എന്താണ് റോബിന്‍ ബസ്സും എംവിഡിയും തമ്മിലുള്ള പ്രശ്‌നം, ബസ്സുടമ നടത്തുന്നത് നിയമലംഘനമല്ലേ?

google news
Robin bus

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെനാളായി വിവാദത്തിലൂടെ പ്രശസ്തി നേടിയ ബസ്സാണ് റോബിന്‍ ബസ്. ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള ബസ് നാഷണല്‍ പെര്‍മിറ്റ് എടുത്തശേഷം പത്തനംതിട്ട കൊയമ്പത്തൂര്‍ റൂട്ടില്‍ ഓടാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടുകയും പിഴയടപ്പിക്കുകയും ചെയ്തത് ഏറെ വിവാദമായി.

കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലഘൂകരിച്ചതിലൂടെയാണ് റോബിന്‍ ബസ് അടക്കം പെര്‍മിറ്റ് നേടി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തിയത്. എന്നാല്‍, ടൂറിസ്റ്റ് ബസ്സുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റിലൂടെ റൂട്ട് ബസ്സാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും അത് കെഎസ്ആര്‍ടിസിക്കും മറ്റ് സ്വകാര്യ ബസ്സുകാര്‍ക്കും തിരിച്ചടിയാകുമെന്നുമാണ് എംവിഡിയുടെ നിലപാട്. ബസ് നിയമവിരുദ്ധമായി ഓടിയാല്‍ പിഴയീടാക്കുമെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര നിയമപ്രകാരം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റു പെര്‍മിറ്റുകളുടെ ആവശ്യമില്ലെന്നും ബസ്സുടമയും വാദിക്കുന്നു. ബസ്സിനെതിരെ എംവിഡി നടപടിയെടുത്തതോടെ സോഷ്യല്‍മീഡിയയിലൂടെ രാഷ്ട്രീയ പിന്തുണ നേടിയെടുത്ത ഗിരീഷ് സംഭവം വിവാദമാക്കുന്നതില്‍ വിജയിച്ചു. സംസ്ഥാനത്ത് ഒരു സംരംഭകന് ഈ രീതിയിലാണ് നീതി ലഭിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്തെത്തി.

വിവാദം മുറുകുമ്പോഴും അഖിലേന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് പെര്‍മിറ്റ് റൂള്‍സ് ദുര്‍വ്യാഖ്യാനിച്ച് കോണ്‍ട്രാക്ട് ക്യാരിയേജ് ബസുകള്‍ സ്റ്റേജ് ക്യാരിയേജായി സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം കവിഞ്ഞദിവസം തീരുമാനിച്ചത്. ഏതെങ്കിലും ഒരു ബസ്സിനെതിരായ നിലപാട് അല്ല ഇതെന്നും ഈ രീതിയില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെല്ലാം നിയമം ബാധകമാണെന്നും വകുപ്പ് വ്യക്തമാക്കുന്നുണ്ട്.

അഖിലേന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ നവമാധ്യമങ്ങളിലൂടെ റൂട്ടും സമയവും സംബന്ധിച്ച പരസ്യം നല്‍കിയാണ് റോബിന്‍ ബസ് ആളെക്കൂട്ടുന്നത്. എന്നാല്‍, സ്റ്റേജ് കാരിയേജ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് മാത്രമേ വിവിധ സ്റ്റോപ്പുകളില്‍ യാത്രക്കാരെ ഇറക്കിയും കയറ്റിയും സര്‍വീസ് നടത്തുവാന്‍ അനുവാദമുള്ള. റോബിന്‍ ബസ്സുപോലെ കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്ക് നിശ്ചിത സ്ഥലത്തുനിന്നും ആളെക്കയറ്റി മറ്റൊരു സ്ഥലത്ത് യാത്ര അവസാനിപ്പിക്കാനുള്ള പെര്‍മിറ്റ് മാത്രമേയുള്ളൂവെന്നും എംവിഡി വ്യക്തമാക്കുന്നു.

മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച റോബിന്‍ ബസ് പത്തനംതിട്ട - കോയമ്പത്തൂര്‍ ട്രിപ്പില്‍ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശൂര്‍, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളില്‍ നിന്നായി ആളെ കയറ്റുന്നുണ്ട്. തിരിച്ചുള്ള സര്‍വ്വീസില്‍ പാലക്കാട് മാത്രമാണ് സ്റ്റോപ്പ്.

കെ.എസ്.ആര്‍.ടി.സിയേയും ആയിരക്കണക്കിന് സ്വകാര്യ ബസുകളെയും അവയിലെ ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്നതാണ് കോണ്‍ട്രാക്ട് വാഹനങ്ങള്‍ റൂട്ട് സര്‍വീസ് നടത്തുന്നത്. ടൂറിസം വികസനം ലക്ഷ്യമാക്കി നല്‍കുന്ന അഖിലേന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ പല സ്റ്റോപ്പുകളില്‍ നിന്നും യാത്രക്കാരെ കയറ്റിയിറക്കുന്നത് നിയമവിരുദ്ധമാണെന്നും പറയപ്പെടുന്നു.

കോണ്‍ട്രാക്ട് കാരിയേജുകള്‍ സ്റ്റേജ് ക്യാരിയേജുകളായി സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത്തരം ബസ്സുകള്‍ക്ക് യാതൊരു ഇളവും നല്‍കുകയുമില്ല. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുന്നവര്‍ക്കെതിരെ ഐ.പി.സി. പ്രകാരം കേസെടുക്കുവാനും നിര്‍ദ്ദേശമുണ്ട്.

എംവിഡിയുടെ ബസ്സുടമയും തമ്മിലുള്ള യുദ്ധം മുറകവെ വൃശ്ചികം ഒന്നാംതീയതി വീണ്ടും യാത്ര തുടങ്ങിയ റോബിന്‍ ബസ്സിന് എംവിഡി പിഴ ചുമത്തിയത് നിയമയുദ്ധത്തിലേക്കാണ് നയിക്കുക. അഖിലേന്ത്യാ പെര്‍മിറ്റുമായി റൂട്ട് സര്‍വീസ് നടത്തുമെന്ന ഗിരീഷിന്റെ വെല്ലുവിളി പിഴചുമത്തി എംവിഡി പ്രതിരോധിക്കുമ്പോള്‍ കോടതിയുടെ തീരുമാനം നിര്‍ണായകമാകും.

 

Tags