വീണ്ടും രണ്ടക്കം കാണാതെ രോഹിത് ശര്‍മ, എന്തിനിങ്ങനെയൊരു ക്യാപ്റ്റന്‍? യുവ താരങ്ങളുടെ അവസരം നശിപ്പിക്കുന്നു


ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോം തുടരുന്ന രോഹിത് ഉടനടി വിരമിക്കല്‍ പ്രഖ്യാപനം നടത്തണമെന്നും ഇത് യുവ കളിക്കാര്‍ക്ക് അവസരമൊരുക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്ലെയ്ഡ് ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിലും രണ്ടക്കം കാണാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായതോടെ താരത്തിന് വന്‍ വിമര്‍ശനവുമായി മുന്‍ കളിക്കാരും ആരാധകരും. രണ്ടാംദിനം കളി അവസാനിക്കാന്‍ 3 ഓവര്‍ മാത്രം ശേഷിക്കെ ക്യാപ്റ്റന്റെ പുറത്താകല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോം തുടരുന്ന രോഹിത് ഉടനടി വിരമിക്കല്‍ പ്രഖ്യാപനം നടത്തണമെന്നും ഇത് യുവ കളിക്കാര്‍ക്ക് അവസരമൊരുക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ ഒരു അര്‍ദ്ധശതകം മാത്രമാണ് രോഹിത്തിന് നേടാനായത്. 52 റണ്‍സാണ് ടോപ് സ്‌കോര്‍.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 6, 5, 23, 8 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോര്‍. ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളും തോറ്റ പരമ്പരയിലെ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 2, 52, 0, 8, 18, 11 എന്നിങ്ങനെയാണ് ക്യാപ്റ്റന്റെ സ്‌കോര്‍. 2012ന് ശേഷം സ്വന്തം തട്ടകത്തില്‍ ആദ്യ പരമ്പര തോല്‍വിയും ഇന്ത്യ ഏറ്റുവാങ്ങി.

അഡ്ലെയ്ഡില്‍ ഇന്ത്യ രോഹിത്തിലൂടെ കയറുമെന്നാണ് കരുതിയതെങ്കിലും പൊരുതാന്‍ പോലും ആകാതെ 6 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 3 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. രോഹിത്തും വിരാട് കോഹ്ലിയും രണ്ടിന്നിങ്‌സിലും പരാജയമായതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ തോല്‍വിയും ഏറ്റുവാങ്ങി.