തെരഞ്ഞെടുപ്പിനിടെ ഷാനിമോള്‍ ഉസ്മാന്‍ കുരുക്കില്‍, പ്രവാസികളുടെ 100 കോടി രൂപയുടെ ഫ്‌ളാറ്റ് സമുച്ചയം മകളുടേയും മരുമകന്റേയും പേരിലാക്കി, വന്‍ പ്രതിഷേധം

Shanimol Usman Flat

ഏകദേശം 100 കോടി രൂപ മൂല്യമുള്ള അപ്പാര്‍ട്ട്‌മെന്റ് പ്രവാസികളായ മലയാളി നിക്ഷേപകരും ചേര്‍ന്ന് നിര്‍മിച്ചതാണ്. എന്നാല്‍, ഇത് ഷാനിമോള്‍ തന്ത്രപരമായി മകളുടേയും മകളുടെ ഭര്‍ത്താവിന്റേയും പേരിലേക്ക് മാറ്റിയെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വിവാദത്തിന്റെ നടുവിലാണ്. ബെംഗളൂരുവിലെ ക്രൗണ്‍ പ്ലാസ അപ്പാര്‍ട്ട്‌മെന്റ് ഹോട്ടല്‍ സംബന്ധിച്ച് കടുത്ത ആരോപണങ്ങളാണ് ഷാനിമോള്‍ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്.

ഏകദേശം 100 കോടി രൂപ മൂല്യമുള്ള അപ്പാര്‍ട്ട്‌മെന്റ് പ്രവാസികളായ മലയാളി നിക്ഷേപകരും ചേര്‍ന്ന് നിര്‍മിച്ചതാണ്. എന്നാല്‍, ഇത് ഷാനിമോള്‍ തന്ത്രപരമായി മകളുടേയും മകളുടെ ഭര്‍ത്താവിന്റേയും പേരിലേക്ക് മാറ്റിയെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.

tRootC1469263">

പ്രവാസി മലയാളിയായ ജോസഫ് ചാക്കോയുടെ പേരിലുള്ള 21 സര്‍വീസ് അപ്പാര്‍ട്ട്‌മെന്റാണ് ഷാനിമോള്‍ ഉസ്മാന്‍ മരുമകനായ ഷാനസ് ഷാജഹാന്റെ പേരിലാക്കി ആദ്യം തട്ടിയെടുത്തത്. പിന്നീട് ഗുണ്ടകളെ ഉപയോഗിച്ച് മറ്റ് ഫ്‌ലാറ്റുകളും കൈക്കലാക്കിയെന്ന് പറയുന്നു.

മുഖ്യമായി ബില്‍ഡറായ ജോസഫ് ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ വിദേശത്ത് കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഉപയോഗിച്ച് നിര്‍മിച്ച സ്വത്ത് കൈക്കലാക്കിയെന്ന്  കേരള പൊലീസ് മേധാവി, ബെംഗളൂരു പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

തട്ടിപ്പിനിരയായവര്‍ ഫ്‌ലാറ്റില്‍ പ്രവേശിക്കാതിരിക്കാന്‍ ആലപ്പുഴ സ്വദേശി ടോം എന്നയാളുടെ നേതൃത്വത്തില്‍ ഗുണ്ടാസംഘം കാവലുണ്ട്. കര്‍ണാടക ആഭ്യന്തര മന്ത്രിക്കും പൊലീസിലും പലതവണ പരാതി നല്‍കിയിട്ടും കോടതി ഉത്തരവുണ്ടായിട്ടും ഇടപെട്ടിട്ടില്ലെന്നും നിക്ഷേപകര്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സമാന തട്ടിപ്പുകള്‍ വേറെയുമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ അറുപതോളംപേരുടെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ കല്യാണ്‍ നഗര്‍ ക്രൗണ്‍ പ്ലാസ ഫ്‌ലാറ്റ് സമുച്ചയത്തില്‍ 215 സര്‍വീസ് അപ്പാര്‍ട്ട്‌മെന്റാണുള്ളത്. ഇവ ദിവസ വാടകയ്ക്കാണ് നല്‍കിയത്.

അരൂര്‍ എംഎല്‍എയായിരിക്കെയാണ് ഷാനിമോള്‍ ഉസ്മാന്‍ പ്രവാസി മലയാളിയായ ജോസഫ് ചാക്കോയെ പരിചയപ്പെട്ടതെന്നാണ് തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്. അന്ന് എഐസിസി സെക്രട്ടറിയായിരിക്കെ ഷാനിമോള്‍ ഉസ്മാന് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ ചുമതലയുമുണ്ടായിരുന്നു. ഷാനിമോള്‍ പലതവണ സാമ്പത്തിക സഹായം ആവശ്യപ്പെടുകയും അത് നല്‍കുകയും ചെയ്‌തെന്ന് ജോസഫ് ചാക്കോ പറഞ്ഞു.

2022 ആഗസ്തില്‍ ഷാനിമോള്‍ ഉസ്മാനും ഭര്‍ത്താവ് ഉസ്മാനും ജോസഫ് ചാക്കോയെ ആലപ്പുഴയില്‍ അവരുടെ വസതിയിലേക്ക് ക്ഷണിച്ചു. മരുമകനായ ഷാനസ് ഷാജഹാന് ഫ്‌ലാറ്റുകള്‍ നോക്കി നടത്താന്‍ ഏല്‍പ്പിക്കണമെന്നും അവിടെവച്ച് അഭ്യര്‍ഥിച്ചു.

മാസം 1,25,000 രൂപവച്ച് ജോസഫ് ചാക്കോയ്ക്ക് നല്‍കാമെന്ന ധാരണയില്‍ ഷാനസ് ഷാജഹാന് 21 അപ്പാര്‍ട്മെന്റ് നടത്താനുള്ള കരാര്‍ എഴുതിനല്‍കി. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും ഫ്‌ലാറ്റ് വിട്ടുനല്‍കിയില്ല. വാടകയും നല്‍കിയില്ല. പിന്നാലെ സ്ഥലം കൈയേറി വ്യാജരേഖയുണ്ടാക്കി ഫ്‌ലാറ്റ് സമുച്ചയത്തിന്റെ പേര് സീക്ക് ഹോട്ടല്‍സ് എന്നാക്കി മാറ്റി. ഇതിനിടെ കെ ജെ ജോര്‍ജിനെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ എത്തിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ഉന്നത സ്വാധീനമുള്ളതിനാല്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് പരാതി നല്‍കാന്‍ ഭയമായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 11 ന് നിക്ഷേപകര്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്കും റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവര്‍ക്കും ഹെന്നൂര്‍ പോലീസ് സ്റ്റേഷനും പരാതി നല്‍കി. ഒരു നടപടിയുമുണ്ടായില്ല. ഒടുവില്‍ ചിലര്‍ ചെറിയ വിലയ്ക്ക് ഫ്‌ലാറ്റുകള്‍ വിറ്റുവെന്നും ഇവര്‍ പറയുന്നു. 

ഇതുസംബന്ധിച്ച് പ്രവാസികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഷാനിമോളിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അതേസമയം, രാഷ്ട്രീയപ്രേരിതമാണ് ആരോപണമെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ വാദിക്കുന്നത്.
 

Tags