നിയമസഭാ തെരഞ്ഞെടുപ്പില്‍ കച്ചകെട്ടി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍, എല്ലാവര്‍ക്കും മുഖ്യമന്ത്രിയും മന്ത്രിയുമാകണം, എംപി ആയതുകൊണ്ട് ഗുണമില്ല
എംപി സ്ഥാനത്തിരിക്കുന്നവരും നിയമസഭയിലേക്ക് മത്സരിക്കാനാണ് ഒരുക്കം കൂട്ടുന്നത്. കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസന്‍, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ തുടങ്ങിയവരെ കൂടാതെ ഹൈബി ഈഡനെ പോലുള്ള യുവ എംപിമാരും നിയമസഭയിലേക്ക് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
യുഡിഎഫ് 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പശ്ചാത്തലത്തില്‍ അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് തെരഞ്ഞെടുപ്പ് നയിക്കുകയെങ്കിലും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന ഒന്നിലധികം നേതാക്കള്‍ ഇപ്പോള്‍ പാര്‍ട്ടിയിലുണ്ട്.
tRootC1469263">കണ്ണൂര്‍ എംപിയും മുന്‍ കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്‍ സംസ്ഥാന രാഷ്ട്രീയത്തിലാണ് സജീവമായി തുടരുന്നത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ദേശീയതലത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ അദ്ദേഹം കണ്ണൂരോ മറ്റു മണ്ഡലങ്ങളിലോ മത്സരിക്കുമെന്നാണ് ഊഹാപോഹങ്ങള്‍.
മുന്‍ കെപിസിസി പ്രസിഡന്റും വടകര മുന്‍ എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനും നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും മണ്ഡലമാണ് മുല്ലപ്പള്ളി ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായ എംഎം ഹസനും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തി എംഎല്‍എ ആകാനുള്ള ഒരുക്കത്തിലാണ്. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയില്‍ സജീവമായ അദ്ദേഹം തൃശൂരോ എറണാകുളമോ പോലുള്ള മേഖലകളിലാണ് താത്പര്യം പ്രകടിപ്പിച്ചത്. മുസ്ലിം സമുദായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പാര്‍ട്ടി അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
ആറ്റിങ്ങല്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശ് ആണ് എംപി സ്ഥാനം ഉപേക്ഷിച്ചേക്കുമെന്ന് കരുതുന്ന മറ്റൊരു നേതാവ്. 2026-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏറ്റവും സാധ്യതയുള്ള നേതാക്കളിലൊരാളാണ് അടൂര്‍ പ്രകാശ്. മന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നാണ് കരുതുന്നത്. ബെന്നി ബെഹനാനും സംസ്ഥാന മന്ത്രിസഭയിലെ സ്ഥാനം ലക്ഷ്യമാക്കിയുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു.
കോണ്‍ഗ്രസ് എംപിമാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മാറുന്ന പ്രവണത നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്‍ഡിഎഫിനെതിരെയുള്ള അതൃപ്തി ഉപയോഗപ്പെടുത്തി യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയാണ് ഇതിനു പിന്നില്‍. പാര്‍ട്ടി ജനുവരിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം ആരംഭിക്കുമെന്നും, 50% സീറ്റുകള്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി നീക്കിവയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
യുവപ്രാതിനിധ്യം ഉറപ്പാക്കുമെന്ന് പറയുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തേക്ക് ഇറങ്ങുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയാക്കും. നിലവില്‍ എംഎല്‍എയായ ഭൂരിഭാഗംപേരും സ്ഥാനമൊഴിയില്ല എന്നിരിക്കെ യുവാക്കള്‍ക്കും വനിതകള്‍ക്കും ജയസാധ്യതകുറഞ്ഞ മണ്ഡലങ്ങളാകും നീക്കിവെക്കുക എന്നാണ് റിപ്പോര്‍ട്ട്.
.jpg)


