കളി മെച്ചപ്പെടാന്‍ കളിക്കാരെ കാവിയണിയിപ്പിച്ചിട്ടും ഇന്ത്യന്‍ ഹോക്കി ടീമിന് തുടര്‍തോല്‍വി, ശ്രീജേഷ് ഉള്‍പ്പെടെയുള്ളവരുടെ രൂക്ഷ വിമര്‍ശനം
നെതര്‍ലന്‍ഡ്സിലും ബെല്‍ജിയത്തിലും നടക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ വനിതാ ടീമുകള്‍ പുതിയ കിറ്റ് ധരിച്ചാണ് കളിക്കാനിറങ്ങിയത്.
ന്യൂഡല്‍ഹി: എഫ്‌ഐഎച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായി ഹോക്കി ഇന്ത്യ പരമ്പരാഗത നീല ജേഴ്സിക്ക് പകരം കാവി ജേഴ്സി അവതരിപ്പിച്ചിട്ടും ടൂര്‍ണമെന്റില്‍ മുന്നേറേനാകാത്തത് വിവാദമായി.
നെതര്‍ലന്‍ഡ്സിലും ബെല്‍ജിയത്തിലും നടക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ വനിതാ ടീമുകള്‍ ഈ പുതിയ കിറ്റ് ധരിച്ചാണ് കളിക്കാനിറങ്ങിയത്. എന്നാല്‍, പ്രകടനം നിരാശാജനകമായി. സെമിഫൈനലിലേക്ക് കടക്കാതെ രണ്ട് ടീമുകളും പുറത്തായി. ഈ പശ്ചാത്തലത്തിലാണ് മുന്‍ താരങ്ങളുടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ജൂലൈ അവസാനമാണ് ഹോക്കി ഇന്ത്യ പുതിയ ജേഴ്സി അവതരിപ്പിച്ചത്. പ്രൈമറി കിറ്റ് കാവി നിറത്തിലും, അള്‍ട്ടര്‍നേറ്റ് വൈറ്റ് ആയും. അശോക ചക്രത്തിന്റെ നേവി ബ്ലൂ അക്‌സന്റുകള്‍, ത്രിവര്‍ണ പൈപ്പിങ് തുടങ്ങിയ ഡിസൈന്‍ ഘടകങ്ങളും ഉള്‍പ്പെടുത്തി. പതിറ്റാണ്ടുകളായുള്ള നീല ജഴ്‌സി മാറ്റിയാണ് രാജ്യം ഭരിക്കുന്ന ബിജെപിയുടെ പ്രധാന നിറം കൂടിയായ കാവി ദേശീയ ടീമിനും നല്‍കിയത്.
ഹോക്കി ഇന്ത്യ പറഞ്ഞത് സാങ്കേതിക തീരുമാനമാണ് എന്നാണ്. അന്താരാഷ്ട്ര ഹോക്കി പിച്ചുകള്‍ ഇപ്പോള്‍ നീല സിന്തറ്റിക് ടര്‍ഫാണ്. നീല ജേഴ്സി അതുമായി ലയിച്ച് കളിക്കാരുടെ ദൃശ്യതയും വ്യക്തതയും ബാധിക്കുന്നു. കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ശുപാര്‍ശയനുസരിച്ച് മഞ്ഞയോ കാവിയോ പരിഗണിച്ച്, കാവി തിരഞ്ഞെടുത്തു എന്നും പറയുകയുണ്ടായി.
നിലവിലെ ചില കളിക്കാര്‍ ഞങ്ങളോട് ആലോചിച്ചിട്ടില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഫെഡറേഷന്‍ പ്രസിഡന്റ് ദിലീപ് തിര്‍ക്കി ഉള്‍പ്പെടെ ചിലര്‍ക്ക് തീരുമാനം അറിയാതെ പോയെന്ന ആരോപണങ്ങളും ഉയര്‍ന്നു.
