ഗംഭീറും ജയ് ഷായും കളിതുടങ്ങി, സെഞ്ച്വറി നേടിയ സഞ്ജു പുറത്ത്, ഒരു കളിമാത്രം കളിച്ച ദുബെയും പുതുമുഖം പരാഗും ടീമില്‍
ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണിനെ പുറത്താക്കിയതില്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം. മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജുവിന് ഏകദിനത്തില്‍ 56 റണ്‍സ് ശരാശരിയുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒടുവിലത്തെ നിര്‍ണായക മത്സരത്തില്‍ സെഞ്ച്വറി നേടി ടീമിന് വിജയവും പരമ്പരയും നേടിക്കൊടുത്ത സഞ്ജുവിനെ ശ്രീലങ്കയ്‌ക്കെതിരെ ഒഴിവാക്കിയത് ദുരൂഹമാണെന്ന് ആരാധകര്‍ പറയുന്നു.
tRootC1469263">അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്നോടിയായാണ് ശേഷിക്കുന്ന പരമ്പരകളെ ഇന്ത്യ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റില്‍ കളിക്കണമെങ്കില്‍ ഏകദിന ടീമില്‍ ഉള്‍പ്പെടേണ്ടതുണ്ട്. എന്നാല്‍, പരിചയസമ്പന്നനല്ലാത്ത ശിവം ദുബെയ്ക്കും പുതുമുഖം റിയാന്‍ പരാഗിനും ടീമില്‍ ഇടം നല്‍കിയപ്പോള്‍ സഞ്ജു സാംസണിന് സ്ഥാനം നഷ്ടമായി.
ഗൗതം ഗംഭീര്‍ പരിശീലകനായി സ്ഥാനമേറ്റെടുത്തയുടനെയാണ് സഞ്ജുവിന്റെ പുറത്താകല്‍ എന്നത് ശ്രദ്ധേയമാണ്. ടി20 ടീമില്‍ സഞ്ജുവിന് ഇടം നല്‍കിയെങ്കിലും ഏകദിനത്തില്‍ പുറത്താക്കിയത് പരിശീലകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നത് വ്യക്തം. ബിസിസിഐ സെക്രട്ടറിയായ ജെയ് ഷായുടെ കൂടെ പരിശീലകനായി ഗംഭീറെത്തിയാല്‍ ഇഷ്ടക്കാര്‍ക്ക് ടീമിലിടം കിട്ടുമെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. സഞ്ജുവിന്റെ പുറത്താകലോടെ കളിക്കാരുടെ തെരഞ്ഞെടുപ്പില്‍ ഇടപെടലുണ്ടെന്ന കാര്യം തെളിയുകയാണ്.
സഞ്ജുവിനെ കാരണമൊന്നും കൂടാതെ പുറത്താക്കിയതില്‍ മലയാളി ആരാധകര്‍ കടുത്ത പ്രതിഷേധത്തിലാണ്. സഞ്ജുവിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സന്ദീപ് ദാസ് എന്ന ആരാധകന്റെ പോസ്റ്റ് വൈറലായിട്ടുണ്ട്.
സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഒരു ഏകദിനം മാത്രം കളിച്ച ശിവം ദുബേയും അരങ്ങേറ്റം പോലും കഴിഞ്ഞിട്ടില്ലാത്ത റിയാന്‍ പരാഗും ടീമിലുണ്ട്! എത്ര വലിയ കോമാളിത്തരം!
ഇന്ത്യയ്ക്കുവേണ്ടി അവസാനം കളിച്ച ഏകദിനത്തില്‍ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. ഒരുപാട് സവിശേഷതകള്‍ ഉള്ള ഒരു ഇന്നിംഗ്‌സാണ് അന്ന് സഞ്ജു പുറത്തെടുത്തത്.
ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഏകദിന സീരീസിലെ അവസാന മാച്ച് ആയിരുന്നു അത്. സഞ്ജുവിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ സീരീസ് സ്വന്തമാക്കിയത് !
ഇന്ത്യന്‍ ടീമിന് ഏറ്റവും മോശം റെക്കോര്‍ഡുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. ആ മണ്ണില്‍ വെച്ച് ഇന്ത്യ ഇന്നേവരെ ജയിച്ചിട്ടുള്ളത് രണ്ടേ രണ്ട് പരമ്പരകള്‍ മാത്രമാണ്. അതിലെ ഒരു സീരീസ് വിജയം കൊണ്ടുവന്നത് നമ്മുടെ സഞ്ജുവാണ്! എത്ര മാദ്ധ്യമങ്ങള്‍ ഇക്കാര്യം വാഴ്ത്തിപ്പാടിയിട്ടുണ്ട്?
സഞ്ജുവിന്റെ സ്ഥാനത്ത് സെഞ്ച്വറി നേടിയത് ഋഷഭ് പന്ത് ആയിരുന്നുവെങ്കിലോ? സ്റ്റാര്‍ സ്‌പോര്‍ട്‌സ് എല്ലാ വര്‍ഷവും ആ ഇന്നിംഗ്‌സിന്റെ വാര്‍ഷികം ആഘോഷിക്കുമായിരുന്നു.
