സ്കൂളുകളിൽ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നു ; തല്ലുമാലയിൽ പഠനം സ്തംഭിക്കുന്നു
കണ്ണൂർ : ഇപ്പോഴിറങ്ങിയ മാർക്കോ സിനിമാഎഫക്റ്റെന്ന പോലെ സ്കൂളുകളിൽ പ്ളസ് വൺ- പ്ളസ് ടൂ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നു. ഗ്യാങ് വാറിൻ്റെ സ്വഭാവത്തിലുള്ള ഇത്തരം ഏറ്റുമുട്ടൽ കാരണം ചില സ്കൂളുകളുടെ പ്രവർത്തനം തന്നെ തടസപ്പെട്ടിരിക്കുകയാണ്.
കണ്ണൂർ കോർപറേഷൻ പരിധിയിലെ ഒരു പ്രമുഖ വിദ്യാലയത്തിൽ കഴിഞ്ഞ ഒരു ആഴ്ച്ചക്കാലമായി വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടുന്നതിനാൽ സ്കൂളിൻ്റെ ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ പ്രവർത്തനം തന്നെ താറുമാറായിരിക്കുകയാണ്. ഉച്ച ഭക്ഷണത്തിന് ക്ലാസ് വിടുമ്പോൾ ഇടവഴിയിലും റോഡിൽ നിന്നുമാണ് വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത്.
ഇത്തരം സംഘട്ടനങ്ങളിൽ പ്ളസ് വൺ വിദ്യാർത്ഥികൾക്ക് സാരമായി പരുക്കേൽക്കാറുണ്ടെങ്കിലും ഇവർ പൊലിസിനെ സമീപിക്കാറില്ല. സീനിയർ വിദ്യാർത്ഥികളുടെ ഭീഷണിയെ തുടർന്നാണിതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പരാതി നൽകാൻ പലരും തയ്യാറാകാത്തത് കാരണം സാരമായി പരുക്കേൽക്കുന്ന സംഭവങ്ങളിൽപ്പോലും പൊലിസിനെ സമീപിക്കാൻ കഴിയാറില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. പതിനഞ്ചോളം വിദ്യാർത്ഥികളെ തമ്മിൽ തല്ലിയതിന് ഈ വിദ്യാലയത്തിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ എയ്ഡഡ് സ്കൂൾമാനേജരുടെ നേതൃത്വത്തിൽ അധ്യാപക-രക്ഷാകർതൃ , വിദ്യാർത്ഥികളുടെ സംയുക്ത യോഗം ഇവിടെ വിളിച്ചു ചേർത്തുവെങ്കിലും ഉച്ചയോടെ വീണ്ടും തമ്മിൽ തല്ലുണ്ടായി. കണ്ണൂർ കോർപറേഷൻ പരിധിയിൽ മാത്രമല്ലജില്ലയിലെ മിക്ക സ്കൂളിലും വേനലവധി അടുത്തിരിക്കെ സ്ഥിതി ഇതു തന്നെയാണ് പരിയാരത്ത് രക്ഷിതാക്കളുടെയും കാവലിൽ പഠനം നടക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.