വിനേഷ് ഫോഗട്ടിനെ തൊട്ടുള്ള ഈ നില്‍പ് ഒട്ടും സത്യസന്ധതയില്ലാത്തത്, പ്രതിച്ഛായയ്ക്കുവേണ്ടി മാത്രം, പിടി ഉഷയ്‌ക്കെതിരെ വിമര്‍ശനം

Vinesh Phogat
Vinesh Phogat

കൊച്ചി: ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലില്‍ കടന്നിട്ടും ഭാരം കൂടിയെന്നതിന്റെ പേരില്‍ അയോഗ്യതയാക്കപ്പെട്ട വിനേഷ് ഫോഗട്ട് പാരിസില്‍ നിന്നും മടങ്ങുകയാണ്. ഉറച്ച മെഡലാണ് അവര്‍ക്ക് 100 ഗ്രാം അധികഭാരത്തിന്റെ പേരില്‍ നഷ്ടമായത്. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ ഉള്‍പ്പെടെ പാരിസിലുണ്ടായിട്ടും വിനേഷിനുവേണ്ടി അപ്പീല്‍ നല്‍കുകയുണ്ടായില്ല.

വിനേഷിനെ നേരിട്ടുകണ്ട് ഉഷ സംസാരിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. എന്നാല്‍, ഒട്ടും സത്യസന്ധതയില്ലാതെയാണ് ഉഷ വിനേഷിനെ തൊട്ടുനില്‍ക്കുന്നതെന്നും പ്രതിച്ഛായയ്ക്കുവേണ്ടിയുള്ള സഹതാപപ്രകടനം മാത്രമാണിതെന്നും അധ്യാപികയും എഴുത്തുകാരിയുമായ എസ് ശാരദക്കുട്ടി വിമര്‍ശിച്ചു. നിങ്ങള്‍ ഹൃദയം കൊണ്ടല്ല, കൈ കൊണ്ടു മാത്രമാണ് വിനേഷ് ഫോഗോട്ടിനെ തൊട്ടു നില്‍ക്കുന്നതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഒരു കാലത്ത് പി.ടി. ഉഷാ നിങ്ങളുടെ ഓരോ ഇഞ്ച് ഓട്ടത്തിനുമൊപ്പം ഓടിക്കിതച്ചു തളര്‍ന്നവരില്‍ ഒരാളാണ് ഞാനും. നിങ്ങള്‍ തളര്‍ന്നപ്പോള്‍, നിങ്ങള്‍ ആരോപണങ്ങളേറ്റു വാങ്ങിയപ്പോള്‍, നിങ്ങളെ കണ്ടിട്ടേയില്ലാത്ത ഞാന്‍ നെഞ്ചത്തടുക്കിപ്പിടിച്ച് ആശ്വസിപ്പിച്ചിട്ടുണ്ട്. അതു പോലെ എത്ര മലയാളികളുടെ പ്രാര്‍ഥനകളും ആഗ്രഹങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു  

നിങ്ങളുടെ മുഖത്തെ കരുവാളിപ്പുകള്‍, ഞങ്ങള്‍ക്കായി വെയിലു കൊണ്ടതിന്റെ അടയാളങ്ങളാണെന്നഭിമാനിച്ച് അവയെ നിങ്ങളുടെ സൗന്ദര്യമായി ആസ്വദിച്ചവരാണ് ഞങ്ങളില്‍ പലരും.

പക്ഷേ സുരക്ഷിത സ്ഥാനത്തെത്തിക്കഴിഞ്ഞപ്പോള്‍ നിങ്ങളെടുത്ത നിലപാടുകള്‍ ചതിച്ചത് ഒരിക്കല്‍ നിങ്ങള്‍ക്കായി കയ്യടിച്ച ഞങ്ങളെക്കൂടിയാണ്. വിനേഷ് ഫോഗോട്ടിനെ  ഇപ്പോള്‍ തൊട്ടു നില്‍ക്കുന്ന ഈ നില്‍പ്പില്‍ തീരെ സത്യസന്ധതയില്ലെന്നു പറയേണ്ടി വരുന്നു.

ഒരിക്കല്‍ പരാജിതയായി വന്നിരുന്നു തളര്‍ന്നു കരഞ്ഞ നിങ്ങളുടെ മുഖത്തിന്റെ ആ ഛായ പോലും ഈ ചിത്രത്തിനില്ല. നിങ്ങള്‍ ഹൃദയം കൊണ്ടല്ല, കൈ കൊണ്ടു മാത്രമാണ് വിനേഷ് ഫോഗോട്ടിനെ തൊട്ടു നില്‍ക്കുന്നത്.  

അധികാര സ്ഥാനത്തെത്തുന്നവരുടെ തൊട്ടു നില്‍പുകളും സഹതാപപ്രകടനങ്ങളും അവരവരുടെ പ്രതിഛായക്കു വേണ്ടി മാത്രമുള്ളതാണെന്ന് തിരിച്ചറിയുന്ന വിവേകശാലിയുടെ ചിരിയാണ്, നിങ്ങള്‍ക്കു നേരെ കൈ നീട്ടുന്ന  വിനേഷ് ഫോഗോട്ടില്‍ ഇപ്പോള്‍ ഞാന്‍ കാണുന്നത്.  

അവര്‍ നിങ്ങളുടെ ഗുസ്തിയിടങ്ങളില്‍ നിന്ന് എന്നേക്കുമായി പിന്‍വാങ്ങുകയാണ്. പക്ഷേ, അധികാര കേന്ദ്രങ്ങളോട് വിട്ടുവീഴ്ച ചെയ്യാത്ത,  അഭിമാനിനിയായ അവരുടെ പോരാട്ടം ചരിത്രത്തില്‍ അടയാളപ്പെട്ടു കിടക്കും.

 

Tags