നാന്ദ്രേ ബര്‍ഗര്‍ എന്ന ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ കളിച്ചിരുന്നു. അയാളുടെ എക്‌സ്പ്രസ് പേസിനെതിരെ പല ബാറ്റര്‍മാരും ബുദ്ധിമുട്ടിയിരുന്നു. അതും ഇന്ത്യയിലെ ഫ്‌ലാറ്റ് പിച്ചുകളില്‍! അങ്ങനെയുള്ള ബര്‍ഗറിനെ അയാളുടെ മടയില്‍ വെച്ച് തന്നെ മെരുക്കിയവനാണ് സഞ്ജു!
ടി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ ഗോള്‍ഡന്‍ ഡക്കായ ശിവം ദുബേയ്ക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നു! ഓ.ഡി.ഐ ഫോര്‍മാറ്റില്‍ 56 റണ്‍സിന്റെ ശരാശരിയും നൂറിന്റെ പരിസരത്ത് സ്‌ട്രൈക് റേറ്റും ഉള്ള സഞ്ജുവിനെ പടിയ്ക്ക് പുറത്ത് നിര്‍ത്തുന്നു ഇതാണ് ബി.സി.സി.ഐ-യുടെ നയം.
സഞ്ജുവിന് സ്ഥിരതയില്ല എന്ന പതിവ് വിലാപവുമായി ചിലര്‍ ഉടന്‍ എത്തിച്ചേരും. സഞ്ജുവിനെ പിന്തുണയ്ക്കുന്നവരെ 'കേരനിര ഫാന്‍സ് ' എന്ന് പരിഹസിക്കാന്‍ അവര്‍ മുന്‍പന്തിയിലുണ്ടാകും.
ഉളുപ്പുണ്ടോ എന്ന ചോദ്യം സഞ്ജു വിരോധികളോട് ചോദിക്കാനാവില്ല. സാമാന്യബോധം പോലും അവര്‍ക്കില്ല എന്ന് പറയേണ്ടിവരും.
ക്രിക്കറ്റ് ഇപ്പോള്‍ ഒരുപാട് മാറിക്കഴിഞ്ഞു. ക്ലീന്‍ ഹിറ്റര്‍മാര്‍ക്കാണ് ഇപ്പോള്‍ മാര്‍ക്കറ്റുള്ളത്. ഡിഫന്‍സീവ് ഗെയിം ആയിരുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പോലും 'ബാസ്‌ബോള്‍' അരങ്ങുവാഴുന്ന കാലമാണിത്.
അങ്ങനെയുള്ള ആധുനിക ക്രിക്കറ്റില്‍ ഏറ്റവും അനിവാര്യനാണ് സഞ്ജു. അയാളേക്കാള്‍ അനായാസമായി സിക്‌സര്‍ പായിക്കാന്‍ എത്ര പേര്‍ക്ക് സാധിക്കും!? ആ പ്രതിഭ ധൂര്‍ത്തടിച്ച് കളയാനുള്ള തൊലിക്കട്ടി ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ!
ടി-20 ലോകകപ്പ് വരാറാവുമ്പോള്‍ സഞ്ജുവിനെ ഏകദിന ടീമില്‍ എടുക്കും. ഏകദിന ലോകകപ്പ് അടുത്തുവരുമ്പോള്‍ സഞ്ജുവിനെ ടി-20 ടീമില്‍ ഉള്‍പ്പെടുത്തും! ഇതെല്ലാമാണ് ബി.സി.സി.ഐ-യുടെ വികൃതികള്‍!
അടുത്ത ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സഞ്ജുവിനെ തഴയാനുള്ള മാസ്റ്റര്‍ പ്ലാന്‍ ബി.സി.സി.ഐ ഇപ്പോഴേ തയ്യാറാക്കുകയാണ്! സ്വന്തം രാജ്യത്തിന് വേണ്ടി തകര്‍ത്തുകളിച്ച സഞ്ജുവിനെ ദ്രോഹിക്കാന്‍ എന്തെല്ലാം ആസൂത്രണങ്ങളാണ് നടക്കുന്നത്! ഈ ശ്രദ്ധ ബി.സി.സി.ഐ മറ്റ് കാര്യങ്ങളില്‍ കാണിച്ചിരുന്നുവെങ്കില്‍ ഇന്ത്യ ഇതിനേക്കാളെല്ലാം ട്രോഫികള്‍ ജയിക്കുമായിരുന്നു!
കുപ്രസിദ്ധനായ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഒരിക്കല്‍ പറഞ്ഞുവെത്രേ-
''വിജയിക്കുക എന്നത് പരമപ്രധാനമാണ്. ജയിച്ചയാള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കേണ്ടിവരില്ല...!''
ഇതാണോ ബി.സി.സി.ഐ-യുടെ ഉള്ളിലിരിപ്പ്? ഒരു ടി-20 ലോകകപ്പ് ജയിച്ചതിന്റെ പേരില്‍ എന്ത് തോന്ന്യവാസവും കാട്ടാമെന്നാണോ!?
എങ്കില്‍ ഓര്‍ത്തോളൂ. ഹിറ്റ്‌ലര്‍ക്ക് ചരിത്രത്തിന്റെ കുപ്പത്തൊട്ടിയില്‍ ആയിരുന്നു സ്ഥാനം. സഞ്ജുവിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ നോക്കുന്ന വിഡ്ഢികളെ കാത്തിരിക്കുന്നതും അതേ വിധി തന്നെയാണ്...!
.jpg)


