എസ്.ഡി.പി.ഐ നിരോധിക്കപ്പെടുമ്പോൾ മറ്റു പാർട്ടികൾ മൗനം പാലിക്കുന്നു ; പ്രതിരോധത്തിന് ഒരേ തൂവൽപക്ഷിയായ ജമാത്തെ ഇസ്ലാമി മാത്രം


പാർട്ടിദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടന്നിരിക്കുന്നത്.
കണ്ണൂർ : കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻ്റ് പരിശോധന നടത്തിയതോടെ എസ്ഡിപിഐയെ കേന്ദ്ര സർക്കാർ സമ്പൂർണ്ണമായി നിരോധിക്കാനുള്ള സാധ്യതയേറി. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന സംഘടനയുടെ ആസ്ഥാനങ്ങളിൽ ഒരേ സമയം റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.
പാർട്ടിദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാൻ ഫൈസിയുടെ നേതൃത്വത്തിൽ ശ്രമിച്ചു വെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന്.
രണ്ടു ദിവസം ഇഡി കസ്റ്റഡിയിൽ ഫൈസിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് രാജ്യത്തെ 12 ഇടങ്ങളിൽ ഒരേ സമയം പരിശോധന നടന്നത്. കേരളത്തിൽ തിരുവനന്തപുരത്തെ സംസ്ഥാന കമ്മറ്റി ഓഫീസിലും മലപ്പുറത്തെ ഓഫീസിലും പരിശോധന നടന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അംഗീകാരത്തോടെ പ്രവർത്തിച്ചു വരുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനെ അറസ്റ്റുചെയ്തിട്ടും അവരുടെ ഓഫിസുകളിൽ റെയ്ഡ് നടത്തിയിട്ടും രാജ്യത്തെ പ്രതിപക്ഷ പാർട്ടികളാരും പ്രതികരിച്ചിട്ടില്ല.

മതമൗലികവാദ സംഘടനയായ ജമാത്തെ ഇസ്ലാമി ഹിന്ദാണ് അവർക്ക് പിൻതുണയുമായെത്തിയത്. ജനങ്ങൾക്കിടെയിൽ ഭിന്നതയും അസ്വാരസ്യവും ഉണ്ടാക്കുന്നതിൽ നിസ്തൂലമായ സേവനം ചെയ്തു വരുന്ന സംഘടനയാണ് ജമാത്തെ ഇസ്ലാമിയും അവരുടെ രാഷ്ട്രീയ - മാധ്യമരൂപങ്ങളുമെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരേ തൂവൽപക്ഷികളാണ് എസ്.ഡി.പി.ഐ യും വെൽഫെയർ പാർട്ടിയുമെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.
രണ്ടു വർഷം മുൻപ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ തന്നെ എസ്.ഡി.പി.ഐക്കും ഏറെ നാൾ മുൻപോട്ടു പോകാൻ കഴിയില്ലെന്ന് വ്യക്തമായിരുന്നു. പി.എഫ്.ഐ നേതാക്കളെല്ലാം എസ്.ഡി.പി.ഐയിലേക്ക് കൂട്ടത്തോടെ കൂറു മാറി അവരുടെ പതിവു പരിപാടികൾ തുടർന്നത് ഏറെ വൈകാതെ തന്നെ കണ്ടുപിടിക്കപ്പെട്ടു. ഇതു നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര ഏജൻസികളുടെ സംവിധാനം രാജ്യത്തുണ്ടെന്ന് പലപ്പോഴുംഅവർ മറന്നു.
ഗൾഫിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും കോടികളുടെ ഫണ്ടാണ് പി.എഫ്. ഐ നേതാക്കളിലൂടെയെത്തിയത്. ഇതൊക്കെ കൈകാര്യം ചെയ്തു വന്നത് മതനിരപേക്ഷ പാർട്ടിയുടെ ലേബലിൽ പ്രവർത്തിക്കുന്ന എസ്.ഡി.പി.ഐ നേതാക്കളാണ്. സാമുഹിക വിഷയങ്ങളിൽ ഏർപ്പെടുകയും പിന്നോക്കക്കാരെ ചേർത്തു നിർത്തുകയും ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചു കൊണ്ടു പ്രവർത്തിച്ചു വന്ന സംഘടന അതിൻ്റെ തനിനിറം പുറത്തെടുക്കാൻ അധികനാൾ വേണ്ടി വന്നില്ല.
ആലപ്പുഴയിൽ നടന്ന വഖഫ് ഭേദഗതി ബിൽ പ്രതിഷേധ റാലിയിൽ അവർ വിളിച്ചത് ഇതര സമുദായത്തിനെതിരെയുള്ള വിദ്വേഷ മുദ്രാവാക്യങ്ങളാണ്. 1921ൽ മലപ്പുറം ജില്ലയിൽ ഒരു പ്രത്യേക സമുദായത്തിന് നേരെ നടത്തിയ കൂട്ടക്കൊലയുടെ കത്തി ദൂരെയെറിഞ്ഞിട്ടില്ലെന്ന അപകടകരമായ മുദ്രാവാക്യങ്ങൾ എത്തേണ്ടിടത്ത് എത്തിയതിൻ്റെ അനന്തരഫലമാണ് അവർ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അംഗീകാരമുള്ള പാർട്ടിയെന്ന നിലയ്ക്ക് വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നുഈ മതമൗലികവാദ പാർട്ടി. ഇരു മുന്നണികളെയും പ്രീണിപ്പിച്ചു കൊണ്ടുപോകുന്ന ഇവർ 2046 ൽ ഇന്ത്യയിൽ ഖിലാഫത്ത് ഭരണം വരുമെന്ന് സ്വപ്നം കാണുന്നവരാണ്. മറ്റുള്ളവരെ അടിച്ചൊതുക്കി ശരി അത്ത് നിയമം അനുസരിച്ച് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുമ്പോൾ ഖലീഫയായി ഭരണം നടത്തേണ്ട എം.കെ ഫൈസിയാണ് ഇപ്പോൾ അകത്തുപോയിരികുന്നത്.
