ടീമിലെടുക്കാതെ പുറത്താക്കിയ സഞ്ജുവിന് കീഴില്‍ കളിക്കുന്ന ടീം ഇന്ത്യ, നാണക്കേടെന്ന് ആരാധകര്‍


തിരുവനന്തപുരം: ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിന് ശേഷം ആരാധകരുടെയും കളി വിദഗ്ധരുടെയും ഇടയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ചര്‍ച്ചാ വിഷയമാണ്. 2023 ലെ ഏഷ്യാ കപ്പ് ടീമിന്റെ ബാക്ക് അപ്പായി ടീമിലുണ്ടായിരുന്നെങ്കിലും ലോകകപ്പ് ടീമിലും ഏഷ്യന്‍ ഗെയിംസ് ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല.
ദേശീയ ടീമിലെടുക്കാതെ പുറത്തിരുത്തിയ സഞ്ജു സാംസണിന്റെ കീഴില്‍ പരിശീലിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. നെതര്‍ലന്‍ഡ്സിനെതിരായ പരിശീലന മത്സരത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ടീം പരിശീലിക്കുന്ന സ്ഥലത്ത് സാംസണിന്റെ കൂറ്റന്‍ പോസ്റ്റര്‍ ഉണ്ടായിരുന്നു. ഇതിന് കീഴിലായിരുന്നു കളിക്കാരുടെ പരിശീലനം.

തന്റെ പോസ്റ്ററും ടീം അംഗങ്ങളുമുള്ള ചിത്രം പോസ്റ്റ് ചെയ്ത് സഞ്ജു ശ്രദ്ധേനേടുകയും ചെയ്തു. 'ടീം ഇന്ത്യക്കൊപ്പം ദൈവത്തിന്റെ സ്വന്തം നാട്' എന്നാണ് സഞ്ജുവിന്റ കമന്റ്. സഞ്ജുവിന്റെ പോസ്റ്ററിന് കീഴില്‍ കളിക്കേണ്ടിവന്ന ഇന്ത്യന്‍ ടീം അംഗങ്ങളെ ആരാധകര്‍ കണക്കിന് പരിഹസിക്കുകയും ചെയ്തു.
ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് താരങ്ങള്‍ ലോകകപ്പ് സന്നാഹം കളിക്കാന്‍ കിലോമീറ്റുകള്‍ താണ്ടിയെത്തിയെങ്കിലും മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കപ്പെട്ടു. ശനിയാഴ്ച ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരവും മഴമൂലം നടന്നില്ല. ഇതോടെ പരിശീലന മത്സരം കളിക്കാതെയാകും ഇന്ത്യ ലോകകപ്പിനിറങ്ങുക.
ടൂര്‍ണമെന്റിന്റെ ആദ്യ മൂന്ന് ദിവസത്തെ വേദിയായ അഹമ്മദാബാദ്, ഹൈദരാബാദ്, ധര്‍മ്മശാല എന്നിവിടങ്ങളില്‍ മഴയുണ്ടാകില്ലെന്നാണ് പ്രവചനം. അഹമ്മദാബാദില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് മത്സരത്തോടെ വ്യാഴാഴ്ചയാണ് ലോകകപ്പ് ആരംഭിക്കുന്നത്.