ഉത്സവ പറമ്പുകളിലെ സിനിമാഗാനം നിരോധിക്കണോ? യേശുദാസെല്ലാം എത്രയെത്ര ഉത്സവങ്ങളില്‍ എല്ലാ മതങ്ങളുടേയും പാട്ടുപാടി, മലയാളികള്‍ കൂടുതല്‍ വര്‍ഗീയമായി ചിന്തിക്കുകയാണോ?


കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിലും കാവുകളിലുമെല്ലാം പതിറ്റാണ്ടുകളായി ഉത്സവങ്ങളോട് അനുബന്ധിച്ച് ഗാനമേളകളും നാടകങ്ങളുമെല്ലാം അരങ്ങേറുന്നു.
കൊച്ചി: ഒരു ഉത്സവപ്പറമ്പില്‍ വിപ്ലവഗാനവും സിനിമാ ഗാനവും പാടിയതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വിവാദം കൊഴുക്കുകയാണ്. അതിനിടെ ഹൈക്കോടതിയും ഗാനമേളയെ വിമര്‍ശിച്ചു. ക്ഷേത്രപറമ്പുകളില് ഭക്തിഗാനമേള മാത്രം മതിയെന്നാണ് കോടതി നിലപാട്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിലും കാവുകളിലുമെല്ലാം പതിറ്റാണ്ടുകളായി ഉത്സവങ്ങളോട് അനുബന്ധിച്ച് ഗാനമേളകളും നാടകങ്ങളുമെല്ലാം അരങ്ങേറുന്നു. എല്ലാ മതങ്ങളുടെ പാട്ടുകളും യുവാക്കളെ ത്രസിപ്പിക്കുന്ന ഗാനങ്ങളുമെല്ലാം ഗാനമേളകളിലുണ്ടാകും.
ഉത്സവങ്ങളുടെ ഉത്സവാത്മകത അതിലെ ആഘോഷങ്ങളും തിമിര്‍പ്പും ബഹളവും കൂടിയാണെന്നാണ് എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടിയുടെ പ്രതികരണം. ഭജനയും തിരുവാതിരയും ഓട്ടന്‍ തുള്ളലും പോലെ തന്നെ പ്രധാനമാണ് ജനകീയ കലകളായ നാടകവും സിനിമയും ഗാനമേളകളുമെന്നും അവര്‍ പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ഞാന്‍ യേശുദാസിന്റെ ഗാനമേള ആദ്യമായി കേട്ടത് തിരുനക്കര ക്ഷേത്രോത്സവത്തിനിടയിലാണ്. പിന്നീട് പല തവണ യേശുദാസ് തിരുനക്കരയില്‍ ഗാനമേളക്കു വന്നിട്ടുണ്ട്.
ഇടയ കന്യകേ പോവുക നീ ഈയനന്തമാം ജീവിത വീഥിയില്‍ ഇടറാതെ കാലിടറാതെ എന്ന ഗാനത്തില്‍ തുടങ്ങുന്ന ഗാനമേളക്കിടയില്‍ പലതരം ഗാനങ്ങള്‍ ജനങ്ങളുടെ ആവശ്യപ്രകാരം അദ്ദേഹം പാടുമായിരുന്നു അതില്‍ ഗുരുവായൂരമ്പല നടയിലുണ്ടാകും. ഓമലാളെ കണ്ടൂ ഞാന്‍ ഉണ്ടാകും. മനക്കലെ തത്തേ മറക്കുടത്തത്തേ ഉണ്ടാകും. റസൂലേ നിന് കനവാലെ ഉണ്ടാകും. ശബരിമലയില്‍ തങ്ക സൂര്യോദയം ഉണ്ടാകും.സഖാക്കളേ മുന്നോട്ട് ഉണ്ടാകും മാറ്റുവിന്‍ ചട്ടങ്ങളെ ഉണ്ടാകും. കുട്ടനാടന്‍ പുഞ്ചയിലെ ഉണ്ടാകും.. മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജി വെക്കണം ഉണ്ടാകും.
