സൂര്യകുമാറിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റും ആവറേജും സഞ്ജുവിന്, ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത് രോഹിത്
ന്യൂഡല്‍ഹി: ടി20 ക്രിക്കറ്റിലെ മികച്ച ബാറ്ററായ സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെടുന്ന കാഴ്ചയാണ് ലോകകപ്പില്‍ കണ്ടത്. ഫൈനലില്‍ സൂര്യയില്‍ നിന്നും മിന്നുന്ന ഒരു പ്രകടനം പ്രതീക്ഷിച്ച ആരാധകരെ താരം നിരാശപ്പെടുത്തി. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് 28 പന്തില്‍ 18 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലില്‍ വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും മാത്രമേ ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചുള്ളൂ. അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് കുറഞ്ഞതോടെ ഇന്ത്യയുടെ സ്‌കോര്‍ 250 കടന്നതുമില്ല.
അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ സൂര്യകുമാറിന് ഒരു ബൗണ്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയ്ക്കായി ഇത്രയും കുറഞ്ഞ സ്‌കോര്‍ നേടുമ്പോള്‍, ഇന്ത്യയുടെ ഏകദിന ടീമില്‍ താരത്തിന്റെ ഭാവിയും സ്ഥിരതയില്ലാത്തതാകും. ലോകകപ്പ് ടീമില്‍ സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയത് തന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മികച്ച സ്‌ട്രൈക്ക് റേറ്റിലും ശരാശരിയിലും ബാറ്റു ചെയ്തിരുന്ന സഞ്ജു സാംസണിനെ ഒഴിവാക്കിയാണ് താരത്തെ ലോകകപ്പ് ടീമിലെടുത്തത്.
പ്രശംസനീയമായ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും, വലിയ ടൂര്‍ണമെന്റുകളിലേക്ക് വരുമ്പോള്‍ സഞ്ജു സാംസണ്‍ നിരന്തരം അവഗണിക്കപ്പെട്ടു. 2023 ലോകകപ്പ് ഫൈനലിലെ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം സഞ്ജു സാംസണിന് ഭാവിയില്‍ ടീമിലേക്കുള്ള വരവിന് വഴിയൊരുക്കിയേക്കാം.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ടി20 പരമ്പരയാണ് ഇനി നടക്കാനുള്ളത്. കെഎല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ കളിക്കാര്‍ക്കെല്ലാം വിശ്രമമമാകുമെന്നതിനാല്‍ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിലെടുക്കുമെന്നാണ് പ്രതീക്ഷ. ഋഷഭ് പന്ത് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതുവരെ ഇഷാന്‍ കിഷനും സഞ്ജു സാംസണും തമ്മിലാകും വിക്കറ്റ് കീപ്പര്‍ക്കായുള്ള മത്സരത്തിലുണ്ടാവുക.