വമ്പന്‍ റെക്കോര്‍ഡുമായി സഞ്ജു, 2020ല്‍ തുടങ്ങിയത് ഇനിയും നിര്‍ത്തിയില്ല, റോയല്‍സ് താരത്തെ കറുത്ത ടാക്‌സിയുമായി കൂട്ടിക്കെട്ടിയ ഹര്‍ഭജന്‍ സിംഗ് വിവാദത്തില്‍

Sanju Samson
Sanju Samson

ആദ്യ കളിയില്‍ അര്‍ധശതകം നേടിയതോടെ തുടര്‍ച്ചയായ ആറാം സീസണിലും ആദ്യ മത്സരത്തില്‍ അര്‍ധശതകം എന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിച്ചു.

ഹൈദരാബാദ്: ഐപിഎല്‍ 2025 സീസണിലെ ആദ്യ മത്സരത്തിലും പതിവ് തെറ്റിക്കാതെ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍. ആദ്യ കളിയില്‍ അര്‍ധശതകം നേടിയതോടെ തുടര്‍ച്ചയായ ആറാം സീസണിലും ആദ്യ മത്സരത്തില്‍ അര്‍ധശതകം എന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിച്ചു.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഫസല്‍ഹഖ് ഫാറൂഖിയെ മാറ്റി പകരം ഇംപാക്ട് പ്ലെയറായി എത്തിയ താരം 26 പന്തില്‍ 50 റണ്‍സ് മറികടന്നു. 37 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയാണ് പുറത്തായത്. 7 ഫോറുകളും 4 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. നാലാം വിക്കറ്റില്‍ ധ്രുവ് ജുറലുമായി (35 പന്തില്‍ നിന്ന് 70 റണ്‍സ്) 111 റണ്‍സ് കൂട്ടുകെട്ടും പടുത്തുയര്‍ത്തി. എന്നാല്‍, 20 ഓവറില്‍ 287 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരാന്‍ റോയല്‍സിന് സാധിച്ചില്ല. 44 റണ്‍സിനായിരുന്നു തോല്‍വി.

2020 സെപ്റ്റംബര്‍ 22 ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടന്ന മത്സരത്തിലൂടെയാണ് സഞ്ജു ആദ്യ കളിയില്‍ അര്‍ധശതകം നേടിത്തുടങ്ങിയത്. അന്ന് 32 പന്തില്‍ നിന്ന് 74 റണ്‍സ് നേടി. 2021 ല്‍ 2021 ഏപ്രില്‍ 12 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തില്‍ 63 പന്തില്‍ നിന്ന് 119 റണ്‍സ് നേടി. 2022 മാര്‍ച്ച് 29 ന് പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ എസ്ആര്‍എച്ചിനെതിരെ നടന്ന മത്സരത്തില്‍ സാംസണ്‍ 27 പന്തില്‍ നിന്ന് 55 റണ്‍സ് നേടി.

2023ല്‍ ഹൈദരാബാദില്‍ എസ്ആര്‍എച്ചിനെതിരെ 32 പന്തില്‍ നിന്ന് 55 റണ്‍സും 2024ല്‍ ജയ്പൂരില്‍ എല്‍എസ്ജിക്കെതിരെ 52 പന്തില്‍ നിന്ന് 82 റണ്‍സും സ്വന്തമാക്കി. 2025 ഹൈദരാബാദില്‍ എസ്ആര്‍എച്ചിനെതിരെ 37 പന്തില്‍ നിന്ന് 66 റണ്‍സും നേടിയതോടെ അപൂര്‍വ നേട്ടത്തിലെത്തുന്ന താരമായി സഞ്ജു.

അതിനിടെ, റോയല്‍സ് ഹൈദരാബാദ് മത്സരത്തില്‍ കമന്ററി പറയവെ ഹര്‍ഭജന്‍ സിംഗ് ജോഫ്ര ആര്‍ച്ചറിനെ വംശീയമായി അധിക്ഷേപിച്ചെന്ന വിവാദവും ഉയര്‍ന്നു. ലണ്ടനിലെ ബ്ലാക്ക് ടാക്‌സികളുടെ മീറ്റര്‍ പോലെ, ആര്‍ച്ചറുടെ മീറ്റര്‍ ഉയര്‍ന്നിട്ടുണ്ട് എന്നായിരുന്നു ഹര്‍ഭജന്റെ പരാമര്‍ശം. സംഭവത്തില്‍ മുന്‍ താരത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കളിയില്‍ 4 ഓവറില്‍ 76 റണ്‍സ് വഴങ്ങിയ ആര്‍ച്ചറുടെ പ്രകടനം മങ്ങിയിരുന്നു.

Tags

News Hub