കുട്ടികള്‍ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണ്, ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം, കഴുകന്‍ കണ്ണുകള്‍ ചുറ്റിലുമുണ്ട്

school
school

രണ്ടു മാസത്തെ വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ദീര്‍ഘയാത്രകള്‍ നടത്തിയും ആഘോഷിച്ചും കളിച്ചുനടന്നുമെല്ലാം കുട്ടികള്‍ വേനലവധി ചെലവഴിച്ചാണ് സ്‌കൂളിലേക്ക് മടങ്ങുന്നത്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഏറെയുണ്ട് എന്നതിനാല്‍ അവധിക്കാലത്തിന് ശേഷം കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ രക്ഷിതാക്കളും അധ്യാപകരും ഏറെ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്.

പഴയകാലത്തിന് വിഭിന്നമായി കുട്ടികളില്‍ മയക്കുമരുന്നുപയോഗം വര്‍ധിച്ചുവരുന്ന കാലമാണിത്. അധികൃതര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും കുട്ടികളെ തന്നെ കാരിയര്‍മാരാക്കി സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം വ്യാപകമായ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നേരത്തെതന്നെ അവബോധം നല്‍കേണ്ടതാണ്. കുട്ടികളെ നിരന്തരം നിരീക്ഷിച്ചും ഇവരിലുണ്ടാകുന്ന മാറ്റങ്ങള്‍ കണ്ടറിഞ്ഞും മയക്കുമരുന്ന് ഉപയോഗത്തെ ചെറുക്കണം.

രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷം സ്‌കൂളിലേക്ക് പോകുന്നതിനാല്‍ മടിപിടിക്കുന്ന കുട്ടികളുണ്ട്. ഈ കുട്ടികളുടെ കാര്യത്തിലും രക്ഷിതാക്കള്‍ ശ്രദ്ധചെലുത്തേണ്ടതാണ്. കുട്ടികളെ രാവിലെ എഴുന്നേല്‍പ്പിക്കുന്ന കാര്യമാണ് കഷ്ടപ്പാട് എന്നു പരാതി പറയുന്ന അമ്മമാര്‍ ഏറെയുണ്ട്. സ്‌കൂള്‍ തുറക്കുന്നതിനും ഒരാഴ്ച മുന്‍പേ ഇതിനുള്ള പരിശീലനം ആരംഭിക്കണം.

രാവിലെയുള്ള തിരക്കില്‍ പ്രഭാതഭക്ഷണം മുടക്കാന്‍ കുട്ടികളെ ഒരു തരത്തിലും അനുവദിക്കരുത്. ഭക്ഷണം കഴിക്കാനായി പ്രത്യേക സമയം നീക്കിവെക്കുകയും മുഴുവന്‍ ഭക്ഷണവും കഴിച്ചെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തുകയും വേണം. രാത്രി മുഴുവന്‍ ഭക്ഷണം കഴിക്കുന്നില്ല എന്നതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണമാണ് അന്നത്തെ മുഴുവന്‍ ചിന്തയ്ക്കുമുള്ള ഊര്‍ജം തരുന്നത്. ഉച്ചയ്ക്കും വൈകിട്ടുമൊക്കെ കഴിച്ചാലും പ്രഭാതഭക്ഷണം പ്രധാന ഭക്ഷണം തന്നെയാണ്.

പുതിയ ക്ലാസിലെത്തിയാല്‍ കുട്ടികളുടെ കൂട്ടുകാരെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമെല്ലാം ചോദിച്ചറിയണം. നല്ല കൂട്ടുകാരാണെന്നുറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. കുട്ടികള്‍ വഴിതെറ്റിപ്പോകാന്‍ പ്രധാന കാരണക്കാര്‍ തെറ്റായ കൂട്ടുകെട്ടാണ്. തുടക്കംമുതല്‍ പഠനത്തില്‍ അച്ചടക്കം കൊണ്ടുവരിക. പഠിക്കുന്നതിനൊപ്പം കളിക്കാനും സമയം മാറ്റിവെക്കുക.

സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളുടെ അപകട വാര്‍ത്തകളും പതിവായിട്ടുണ്ട്. സ്‌കൂള്‍ ബസ്സിലാണ് യാത്രയെങ്കില്‍ ബസ്സില്‍ കയറുമ്പോഴും ഇറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴും ശ്രദ്ധകൊടുക്കുക. മിക്ക അപകടങ്ങളും അശ്രദ്ധകൊണ്ടാണ് ഉണ്ടാകുന്നത്. പൊതുവാഹനത്തിലാണ് യാത്രയെങ്കില്‍ കുട്ടികള്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ നല്‍കി അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. തിരക്കിട്ട ഓട്ടവും സ്‌കൂളിലോ വീട്ടിലെത്തോ ഉള്ള ധൃതിയും കുട്ടികളെ അപകടത്തിലാക്കും.

പെണ്‍കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. വിദ്യാര്‍ത്ഥികളെ പ്രണയംനടിച്ച് ലൈംഗിക ചൂഷണം ചെയ്യുന്നവര്‍ ചുറ്റിലുമുണ്ട്. സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ കൃത്യമായി ക്ലാസിലെത്തുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കുട്ടികളുടെ സൗഹൃദങ്ങളെക്കുറിച്ചും മറ്റും രക്ഷിതാക്കള്‍ക്ക് ചോദിച്ചുമനസിലാക്കുകയും തെറ്റായ വഴിയിലേക്ക് നയിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയുംവേണം.

Tags