വളരെ തന്ത്രപരമായാണ് കേന്ദ്ര സർക്കാർ എസ്.ഡി.പി.ഐക്കെതിരെയുള്ള നീക്കങ്ങൾ നടത്തുന്നത്.
കേരള പൊലീസിനെ അറിയിക്കാതെ ടാക്സി കാറിലടക്കം എത്തിയാണ് ചെന്നൈ, കൊച്ചി ഇ.ഡി ഓഫീസുകളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കേന്ദ്ര സേന പരിശോധനയ്ക്ക് സുരക്ഷയും ഒരുക്കി. കേരളത്തിനൊപ്പം ഡൽഹിയിലെ ദേശീയ ആസ്ഥാനത്തും ബെംഗളുരു, താനെ, ചെന്നൈ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ, എന്നിവിടങ്ങളിലും പരിശോധന നടന്നു. പരിശോധന പൂർത്തിയായതിന് പിന്നാലെ മലപ്പുറം,തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽ എസ് ഡി പി ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
റെയിഡിനെ ശക്തമായി അപലപിച്ച എസ്ഡിപിഐ ബിജെപി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധമായ നടപടിയാണ് ഇതെന്നും വിമർശിച്ചു.എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പിഎഫ്ഐയും എസ്‌ഡിപിഐയും ഒന്നാണെന്നാണ് ഇഡി വ്യക്തമാക്കിയിരിക്കുന്നത്.
ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാൻ പി എഫ് ഐ ശ്രമിച്ചതിന്റെ ഭാഗമായാണ് എസ്‌ഡിപിഐ രൂപീകരിച്ചതെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു. പിഎഫ്ഐയുെ എസ് ഡിപിയും തമ്മിൽ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൂടൂതൽ വിവരങ്ങൾ ശേഖരിച്ചെന്നും ഇഡി പറയുന്നു. കഴിഞ്ഞ ദിവസത്തെ പരിശോധനയുടെ സാഹചര്യത്തിൽ കൂടുതൽ എസ്ഡിപിഐ നേതാക്കളെ അറസ്റ്റു ചെയ്യാനാണ് സാധ്യത. അതാകട്ടെ സമ്പൂർണ നിരോധനത്തിലേക്കും കലാശിച്ചേക്കും എന്നാൽ എസ്.ഡി.പി.ഐയെ നിരോധിച്ചാലും അവർ ഉയർത്തുന്ന ഇരവാദവും വിഭജനമുദ്രാവാക്യങ്ങളും അവസാനിക്കില്ല. മറ്റൊരു പേരിൽ സംഘടന രൂപീകരിക്കാനും ഹമാസിൻ്റെ ആശയങ്ങൾ രാജ്യത്ത് പ്രചരിപ്പിക്കാനുമുള്ള സംഘബലവും ആയുധബലവും അവർക്കുണ്ട്.
എസ്.ഡി.പി.ഐ യും ജമാത്തെ ഇസ്ലാമിയും ഇന്ത്യൻ സംഘടനകൾ മാത്രമല്ല അന്താരഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മുസ്ലീം ബ്രദർഹുഡിൻ്റെ ഭാഗമാണ്.ഹമാസ് , ഇസ്ലാമിക് സ്റ്റേറ്റ്, ഹിസ് ബുൾ മുജാഹിദിൻ,താലിബാൻ എന്നിവയുമായൊക്കെ നാഭീനാളബന്ധം അവർക്കുണ്ട്. ഇന്ത്യയെ തകർക്കാൻ രാജ്യത്തിനുള്ളിൽ നിന്നും പുറത്തും നിന്നും പ്രവർത്തിക്കാമെന്ന് തെളിയിച്ചവരാണ് പി.എഫ്.ഐ.
തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സമാധാനപരമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന മതവിശ്വാസികളാണ് അനുഭവിക്കേണ്ടി വരിക.
മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരിധി വിട്ടു പ്രവർത്തിക്കുമ്പോൾ അപകടകരമായ വിഭാഗീയ ആശയങ്ങളും പ്രചരിപ്പിക്കുകയാണ് മതേതരമായി ചിന്തിക്കുന്നവരാരും ഇത്തരം നീക്കങ്ങൾക്ക് വളം വെച്ചു കൊടുക്കരുത്. സർവ്വ വിനാശത്തിൻ്റെ പാതയാണ് തീവ്രവാദ ആശയക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ഭൂരിപക്ഷവർഗീയതയെ ചെറുക്കാൻ ന്യൂനപക്ഷ വർഗീയതയല്ല ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളുമായി ഐക്യപ്പെടുകയാണ് വേണ്ടത്.