അക്ഷരമുറ്റത്ത് വിരുന്നെത്തിയ രണ്ട് 'വി ഐ പി താരങ്ങൾ'!
പക്ഷേ, "ക്വാണ്ടിറ്റിയിലല്ല, ക്വാളിറ്റിയിലാണ് കാര്യം!" കുട്ടികളുടെ എണ്ണം കുറവാണെന്ന് കരുതി പഠിപ്പിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇവിടുത്തെ അധ്യാപകർ തയ്യാറല്ല. അതിനൊരു ഉഗ്രൻ തെളിവ് കഴിഞ്ഞ വർഷത്തെ റിസൾട്ടിലുണ്ട്! കഴിഞ്ഞ വർഷം ഈ സ്കൂളിൽ നിന്ന് 7 കുട്ടികളാണ് എൽ.എസ്.എസ് (LSS) പരീക്ഷ എഴുതിയത്. അതിൽ 5 കുട്ടികളും ഉന്നത വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി!
സ്കൂൾ തുറക്കുന്ന ദിവസം പുതിയ ബാഗും കുടയുമൊക്കെയായി തല്ലുകൂടി ഓടിനടക്കുന്ന കുട്ടിക്കൂട്ടങ്ങളെയാണ് നമ്മൾ സാധാരണ കാണാറുള്ളത്. എന്നാൽ കണ്ണൂർ ജില്ലയിലെ രാമന്തളി ഗവൺമെൻ്റ് എൽ.പി സ്കൂളിലെ കാഴ്ച അല്പം വ്യത്യസ്തമാണ്. ഇത്തവണ ഈ സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് എത്തിയത് വെറും രണ്ട് കുരുന്നുകൾ മാത്രമാണ്! എണ്ണം രണ്ടേ ഉള്ളൂവെങ്കിലും, വന്നത് വിപി വിഐപികൾ ആണെന്ന മട്ടിലാണ് സ്കൂൾ അധികൃതർ ഇവരെ വരവേറ്റത്. പ്രധാനധ്യാപകൻ ടി.പി മോഹനന്റെ നേതൃത്വത്തിൽ അധ്യാപകരായ അനുശ്രീ, പ്രിയ, ശ്രുതി എന്നിവർ ചേർന്ന് ഈ കൊച്ചു കൂട്ടുകാരെ മധുരം നൽകി സ്വീകരിച്ചു.
ഒന്നാം ക്ലാസിലെ അധ്യാപിക അനുശ്രീയുടെ കൈപിടിച്ച്, ഒരല്പം പേടിയോടെയും ഒരുപാട് കൗതുകത്തോടെയുമാണ് ആ കുരുന്നുകൾ തങ്ങളുടെ അക്ഷരമുറ്റത്തേക്ക് ആദ്യ ചുവടുവെച്ചത്. ബീഹാർ സ്വദേശികളായ ധർമ്മേന്ദ്ര യാദവിൻ്റെയും ഇന്ദുമതി ദേവിയുടെയും മക്കളായ വിവേക് യാദവും നിബാ കുമാരിയുമാണ് ഈ ഒന്നാം ക്ലാസിലെ 'വി.ഐ പി' വിദ്യാർത്ഥികൾ.
1956-ൽ സ്ഥാപിതമായ, നീണ്ട വർഷത്തെ പാരമ്പര്യമുള്ള വിദ്യാലയമാണിത്. ഒരു കാലത്ത് ഒട്ടനവധി പ്രതിഭകളെ നാടിന് സമ്മാനിച്ച വലിയൊരു ചരിത്രമുള്ള ഈ സ്കൂളിൽ ഇന്ന് കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നത് ഏറെ ആശങ്കാജനകമായ ഒരു കാഴ്ചയാണ്. നിലവിൽ ഒന്നു മുതൽ നാലാം ക്ലാസ്സുവരെയുള്ള ആകെ കുട്ടികളുടെ എണ്ണം വെറും പതിമൂന്ന് പേർ മാത്രമാണ്! ഇതിൽ തന്നെ അഞ്ച് കുട്ടികൾ മാത്രമാണ് മലയാളികളായിട്ടുള്ളത് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
പക്ഷേ, "ക്വാണ്ടിറ്റിയിലല്ല, ക്വാളിറ്റിയിലാണ് കാര്യം!" കുട്ടികളുടെ എണ്ണം കുറവാണെന്ന് കരുതി പഠിപ്പിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇവിടുത്തെ അധ്യാപകർ തയ്യാറല്ല. അതിനൊരു ഉഗ്രൻ തെളിവ് കഴിഞ്ഞ വർഷത്തെ റിസൾട്ടിലുണ്ട്! കഴിഞ്ഞ വർഷം ഈ സ്കൂളിൽ നിന്ന് 7 കുട്ടികളാണ് എൽ.എസ്.എസ് (LSS) പരീക്ഷ എഴുതിയത്. അതിൽ 5 കുട്ടികളും ഉന്നത വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി!
കുട്ടിക്കൂട്ടങ്ങളുടെ കുറവ് ഒരു പ്രതിസന്ധിയാണെങ്കിലും, തങ്ങളുടെ മുന്നിലെത്തുന്ന ഓരോ കുട്ടിക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ തന്നെയാണ് ഈ അധ്യാപക കൂട്ടായ്മയുടെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ ഈ അക്ഷരമുറ്റത്തേക്ക് ഓടിയെത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും നാട്ടുകാരും. എണ്ണം കുറവാണെങ്കിലും ഈ കുരുന്നുകളുടെ ചിരിയും പഠനവും കൊണ്ട് രാമന്തളി എൽ.പി സ്കൂൾ ഇനിയും സജീവമായിത്തന്നെ മുന്നോട്ട് പോകണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം.
.jpg)

