അംബാനി കല്യാണത്തില്‍ നിന്നും വിട്ടുനിന്ന് രോഹിത് ശര്‍മ, മുംബൈ ഇന്ത്യന്‍സിലെ ഉടക്കോ?

rohit sharma
rohit sharma

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈയില്‍ നടന്ന അനന്ത് അംബാനിയുടെ വിവാഹത്തില്‍ നിന്ന് വിട്ടുനിന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യന്‍സിന് 5 തവണ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനായിരുന്നു രോഹിത്. അംബാനി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന രോഹിത് വിവാഹ ചടങ്ങില്‍ നിന്നും വിട്ടുനിന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. എംഎസ് ധോണിയും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമെല്ലാം വിവാഹത്തിനെത്തിയിരുന്നു.

വിവാഹത്തില്‍ പങ്കെടുക്കാതെ മുങ്ങിയ രോഹിത് ലണ്ടനില്‍ വിംബിള്‍ഡണ്‍ കാണാനെത്തിയിരുന്നു. ടി20 ലോകകപ്പ് നേടിയശേഷം ടീമില്‍ നിന്നും വിശ്രമമെടുക്കുകയാണ് രോഹിത്. ടി20 അന്താരാഷ്ട്ര മത്സരത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന താരം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചേക്കും. അതേസമയം, മൂന്ന് മത്സര ഏകദിന പരമ്പരയില്‍ രോഹിത്തും വിരാട് കോഹ്ലിയും വിട്ടുനിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നടന്ന ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര മുതല്‍ രോഹിത് എല്ലാ പരമ്പരകളും കളിച്ചു. അഫ്ഗാനിസ്ഥാന്‍ ടി20, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര, ഐപിഎല്‍, അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് എന്നിവയിലെല്ലാം കളിച്ചശേഷമാണ് അവധിയെടുത്തത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ 5 മത്സര ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്ക് മുന്‍പ് ഇന്ത്യ ബംഗ്ലാദേശിനെതിരെ 2 ടെസ്റ്റുകളും ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളും കളിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. രോഹിത്താണ് ടെസ്റ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍.

Tags