം മലയാളികളുടെ മനസില്‍ നിന്നും മായുകില്ല.
മലപ്പുറം: കൃഷ്ണപ്രിയയെന്നും ശങ്കരനാരായണനെന്നും കേട്ടാല്‍ മലയാളികള്‍ ഒരിക്കലും മറക്കില്ല. അത്രയും പ്രിയപ്പെട്ട മകളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശങ്കരനാരായണന്‍ ഒരുകാലത്ത് മലയാളികളുടെ മനസിലെ ഹീറോ ആയിരുന്നു. ശങ്കരനാരായണന്റെ വിയോഗം കൃഷ്ണപ്രിയ കേസ് വീണ്ടും ചര്‍ച്ചയാകാന്‍ ഇടയായി.
2001 ഫെബ്രുവരി 9നാണ് മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണന്റേയും ഭാര്യ ശാന്തകുമാരിയുടേയും മകള്‍ കൃഷ്ണപ്രിയയെ കാണാതാകുന്നത്. പതിവുപോലെ സ്‌കൂളില്‍ പോയ കൃഷ്ണപ്രിയ തിരിച്ചുവന്നില്ല. കാണാതായതിന്റെ പിറ്റേ ദിവസം വീടിനടുത്ത കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടുകിട്ടി. ശ്വാസംമുട്ടിച്ചും ബലാല്‍സംഗം ചെയ്തും കൊലപ്പെടുത്തിയതാണെന്നു വ്യക്തമായി.

ക്രൂരമായ കൊലപാതകവാര്‍ത്ത അന്ന് കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. പോലീസ് അമ്പേഷണത്തില്‍ ഫെബ്രുവരി 11ന് പ്രതി പിടിയിലാവുകയും ചെയ്തു. അയല്‍ക്കാരനായ മുഹമ്മദ് കോയ (24) ആണ് കൊലപാതകിയെന്ന് പോലീസ് കണ്ടെത്തി. തെളിവുകളെല്ലാം മുഹമ്മദ് കോയക്ക് എതിരായിരുന്നു. വസ്ത്രത്തിലെ ചോരക്കറയും കൈത്തണ്ടയിലെ മുറിപ്പാടുകളും തെളിവുകളായി.
പോലീസ് കുറ്റപത്രം നല്‍കാന്‍ വൈകിയതോടെ സെപ്റ്റംബര്‍ 20ന് മുഹമ്മദ് കോയയ്ക്ക് കോടതി ജാമ്യം നല്‍കി. എന്നാല്‍, മകളുടെ കൊലപാതകിക്കുള്ള ശിക്ഷ വിധിച്ചത് ശങ്കരനാരായണനായിരുന്നു. 2002 ജൂണ്‍ 27 മുഹമ്മദ് കോയയെ വീട്ടില്‍നിന്നു 2 പേര്‍ കൂട്ടിക്കൊണ്ടുപോയി. ചാരങ്കാവ് പാറപ്പുറത്ത് ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിച്ചു. ഇതിനിടെ മുഹമ്മദ് കോയയ്ക്ക് വെടിയേറ്റു. ഒറ്റക്കുഴല്‍ തോക്കില്‍നിന്നാണ് വെടിയേറ്റത് എന്നു പൊലീസ് കണ്ടെത്തി. മൃതദേഹം ആരുമറിയാതെ പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടി. മുഹമ്മദ് കോയയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
ശങ്കരനാരായണനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെ ജൂലൈ 5ന് മുഹമ്മദ് കോയയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ശങ്കരനാരായണന്‍ പോലീസില്‍ കീഴടങ്ങി. ഓഗസ്റ്റില്‍ ശങ്കരനാരായണനും മറ്റു പ്രതികള്‍ക്കും ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 2005 ഒക്ടോബര്‍ 20നു കേസിലെ പ്രതികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചെങ്കിലും 2006 മേയ് 24ന് ശങ്കരനാരായണനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ക്രിമിനല്‍ സ്വഭാവമുള്ള മുഹമ്മദ് കോയക്ക് മറ്റു ശത്രുക്കളുമുണ്ടാകാമെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
ശങ്കരനാരായണനെ കുറ്റവിമുക്തനാക്കിയ കോടതിവിധി അന്ന് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടാണ്‍മക്കള്‍ക്ക് ശേഷം പിറന്ന പെണ്‍കുട്ടിയായതുകൊണ്ടുതന്നെ കൃഷ്ണപ്രിയയോട് പിതാവിന് ഏറെ സ്‌നേഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പൊന്നോമനയുടെ വിയോഗം അദ്ദേഹത്തിന് താങ്ങാവുന്നതിലും അധികമായി. കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും മകളുടെ ഫോട്ടോയ്ക്ക് കീഴില്‍ നീറുന്ന ഓര്‍മകളുമായി ഇരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം മലയാളികളുടെ മനസില്‍ നിന്നും മായുകില്ല.
ഇന്ന് ജീവിച്ചിരുന്നെങ്കില്‍ കൃഷ്ണപ്രിയയ്ക്ക് 37 വയസുണ്ടാവുമായിരുന്നു. അവസാന നാളുകള്‍ വരെ തന്റെ പ്രിയപ്പെട്ട മകള്‍ കൃഷ്ണപ്രിയയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നാണ് ശങ്കരനാരായണനും മടങ്ങുന്നത്.