വീരന്‍ റാസ്‌ക്വിന്‍നയെ പോലുള്ള മുന്‍ കളിക്കാരും വിമര്‍ശിച്ചു. ഇത് നാണക്കേടാണ്. ഇന്ത്യന്‍ ടീമിന്റെ ലെഗസിയും ഐഡന്റിറ്റിയും എപ്പോഴും നീലയായിരുന്നു. ഞാന്‍ വര്‍ഷങ്ങളോളം നീല ജേഴ്സി അഭിമാനത്തോടെ ധരിച്ചു. ഫാന്‍സ് നീലയില്‍ കാണാന്‍ ആഗ്രഹിക്കുന്നു. ഓറഞ്ചിന്റെ ലോജിക് എന്താണ്? അര്‍ജന്റീനയുടെ സ്‌ട്രൈപ്സ് പോലെ നീല ഇന്ത്യന്‍ ഹോക്കിയുടെ ഐഡന്റിറ്റിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അജിത് പാല്‍ സിങ്, ധന്‍രാജ് പിള്ള, പര്‍ഗത് സിങ്, വാസുദേവന്‍ ഭാസ്‌കരന്‍ തുടങ്ങിയവരും വിമര്‍ശിച്ചു. സ്‌പോര്‍ട്സിനെ കാവിയാക്കരുത്, പാരമ്പര്യം മാറ്റേണ്ടതില്ല എന്നീ വാദങ്ങള്‍ ഉയര്‍ന്നു. മുന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികും രാഷ്ട്രീയവല്‍ക്കരണം ആരോപിച്ചു. പാകിസ്ഥാന്‍ പച്ച ടര്‍ഫില്‍ പച്ച ജേഴ്സിയില്‍ രണ്ട് ലോകകപ്പ് നേടിയ ഉദാഹരണവും ഉയര്‍ത്തി.
പുരുഷ ടീം ആകെ രണ്ട് കളികളാണ് ലോകകപ്പില്‍ ജയിച്ചത്. വെയില്‍സിനെതിരെ 3-1, പാകിസ്ഥാനെതിരെ 5-3 ജയം. ഇംഗ്ലണ്ടിനോട് 2-4, നെതര്‍ലന്‍ഡ്സിനോട് 1-3, അര്‍ജന്റീനയോട് 3-5 എന്നിങ്ങനെ തോല്‍വി. പ്രതിരോധ ദൗര്‍ബല്യങ്ങള്‍, ടാക്ടിക്കല്‍ പ്രശ്‌നങ്ങള്‍, സെലക്ഷന്‍ തുടങ്ങിയവ ചര്‍ച്ചയായിക്കഴിഞ്ഞു.
മുന്‍ താരം ശ്രീജേഷ് എക്‌സിലൂടെ ഇന്ത്യയുടെ തോല്‍വിയെ രൂക്ഷമായി തുറന്നടിച്ചു. വനിതാ ടീമിന്റെ ചീഫ് കോച്ച് ലോകകപ്പിന് തൊട്ടുമുമ്പ് അവധിയിലായതും ചോദ്യം ചെയ്തു. ലോകകപ്പ് റിഹേഴ്സലല്ല. ആര്‍ക്കാണ് ഉത്തരവാദിത്തം? ആരെങ്കിലും ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ത്തി.
ജേഴ്സി നിറം മാത്രമല്ല പ്രശ്‌നം. ദൃശ്യതയുടെ സാങ്കേതിക വാദവും പാരമ്പര്യത്തിന്റെ വൈകാരികതയും, രാഷ്ട്രീയ സൂചനകളും ഒത്തുചേര്‍ന്നത് വിവാദമായി. ഏഷ്യന്‍ ഗെയിംസും ഒളിമ്പിക്സും വരെ കാത്തിരുന്നാല്‍ മതിയോ? ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ ജയിക്കാന്‍ ശേഷിയുള്ള ടീമാണ് വേണ്ടതെന്ന് വിമര്‍ശകര്‍ ഓര്‍മ്മിപ്പിക്കുന്നു. ഹോക്കി ഇന്ത്യ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്.
.jpg)

