ഒറ്റ സെഞ്ച്വറിയില്‍ സഞ്ജു തകര്‍ത്തത് 7 റെക്കോര്‍ഡുകള്‍, ധോണിയേക്കാള്‍ വേഗം, ഇനി ലോകത്തിലെ നാലാമന്‍

Sanju Samson
Sanju Samson

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഡര്‍ബന്‍ ടി20യില്‍ സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ തന്റെ പേരിലാക്കിയത് 7 റെക്കോര്‍ഡുകള്‍. സഞ്ജുവിന്റെ മികവില്‍ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കയെ 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയും ചെയ്തു. സ്ഥിരതയില്ലാത്ത കളിക്കാരനെന്ന പേരുദോഷം കേള്‍പ്പിച്ചിരുന്ന സഞ്ജു തുടര്‍ച്ചയായി 2 സെഞ്ച്വറികള്‍ നേടി ക്രിക്കറ്റ് ആരാധകരെ അതിശയിപ്പിച്ചു.

മത്സരത്തിലെ പ്രകടനത്തോടെ ടി20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സാംസണ്‍. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ അവസാന ടി20യില്‍ സഞ്ജു 47 പന്തില്‍ 111 റണ്‍സ് നേടിയിരുന്നു.

ഇന്ത്യന്‍ ബാറ്റര്‍മാരുടെ എലൈറ്റ് പട്ടികയില്‍ ചേരാനും ഇതിലൂടെ സഞ്ജുവിന് സാധിച്ചു. സുരേഷ് റെയ്ന, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20യില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.

സൂര്യകുമാര്‍ യാദവിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ ടി20യില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റര്‍ കൂടിയാണ് സഞ്ജു സാംസണ്‍. 2023 ഡിസംബര്‍ 14 ന് ജോഹന്നാസ്ബര്‍ഗില്‍ സൂര്യകുമാര്‍ 56 പന്തില്‍ 100 റണ്‍സ് നേടി.

രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4), കെ എല്‍ രാഹുല്‍ (2) എന്നിവര്‍ക്കൊപ്പം ടി20യില്‍ ഒന്നിലധികം സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലും സഞ്ജു ഇടംപിടിച്ചു.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒന്നിലധികം ടി20 സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും 29കാരന്‍ സ്വന്തമാക്കി. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, എന്നിവരാണ് സഞ്ജുവിന്റെ മുന്‍ഗാമികള്‍.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സാംസണ്‍ നേടിയ 107 റണ്‍സ്. നേരത്തെ ധര്‍മശാലയില്‍ 66 പന്തില്‍ 106 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെ പേരിലുള്ള റെക്കോര്‍ഡ് സഞ്ജു തന്റെ പേരിലാക്കി. ദക്ഷിണാഫ്രിക്കയ്ക്കായി ഡേവിഡ് മില്ലറും 106 റണ്‍സ് നേടിയിരുന്നു.

10 സിക്സറുകള്‍ അടിച്ച സഞ്ജു സാംസണ്‍ ടി20 ഇന്നിംഗ്സില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി. 2017 ഡിസംബറില്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശര്‍മയും 10 സിക്സറുകള്‍ നേടിയിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ടി20 സിക്സറുകള്‍ നേടിയതിന്റെ റെക്കോര്‍ഡ് ഇപ്പോള്‍ സഞ്ജുവിന്റെ പേരിലാണ്.

ടി20യില്‍ അതിവേഗം 7000 റണ്‍സ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരവുമായി സഞ്ജു. ടി20യിലെ തന്റെ 269-ാം ഇന്നിംഗ്സിലാണ് ഈ നാഴികക്കല്ല് താണ്ടിയത്. ഐപിഎല്ലില്‍ തന്റെ പതിനേഴാം സീസണില്‍ കളിക്കാന്‍ ഒരുങ്ങുന്ന ഇതിഹാസ താരം എംഎസ് ധോണിയേക്കാള്‍ വേഗത്തില്‍ സഞ്ജു ഈ നേട്ടത്തിലെത്തി.

ടി20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന നാലാമത്തെ ബാറ്ററായും സഞ്ജു ചരിത്രം സൃഷ്ടിച്ചു. മക്കിയോണ്‍, റോസ്സോ, ഫില്‍ സാള്‍ട്ട് എന്നിവര്‍ക്ക് പിറകിലാണ് ഇനി സഞ്ജുവിന്റെ സ്ഥാനം.

Tags