ഏവരുടേയും പ്രിയങ്കരനായ സുധാകരന്റെ വിയോഗത്തില്‍ തേങ്ങി ബക്കളം


കണ്ണൂര്‍: കലാ സാംസ്‌കാരിക മേഖലയിലിയും തളിപ്പറമ്പ സഞ്ജീവനി പെയിന്‍ & പാലിയേറ്റീവ് പ്രസിഡണ്ടും സെക്രട്ടറിയുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്ന്യവുമായിരുന്ന വി സി സുധാകരന്റെ വിയോഗത്തില്‍ തേങ്ങുകയാണ് കണ്ണൂരിലെ ബക്കളം. ഏവര്‍ക്കും പ്രിയങ്കരനായ സുധാകരന്‍ സ്‌ട്രോക്കിനെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം വിടവാങ്ങിയത്.
tRootC1469263">തൊട്ടതല്ലാം പൊന്നാക്കുന്ന ഒരു അസാമാന്യ പാടവം അദ്ദേഹത്തിനുണ്ടായിരുന്നെന്ന് സുഹൃത്ത് ടിവി പ്രേമന്‍ തന്റെ കുറിപ്പില്‍ ഓര്‍ത്തെടുക്കുന്നു. എപ്പോഴും ചിരിക്കുന്ന മുഖവുമായി തികച്ചും സുന്ദരനായ സുധാകരനെ പരിചയപ്പെട്ടവര്‍ക്കൊന്നും പിന്നീടൊരിക്കലും മറക്കാന്‍ കഴിയില്ല. അത്തരമൊരു സ്‌നേഹം നിറഞ്ഞ പെരുമാറ്റ രീതിയുടെ ഉടമയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട സുധന്‍.

കലാ, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, മാധ്യമ, സിനിമാ രംഗത്തുള്ളവരും അതിലേറെ സാധാരണ ജനങ്ങളുമടങ്ങുന്ന സമൂഹത്തിലെ നാനാ വിഭാഗത്തിലുമുള്ള ആളുകളുമായി അതിവിപുലമായ ഒരു സൗഹൃദ ബന്ധം സുധാകരന് ഉണ്ടായിരുന്നു. സീല്‍ ടി.വി.യില്‍ സുധാകരന്‍ അവതരിപ്പിച്ച സാന്ത്വനം എന്ന പരിപാടിയിലൂടെ ഒട്ടേറെ അശരണര്‍ക്ക് സാന്ത്വനമേകാന്‍ സാധിച്ചിട്ടുണ്ട്.
ആരോരുമറിയാതെ വീടിന്റെ നാല് ചുമരിനുള്ളില്‍ ഒതുങ്ങി കൂടിയ നിരാശ്രയരായ മാറാ രോഗികളെ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും അതുവഴി അവര്‍ക്ക് സമൂഹത്തിന്റെ കൈ താങ്ങ് നല്‍കി സഹായിക്കാനും ഈ പരിപാടിയിലൂടെ സാധിച്ചു എന്നത് സുധന്റെ വിലമതിക്കാനാവാത്ത വേറിട്ട സാന്ത്വന പ്രവര്‍ത്തനത്തിന് ഉദാഹരണമാണ്.
അതുപോലെ തന്നെ സീല്‍ ടി വി യില്‍ സുധന്‍ അവതരിപ്പിച്ച നൃത്താഞ്ജലി എന്ന പരമ്പരയിലൂടെ നാട്ടിലെ അറിയപ്പെടാത്ത ഒരു പാട് നൃത്തപ്രതിഭകളെ സമൂഹത്തിന്റെ മുന്നില്‍ ഉയര്‍ത്തി കൊണ്ടുവരാനും സുധന് സാധിച്ചിട്ടുണ്ട്. നല്ലൊരു അഭിനേതാവും അതുപോലെ മികച്ച ഫോട്ടോഗ്രാഫറും സംഘാടകനും കൂടിയായിരുന്നു സുധാകരന്‍.
സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ അവധിക്കാലത്ത് കൂട്ടകാരെ സംഘടിപ്പിച്ച് നാടകം കളിക്കുക എന്നത് സുധന്റെ ഒരു ഹോബിയാണ്. സുധാകരന്റെ ബാല്യകാലത്തെ ഈ നാടക പ്രവര്‍ത്തനത്തിലൂടെ പിറവി എടുത്തതാണ് ഇന്ന് കാനൂലില്‍ തലയുര്‍ത്തി നില്‍ക്കുന്ന ഉദയ കലാസമിതി. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഇലക്ട്രോണിക്‌സില്‍ ഡിപ്‌ളോമ നേടിയ സുധാകരന്‍ കുറച്ചു കാലം നാട്ടില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ റിപ്പയറായി ജോലി ചെയ്തു. പിന്നീട് 1987 മുതല്‍ ഒരു വ്യാഴവട്ടത്തിലതികം കാലം ഗള്‍ഫില്‍ പ്രവാസിയായിരുന്നു.
