ഒറ്റ നോട്ടത്തിൽ സിനിമയ്ക്ക് സെറ്റിട്ട പോലെ; പതിനെട്ടാം പടിയുടെ മനോഹരമായ ദൂരക്കാഴ്ച മറച്ച് നിർമ്മാണപ്രവർത്തി; ഇനി പടിപൂജ കാണുകയെന്നതും പ്രയാസം..!

ശബരിമല: ഇരുമുടിക്കെട്ടേന്തി, ശരണം വിളിയുമായെത്തുന്ന അയ്യപ്പന്മാർക്ക് ദൂരെ നിന്ന് പതിനെട്ടാംപടി കാണുക എന്നത് തന്നെ അയ്യനെ കണ്ട സംതൃപ്തിയാണ് നൽകാറ്. എന്നാൽ ഇനി പതിനെട്ടാം പടിയുടെ മനോഹരമായ ആ ദൂരക്കാഴ്ച കാണാൻ സാധിക്കില്ല. പതിനെട്ടാം പടിക്ക് മുകളിലെ മേൽക്കൂരയും അനുബന്ധ നിർമ്മാണങ്ങളുമാണ് പതിനെട്ടാം പടിയുടെ ദൂരക്കാഴ്ച മറയ്ക്കുന്നത്. ഒറ്റ നോട്ടത്തിൽ സിനിമയ്ക്ക് സെറ്റിട്ട പോലെ തോന്നുന്ന ഈ നിർമ്മാണ പ്രവർത്തി ശബരിമലയിലെ ഏറ്റവും ചെലവേറിയ വഴിപാടായ പടിപൂജ കാണാൻ ആഗ്രഹിക്കുന്ന ഭക്തർക്കും തിരിച്ചടിയായി മാറുകയാണ്.
ശബരിമലയിലെ പ്രതിഷ്ഠയ്ക്ക് സമാനമായ പ്രാധാന്യമുള്ളതാണ് സന്നിധാനത്തേക്കുള്ള പതിനെട്ടു പടികള്‍. പൂങ്കാവനത്തിലെ പതിനെട്ടു മലകളെയാണ് പതിനെട്ടുപടികള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ ഓരോ പടിയിലും ഓരോ മലദൈവത്തെ കുടിയിരുത്തിയിരിക്കുന്നു എന്നതാണു സങ്കല്‍പം. അയ്യപ്പന്റെ കാവല്‍ക്കാരായി നിലകൊള്ളുന്ന പൂങ്കാവനത്തിലെ പതിനെട്ടു മലകളുടെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടു പടികളും പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച് വിളക്കുകള്‍ കത്തിച്ചാണ് പൂജ നടത്തുന്നത്. ദീപപ്രഭയില്‍ ജ്വലിച്ച് പുഷ്പവൃഷ്ടിയില്‍ സുഗന്ധം പരത്തിനിൽക്കുന്ന പതിനെട്ടുപടികളുടെ അപൂര്‍വ്വ കാഴ്ച കാണാൻ സന്നിധാനത്ത് ആയിരങ്ങളാണ് തടിച്ചുകൂടാറ്.
എന്നാൽ പതിനെട്ടാം പടിക്ക് ഇരുവശങ്ങളിലുമായി വലിയ ഉയരത്തിൽ കോട്ട മതിൽ പോലെയുള്ള നിർമ്മാണം കാരണം തിരുമുറ്റത്ത് പടിയുടെ വശങ്ങളിൽ നിന്ന് താഴോട്ട് നോക്കിയാൽ പടിയുടെ ദൃശ്യവും പടിപൂജയും കാണാൻ കഴിയില്ല. പടിപൂജ നടക്കുമ്പോൾ പടിയുടെ മുൻവശത്ത് താഴെ തിരുമുറ്റത്തായി നിരവധി ഭക്തരാണ് പടി പൂജ കാണാനിരിക്കാറുള്ളത്. ഇത്തരത്തിലുള്ള നിർമ്മാണം മൂലം പടിക്ക് നേരെ മുന്നിലിരിക്കുന്നവർക്കു മാത്രമേ പടി പൂജ കാണാൻ കഴിയൂ.
ഒരു സ്ഥാപനത്തിൻ്റെ വഴിപാടായാണ് ഇത് നിർമ്മിക്കുന്നത്. ആവിശ്യം കഴിഞ്ഞാൽ പടിയുടെ മുകളിലെ ഗ്ലാസ്മേൽക്കൂര നീക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മാണം. കഴിഞ്ഞ ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചെങ്കിലും തീർത്ഥാടന കാലത്തിന് മുൻപ് പണി പൂർത്തിയായില്ല. തീർത്ഥാടനം ആരംഭിച്ചതോടെ നിർമ്മാണം താല്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
പതിനെട്ടാംപടിക്ക് മുകളിൽ സ്ഥിരമായ ഗ്ലാസ് മേൽക്കൂര ഉണ്ടായിരുന്നത് പൊളി ച്ചു കളഞ്ഞാണ് ഇപ്പോഴത്തെ നിർമ്മാണം നടക്കുന്നത്. നിർമ്മാണം സംബന്ധിച്ച് ദേവസ്വം ബോർഡ് പരിശോധിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.