സഞ്ജുവിന് പരിക്കോ വിട്ടുനില്‍ക്കുന്നതോ? ടീം മാനേജുമെന്റുമായി കടുത്ത അതൃപ്തി, പല കളിക്കാരേയും വിട്ടയച്ചത് ക്യാപ്റ്റനുമായി ആലോചനയില്ലാതെ


സഞ്ജു ടീമില്‍ കടുത്ത അതൃപ്തനാണെന്നും പരിക്കിനേക്കാള്‍ മറ്റു ചില കാരണങ്ങളാലാണ് വിട്ടുനില്‍ക്കുന്നതെന്നും അഭ്യൂഹമുണ്ട്. ദ്രാവിഡുമായി സഞ്ജു ഉടക്കിലാണെന്ന വാര്‍ത്തകളും പുറത്തുവരികയുണ്ടായി.
ന്യൂഡല്‍ഹി: ഐപിഎല്‍ 2025 സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. മെഗാ ലേലം കഴിഞ്ഞതിന് പിന്നാലെ ടീം ദുര്‍ബലരാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇക്കുറി പ്രകടനം നടത്തുന്നത്. 9 കളികളില്‍ രണ്ട് ജയം മാത്രമുള്ള റോയല്‍സ് ഒന്‍പതാം സ്ഥാനത്താണ്. പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.
മുന്‍ സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ ടീം ഇക്കുറി മെഗാ ലേലത്തില്‍ കാണിച്ച അലസതയ്ക്ക് വലിയ വിലയാണ് കൊടുക്കുന്നത്. പരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തിയതോടെ ഇന്ത്യന്‍ യുവ കളിക്കാര്‍ക്ക് പ്രാധാന്യം നല്‍കിയുള്ളൊരു ടീമിനെ റോയല്‍സ് അണിനിരത്തി. എന്നാല്‍, പ്രകടനമികവില്‍ പിന്നോട്ടുപോയതോടെ പരിശീലകന്‍ വലിയ രീതിയിലുള്ള വിമര്‍ശനത്തേയും നേരിട്ടു.

റോയല്‍സിന്റെ നിലവാരം കുറഞ്ഞ പ്രകടനത്തിനിടയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പരിക്കേറ്റതും തിരിച്ചടിയായി. ഇതോടെ ജയിക്കാവുന്ന കളികളില്‍ പോലും തുടര്‍തോല്‍വികളാണ് ഏറ്റുവാങ്ങിയത്. അതേസമയം, സഞ്ജു ടീമില്‍ കടുത്ത അതൃപ്തനാണെന്നും പരിക്കിനേക്കാള്‍ മറ്റു ചില കാരണങ്ങളാലാണ് വിട്ടുനില്‍ക്കുന്നതെന്നും അഭ്യൂഹമുണ്ട്. ദ്രാവിഡുമായി സഞ്ജു ഉടക്കിലാണെന്ന വാര്‍ത്തകളും പുറത്തുവരികയുണ്ടായി.
മെഗാ ലേലത്തിന് മുന്‍പ് ജോസ് ബട്ട്ലര്‍, ട്രെന്റ് ബോള്‍ട്ട് തുടങ്ങിയ പ്രധാന കളിക്കാരെ ഒഴിവാക്കിയ മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ സഞ്ജു അസ്വസ്ഥനാണ്. ഇത് ടീമിന്റെ ബാറ്റിംഗും ബൗളിംഗും ദുര്‍ബലമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ തന്ത്രങ്ങള്‍ പരിമിതപ്പെടുത്തി. ഈ കളിക്കാര്‍ മറ്റു ടീമുകളില്‍ ഉജ്വല പ്രകടനമാണ് കാഴ്ചവെക്കുന്നതും.
സഞ്ജുവിന്റെ പരിക്കിനെ തുടര്‍ന്ന് റിയാന്‍ പരാഗ് ക്യാപ്റ്റനായെങ്കിലും പ്രധാന കളിക്കാരന്റെ അഭാവം ടീമിന്റെ ആത്മവീര്യത്തെ ബാധിച്ചു. അതിനിടയിലാണ് ഏപ്രില്‍ 16ന് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ ചര്‍ച്ചയ്ക്കിടെ സഞ്ജു ടീം മീറ്റിംഗില്‍ നിന്നും മാറിനില്‍ക്കുന്ന വീഡിയോ വൈറലായത്.
ലേലത്തില്‍ നിലവാരമുള്ള ഓള്‍റൗണ്ടര്‍മാരെ നേടാതിരുന്നതും എട്ടിന് പകരം ആറ് വിദേശ കളിക്കാരെ മാത്രം ഉള്‍പ്പെടുത്തിയതും സഞ്ജു സാംസണിന്റെ തന്ത്രപരമായ വഴക്കം കുറച്ചു.
റോയല്‍സിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംസ്ഥാനമാണ് കേരളം. സഞ്ജു ടീം വിടണമെന്നാണ് മലയാളി ആരാധകരുടെ നിര്‍ദ്ദേശം. കിരീടമെന്ന ലക്ഷ്യമില്ലാത്ത ഒരു ഫ്രാഞ്ചൈസിക്കുവേണ്ടി കളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.