എമ്പുരാന്‍ തട്ടു തകര്‍പ്പന്‍ സിനിമയെന്ന് ആരാധകര്‍, സിനിമയ്‌ക്കെതിരെ തെറിവിളിയുമായി സംഘപരിവാര്‍


ലോകമെങ്ങും ആയിരക്കണക്കിന് തീയേറ്ററുകളില്‍ ഒരുമിച്ച് റിലീസ് ചെയ്ത സിനിമ അതിവേഗം 200 കോടിയിലേറെ രൂപ കളക്ഷന്‍ നേടിയെക്കുമെന്നാണ് പ്രവചനം.
കൊച്ചി: മാസങ്ങളോളമായുള്ള കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജിന്റെ എമ്പുരാന്‍ തീയേറ്ററിലെത്തിയപ്പോള്‍ വമ്പന്‍ വരവേല്‍പ്പുമായി ആരാധകര്‍. ലോകമെങ്ങും ആയിരക്കണക്കിന് തീയേറ്ററുകളില്‍ ഒരുമിച്ച് റിലീസ് ചെയ്ത സിനിമ അതിവേഗം 200 കോടിയിലേറെ രൂപ കളക്ഷന്‍ നേടിയെക്കുമെന്നാണ് പ്രവചനം.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരിക്കും സിനിമയെന്നാണ് ആദ്യ ഷോ കണ്ട ആരാധകര്‍ പറയുന്നത്. കേരളത്തില്‍ മാത്രം 750-ഓളം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയിട്ടും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയിലാണ്.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍താര നിരയും ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് എത്തിയിരുന്നു. കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ ആദ്യഷോ കാണാനെത്തിയത്.

ബുധനാഴ്ച രാത്രി മുതല്‍തന്നെ പല തീയേറ്ററുകളിലും ആരാധകരുടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. വമ്പന്‍ വിജയമായ ലൂസിഫറിന്റെ രണ്ടാംഭാഗം എന്ന നിലയില്‍ വലിയ ആകാംഷയോടെ സിനിമ കാണാനെത്തിയവരെ ഒട്ടും നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല പ്രതീക്ഷിച്ചതിലും കൂടുതല്‍ നല്‍കിയെന്നും അഭിപ്രായമുണ്ട്.
റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോഡുകളും 'എമ്പുരാന്‍' ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്. മാത്രമല്ല, 58 കോടിയിലേറെ രൂപയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചിരുന്നു.
ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്.
മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിര സിനിമയിലുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
സിനിമയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചതിന് പിന്നാലെ പ്രതിഷേധവുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍ രംഗത്തെത്തി. സംഘപരിവാറിന് സ്വീകാര്യതയില്ലാത്ത രംഗങ്ങളുണ്ടെന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ പ്രചരണം തുടങ്ങിയത്. ടിക്കറ്റെടുത്തവര്‍ അത് റദ്ദാക്കിക്കൊണ്ടുള്ള പോസ്റ്റുകളും ഇട്ടിട്ടുണ്ട്.