പ്രവാസി ജീവിതം മതിയാക്കി നാട്ടില്‍ വന്ന് ഇലക്ട്രോണിക്‌സ് റിപ്പയറായും പിന്നീട് ഫോട്ടോഗ്രാഫറായും ജോലി ചെയ്തു. വീഡിയോ ഗ്രാഫി അപൂര്‍വമായിരുന്ന കാലത്ത് ബക്കളം പ്രദേശത്തെ ആദ്യകാല വീഡിയോഗ്രാഫര്‍ കൂടിയായിരുന്നു സുധാകരന്‍.
ബക്കളത്തുള്ള സ്റ്റുഡിയോ കെട്ടിടം ദേശീയപാത വികസനത്തിനായി ഹൈവേ അതോററ്റി അക്വയര്‍ ചെയ്തതില്‍ പിന്നെ ഫോട്ടാഗ്രാഫി സ്റ്റുഡിയോ പ്രവര്‍ത്തനം സുധന്‍ തന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. കാനൂല്‍ കൈരളി വായനശാല & ഉദയ കലാസമിതിയുടെയും എല്ലാവിധ ആഘോഷ പരിപാടികളുടേയും അതുപോലെ കാനൂല്‍ ആനയോട്ട് കാവ് കളിയാട്ടത്തിന്റെയും പ്രധാന സംഘാടകന്‍ കൂടിയായിരുന്നു സുധാകരന്‍.
മാറുന്ന കാലത്തിനനുസരിച്ച് വൈവിധമാര്‍ന്ന കലാ പരിപാടികള്‍ സംഘടിപ്പിക്കുന്നനിന് സുധന്റെ പാടവം ഒന്ന് വേറെ തന്നെയായിരുന്നു. നടന്‍ ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവുമെഴുതി നായകനായി അഭിനയിച്ച ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്ത മധുരചൂരല്‍ എന്ന സിനിമയുടെ എക്‌സിക്യൂട്ടീസ് പ്രൊഡിയൂസര്‍ കൂടിയായിരുന്നു സുധാകരന്‍.
പരേതനായ ജനനേതാവ് സഖാവ് പാച്ചേനിയുടെ ജീവചരിത്രം ആസ്പദമാക്കി ശ്രീ ബക്കളം ദാമോദരന്‍ മാസ്റ്ററുടെ തിരക്കഥയില്‍ ശ്രീ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച 'സഹനത്തിന്റെ പാതയില്‍' എന്ന ഡോക്യുമെന്ററിയുടെ നിര്‍മ്മാണവും ക്യാമറ ചലിപ്പിച്ചതും സുധാകരനായിരുന്നു.
അതുപോലെ ശ്രീ: പി.വി.കെ പനയാല്‍ രചനയും ശ്രീ ശ്രീകൃഷ്ണന്‍ സംവിധാനവും ചെയ്ത് നിര്‍മ്മിച്ച കാസര്‍ഗോഡെ സി.ഐ.ടു.യു പ്രവര്‍ത്തകന്‍ രക്തസാക്ഷി വരദരാജ പൈയെ കുറിച്ചുള്ള 'കാലം സാക്ഷി' എന്ന ഡോക്യുമെന്ററിയുടെ ക്യാമറ മേനും സുധാകരനായിരുന്നു.
കലാപരിപാടികളും മീറ്റിങ്ങും മറ്റു പരിപാടികളും കഴിഞ്ഞ് രാത്രി സമയം വൈകി വീട്ടിലേക്ക് പോകുവാന്‍ വാഹനങ്ങള്‍ കിട്ടാതെ വിഷമിക്കുന്ന തന്റെ സഹപ്രവര്‍ത്തകരെ സ്വന്തം കാറില്‍ കയറ്റി അവരുടെ വീട്ടില്‍ എത്തിക്കുന്ന സന്നദ്ധതയും സുധാകരന്റെ ഒരു പ്രത്യേകതയാണ്.
കാനൂല്‍ കൈരളി വായനശാല, ഉദയ കലാസമിതി, കാനൂല്‍ ആനയോട് കാവ് ആഘോഷകമ്മറ്റി, സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്, പു.ക.സ. ബക്കളം യൂണിറ്റ്, ബക്കളം ഫിലിം സൊസൈറ്റി, ധര്‍മ്മശാല വൈസ് മെന്‍ ക്‌ളബ്ബ്, സഞ്ചീവനി പെയിന്‍ & പാലിയേറ്റീവ് തളിപ്പറമ്പ തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയും അതല്ലങ്കില്‍ പ്രധാന പ്രവര്‍ത്തകമായിരുന്നു വി.സി. സുധാകരന്‍.
ഇന്നലെകളില്‍ കലാപ്രവര്‍ത്തനവും സാന്ത്വന പ്രവര്‍ത്തനവുമായി നാട്ടിലെങ്ങും നിറഞ്ഞു നിന്ന പ്രിയസുഹൃത്ത് ഓര്‍മ്മയില്‍ എന്നും മായാത്ത പുഞ്ചിരി മാത്രം ബാക്കിയാക്കി ഇന്ന് നമ്മളെ വിട്ടു പോയിരിക്കുന്നു.