ഒടുവില്‍ ആളുകളെ എല്ലാം ഇളക്കി മറിച്ച് പരിപ്പു വടാ പക്കുവടാ, മരുന്നോ നല്ല മരുന്ന്, സുറുമാ നല്ല സുറുമാ, എന്നടീ റക്കമ്മ - തുടങ്ങിയവയിലേതെങ്കിലുമുണ്ടാകും. കോട്ടയം ക്ഷേത്രമൈതാനം അക്ഷരാര്‍ഥത്തില്‍ ഇളകി മറിയുന്ന ജനസമുദ്രമാകും.
തുടര്‍ന്ന് റാണിചന്ദ്ര,വിജയശ്രീ, ജയഭാരതി, കനകദുര്‍ഗ്ഗ, ഉണ്ണിമേരി ഇവരുടെ ആരുടെയെങ്കിലും നൃത്തമുണ്ടാകും. ഫാസില്‍ & വേണു വിന്റെ മിമിക്രി ഉണ്ടാകും. ലോക പ്രശസ്ത കൃതികളെ ആധാരമാക്കിയുള്ള, സാംബശിവന്റെ കഥാപ്രസംഗമുണ്ടാകും.
നാലഞ്ചു കൊല്ലം മുന്‍പ് റിമിടോമി ഗാനമേളക്ക് വന്നപ്പോളാണ് യേശുദാസിന്റെ ഗാനമേളക്കു ശേഷം അതു പോലൊരാള്ക്കൂട്ടം പിന്നീട് കണ്ടത്. ഇളകി മറിയുന്ന ആള്‍ക്കടല്‍.
റിമിടോമിയുടെ കാലമായപ്പോഴേക്ക് ഗാനമേളയില്‍ വലിയ മാറ്റങ്ങള്‍ വന്നു. ഗാനമേളകള്‍ വലിയ ഒരു ദൃശ്യവിരുന്നു കൂടിയായി മാറി. കോടിയേരി ബാലകൃഷ്ണന് ഒരിക്കല്‍ റിമിടോമിയുമായുള്ള അഭിമുഖത്തില്‍ തമാശയായി പറയുകയുണ്ടായി, 'ആഭ്യന്തരവകുപ്പിനെ വിറപ്പിക്കുന്ന ഗാനമേളയല്ലേ നിങ്ങളുടേത് 'എന്ന് . ഭക്തിഗാനമേള ആയിരുന്നില്ല അത്.
അലോഷിയുടെ ഗാനമേളകള്‍ വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവന്നു. സോഫ്റ്റ് മെലഡികള്‍ പോലും ജനങ്ങളെ ഒന്നടങ്കം പങ്കെടുപ്പിച്ചു കൊണ്ടുള്ള ആഘോഷമാക്കി മാറ്റാന്‍ അലോഷിക്കു കഴിയുന്നു.
ഉത്സവങ്ങളുടെ ഉത്സവാത്മകത അതിലെ ആഘോഷങ്ങളും തിമിര്‍പ്പും ബഹളവും കൂടിയാണ്. ഉത്സവങ്ങളെന്നാല് മതകീയമായ അനുഷ്ഠാനങ്ങള്‍ക്കപ്പുറം ഒരു കാര്‍ണിവല്‍ സംസ്കാരത്തിന്റെ പ്രതിഫലനമാണ്. അതിനെ ബലി കൊടുത്താല്‍ നഷ്ടമാവുക സാമൂഹികജീവിതത്തിലെ ഒത്തൊരുമയുടെ ആഹ്ലാദങ്ങളാണ്. ഭജനയും തിരുവാതിരയും ഓട്ടന്‍ തുള്ളലും പോലെ തന്നെ പ്രധാനമാണ് ജനകീയ കലകളായ നാടകവും സിനിമയും ഗാനമേളകളും.