എസ്എഫ്‌ഐ ഇത് ലജ്ജിപ്പിക്കുന്നത്, നേതൃത്വത്തിന്റെ വെളിവുകേടിനെതിരെ ശബ്ദിക്കണമെന്ന് ശാരദക്കുട്ടി
തിരുവനന്തപുരം: വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോവുകയാണ് വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ. സംഘടനാ പാടവവും പക്വതയുമുള്ള നേതാക്കളും ഇല്ലാത്തതിന്റെ ദൂഷ്യങ്ങളെല്ലാം സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന അനുഭവിക്കുകയാണ്. ആദ്യം കെ വിദ്യയ്‌ക്കെതിരായ വ്യാജ രേഖ വിവാദമാണെങ്കില്‍ തൊട്ടുപിന്നാലെ നിഖില്‍ തോമസിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തിലും എസ്എഫ്‌ഐ വിയര്‍ക്കുകയാണ്.
tRootC1469263">കായംകുളം എംഎസ്എം കോളേജില്‍ പഠിക്കുന്ന അതേ കാലയളവില്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ റഗുലര്‍ വിദ്യാര്‍ഥിയായി പഠിച്ചെന്ന രേഖയുണ്ടാക്കിയ നിഖില്‍ തോമസിനെ യാതൊരു ഉത്തരവാദിത്വവുമില്ലാതെ എസ്എഫ്‌ഐ ന്യായീകരിച്ചത് നേതൃത്വത്തിന് സംഭവിച്ച വലിയ പിഴവാണ്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി ശക്തമായി നിലകൊണ്ട എസ്എഫ്‌ഐയുടെ ഇത്തരത്തിലൊരു അധപതനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി.
തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എസ്എഫ്‌ഐയുടെ ഇപ്പോഴത്തെ നിലപാടുകള്‍ ലജ്ജിപ്പിക്കുന്നതാണെന്ന് ശാരദക്കുട്ടി എഴുതി. സ്വയം വിലയിരുത്തുകയും ലജ്ജിച്ചു തലകുനിക്കുകയും ചെയ്യുന്ന കുറച്ച് വിദ്യാര്‍ഥികളെങ്കിലും ഈ സംഘടനയില്‍ ശേഷിക്കുന്നില്ലേ എന്നും അവര്‍ ചോദിക്കുന്നു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
കായംകുളം MSM കോളേജിൽ നിന്നു കേൾക്കുന്ന വാർത്തകൾ ലജ്ജിപ്പിക്കുന്നതാണ്.
ഉന്നതവിദ്യാഭ്യാസരംഗവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിട്ടുള്ള ഒരാൾക്കും ദഹിക്കാവുന്ന വസ്തുതകളോ ന്യായങ്ങളോ അല്ല SFI നേതൃത്വത്തിന്റെയും കോളേജ് അധികാരികളുടെയും നടപടികളിലും സംസാരത്തിലും ഉള്ളത്.
മൂന്നു വർഷം അവിടെ Bcom പഠിച്ച വിദ്യാർഥി നേതാവുകൂടിയായ ഒരാൾ തോറ്റതാണോ ജയിച്ചതാണോ എന്ന് പോലും Dept. head നോ മറ്റധ്യാപകർക്കോ അറിയില്ല എന്നു പറഞ്ഞാൽ ഏതു കോത്താഴത്താണ് അത് വിലപ്പോവുക ? റഗുലറായി അവിടെ പഠിച്ചിരുന്ന സമയത്തു തന്നെ വളരെ ദൂരെ മറ്റൊരു സർവ്വകലാശാലയിൽ ഇതേ course തന്നെ റഗുലറായി പഠിച്ചു ജയിച്ച 'സർട്ടിഫിക്കറ്റ് ' ഹാജരാക്കുകയും പഠിപ്പിച്ച അധ്യാപകരും കോളേജും അത് സ്വീകരിച്ച് നിഖിലിന് എം.കോമിന് പ്രവേശനം നൽകി എന്നത് അമ്പരപ്പിക്കുന്ന സംഗതി തന്നെ. ഇതൊക്കെ നോട്ടപ്പിശകോ യാദൃഛികതയോ ആണെന്നു പറഞ്ഞാൽ അത് വിഴുങ്ങാൻ പ്രയാസമുണ്ട്.
ഭരിക്കുന്ന പാർട്ടിയുമായി ബന്ധപ്പെട്ട അധ്യാപകരും വിദ്യാർഥികളും ഗവേഷകരും എഴുത്തുകാരും മുതൽ താഴേക്ക് ഉള്ളവർ വരെ തുടർച്ചയായി നേരിടുന്ന ഇത്തരം ആക്ഷേപങ്ങൾ നിസ്സാരമായി കണ്ട് തള്ളിക്കളയേണ്ടതല്ല. ആരോപണങ്ങൾ വസ്തുനിഷ്ഠമാകുമ്പോൾ അവയെ പ്രതിരോധിക്കേണ്ടത് വസ്തുനിഷ്ഠമായി തെളിവുകൾ നിരത്തിത്തന്നെ വേണം. അല്ലാതെ, പിടിക്കപ്പെട്ടാലുടൻ , സ്ത്രീയായതു കൊണ്ടാണ് , അബലയായതു കൊണ്ടാണ് , നിഷ്കളങ്കയായതു കൊണ്ട് പറ്റിയതാണ്, അവർക്കതിന്റെ ആവശ്യമുണ്ടായിരുന്നില്ല, മാഫിയയിൽ പെട്ടു പോയതാണ്,
അസൂയയാണ് എന്നെല്ലാം പറഞ്ഞ് ന്യായീകരിച്ച് പരിഹാസ്യരാവുകയല്ല വേണ്ടത്.
വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ടിരുന്ന ഒരു സംഘടനയാണ് എനിക്കറിയുമായിരുന്ന SFI. അവരുടെ നീതി ഉറപ്പാക്കി കിട്ടാനായി ഡിപാർട്ട്മെന്റിനെയും പ്രിൻസിപ്പാളിനെയും മാനേജ്മെന്റിനെയും ഒക്കെ ചോദ്യം ചെയ്യുകയും ഭരണം സ്തംഭിപ്പിക്കുകയും ഒക്കെ ചെയ്തിരുന്ന സംഘടനയാണ് SFI. പലപ്പോഴും തങ്ങളുടെ പ്രസക്തി ശക്തമായി തെളിയിച്ചിട്ടുമുണ്ട്.
ഇന്നെന്താണ് സംഭവിക്കുന്നത് !! സ്വയം വിലയിരുത്തുകയും ലജ്ജിച്ചു തലകുനിക്കുകയും ചെയ്യുന്ന കുറച്ച് വിദ്യാർഥികളെങ്കിലും ഈ സംഘടനയിൽ ശേഷിക്കുന്നില്ലേ ? നിർഭയരായി തങ്ങളുടെ നേതൃത്വത്തിന്റെ വെളിവുകേടുകൾക്കെതിരെ ശബ്ദിക്കുവാൻ അവർക്കു ന്യായമായും ഭയമാകുന്നുണ്ടാകും.
ഇതെഴുതുമ്പോൾ എനിക്കു കൂടി ഭയമുണ്ട്. അണികളുടെ ലൈക്കോ തെറി വിളികളോ കൊണ്ട് ഇത്തരം സംഭവങ്ങളെ നേരിട്ടു കളയാമെന്ന് വ്യാമോഹിക്കുന്നത് ഒരു ഗതകാലമോഹം മാത്രമാണ്.
.jpg)

