പിഎം ശ്രീ പദ്ധതി, ഭരണം മാറിയ ഉടന്‍ കേന്ദ്രം കത്തയച്ചത് യാചനയുടെ സ്വരത്തില്‍, വെറും ഒരു കൊല്ലം മാത്രം കാലാവധിയുള്ള പദ്ധതിക്ക് വിഡി സതീശന്‍ മുന്‍കൈ എടുക്കുന്നത് ബിജെപിക്ക് വേണ്ടിയോ?

PM Shri

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പൊതുസമൂഹത്തിന് മുന്നില്‍ നടത്തിയ പ്രസ്താവനകളില്‍ ഇത് മറച്ചുവയ്ക്കുകയും മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയെന്നും ഇനി തുടരുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നുമാണ് അറിയിച്ചത്.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ പിഎം ശ്രീ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്, കേന്ദ്രത്തില്‍ നിന്നുള്ള ഒരു പ്രധാന കത്ത് ലഭിച്ചതിന് തൊട്ടുപിന്നാലെ.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പൊതുസമൂഹത്തിന് മുന്നില്‍ നടത്തിയ പ്രസ്താവനകളില്‍ ഇത് മറച്ചുവയ്ക്കുകയും മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയെന്നും ഇനി തുടരുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നുമാണ് അറിയിച്ചത്.

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ ഉടനെ മെയ് 8-ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഈ കത്ത് കൈയിലിരിക്കെയാണ് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയത്.

നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രം മരവിപ്പിക്കാനായി കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇക്കാര്യം കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. തുടര്‍നടപടികള്‍ തീരുമാനിക്കുന്നതുവരെ ധാരണാപത്രത്തിന്റെ നടപ്പാക്കല്‍ മരവിപ്പിച്ചിരുന്നതായി അറിയിച്ചിരുന്നു. 

ഇത് മൂലം സര്‍ക്കാര്‍ സ്‌കൂളുകളുടെ തിരഞ്ഞെടുപ്പും പദ്ധതി നടപ്പാക്കലും വൈകി. 2022 സെപ്തംബറില്‍ അഞ്ച് വര്‍ഷത്തേക്ക് ആരംഭിച്ച പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനാല്‍, സംസ്ഥാനത്തെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ കാലതാമസമില്ലാതെ പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രം അഭ്യര്‍ത്ഥിക്കുന്നത്.

കേന്ദ്ര കത്ത് ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം പദ്ധതി നടപ്പാക്കാനും തീരുമാനമായി. ഇതിനായി മന്ത്രസഭാ ഉപസമിതിയേയും നിയോഗിച്ചു.

എന്നാല്‍, പൊതുജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളില്‍ കേന്ദ്ര കത്തിന്റെ സ്വാധീനം മറച്ചുവയ്ക്കുകയും പദ്ധതി മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയതാണെന്ന് ചിത്രീകരിക്കുകയുമാണ് ചെയ്തത്. ഇതോടെ പദ്ധതി ബിജെപിക്കുവേണ്ടിയാണ് നടപ്പാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Tags