മതം തലയ്ക്കുപിടിച്ച് വീട്ടിലെ പ്രസവം ഫാഷനാക്കുന്നവരോടാണ്, അറിയണം ഈ കാര്യങ്ങള്‍


കൊച്ചി: അടുത്തിടെ തിരുവനന്തപുരത്തെ കാരക്കാമണ്ഡപത്തില്‍ 36 കാരിയായ സ്ത്രീയും ഗര്‍ഭസ്ഥശിശുവും മരിച്ചതിനെതുടര്‍ന്ന് വീട്ടിലെ പ്രസവം ഏറെ ചര്‍ച്ചയായിരുന്നു. തീവ്രമായ മതവിശ്വാസികള്‍ വീട്ടിലെ പ്രസവത്തിന് പ്രധാന്യം നല്‍കുന്നവരാണ്. എന്നാല്‍, ഇത് ഒട്ടും സുരക്ഷിതമല്ലാതെയാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
tRootC1469263">ആരോഗ്യ രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണ് സുരക്ഷിതമല്ലാത്ത ഇത്തരം പ്രസവങ്ങള്‍. 2005 മുതല്‍ സംസ്ഥാനത്ത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെലിവറികളുടെ അനുപാതം സ്ഥിരമായി 99.5% ആണ്. കേരളത്തിലെ മാതൃമരണ അനുപാതം ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ നിലയിലുള്ളതാണ്.

സുരക്ഷിതമായ ഡെലിവറി കെയര്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നതിലും ഒബ്സ്റ്റെട്രിക് രീതികളില്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിലും കേരളം ഒന്നാം സ്ഥാനത്താണ്. സ്ഥിരമായ പരിശ്രമത്തിലൂടെയാണ് ഇത് നേടിയെടുത്തത്. മാതൃമരണത്തിനുള്ള സാധ്യതയുള്ള എല്ലാ കാരണങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിന് ആരോഗ്യ വിദഗ്ധര്‍ മുന്‍ഗണന നല്‍കുന്നു.
എന്നിരുന്നാലും, ഡെലിവറികളുടെ ഒരു ചെറിയ ശതമാനം വീടുകളിലാണ് നടക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ അറിഞ്ഞും അറിയാതേയും ഇത്തരം പ്രസവങ്ങള്‍ നടക്കുന്നു. ചില ഗോത്രമേഖലകളില്‍, വീട്ടില്‍ പ്രസവിക്കുന്നത് ഒരു പാരമ്പര്യമായി കണക്കാക്കപ്പെടുമ്പോള്‍ കടുത്ത മതവിശ്വാസികളായ ചിലര്‍ ഇത് ഫാഷനായി മാറ്റുകയാണ്.
തീവ്ര മതവിശ്വാസികള്‍, മെഡിക്കല്‍ ഇടപെടലുകളിലുള്ള അവിശ്വാസം, സോഷ്യല്‍ മീഡിയ സ്വാധീനം എന്നിവയെല്ലാം വീടുകളിലെ പ്രസവത്തിന് കാരണമാകുന്നുണ്ട്. വീട്ടിലെ പ്രസവങ്ങളുടെ എണ്ണം കൂടിവരുന്നത് ആശങ്കാജനകമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വീട്ടിലെ പ്രസവത്തിനിടെ അബോധാവസ്ഥയിലായവരെ പിന്നീട് ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തിയ സംഭവങ്ങളുമുണ്ട്.
പ്രസവത്തില്‍ പ്രവചനാതീതമായ കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. വളരെ സാധാരണ ഗര്‍ഭധാരണം പോലും പ്രസവസമയത്ത് അപ്രതീക്ഷിതവും ജീവന്‍ അപകടപ്പെടുത്തുന്നതുമായ സങ്കീര്‍ണതകള്‍ സൃഷ്ടിക്കും. അനിയന്ത്രിതമായ രക്തസ്രാവവും പെട്ടെന്നുള്ള ഹൃദയസ്തംഭനവും സംഭവിച്ചേക്കാം. യു.കെ.യില്‍, വീട്ടു പ്രസവങ്ങള്‍ ജനപ്രിയമാണ്. എന്നാല്‍, ഇവ കൈകാര്യം ചെയ്യുന്നത് പരിശീലനം ലഭിച്ച മിഡ്വൈഫുമാരാണ്. അവര്‍ക്ക് പ്രസവസംബന്ധമായ അത്യാഹിതങ്ങള്‍ ഉടനടി തിരിച്ചറിയാനും സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ക്രമീകരിക്കാനും കഴിയും. ഇത്തരം അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് നല്ല സംഘടിത സംവിധാനവുമുണ്ട്.
പ്രസവസംബന്ധമായ അത്യാഹിതങ്ങള്‍ ശരിയായ സമയത്ത്, പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സംഘം കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. അമ്മമാര്‍ക്ക് അവരുടെ ആരോഗ്യത്തെയും ജീവിതനിലവാരത്തെയും ബാധിച്ചേക്കാവുന്ന ഗുരുതരമായ ദീര്‍ഘകാല രോഗാവസ്ഥകള്‍ വീട്ടിലെ പ്രസവം മൂലം ഉണ്ടായേക്കാം. കേരളത്തില്‍ ജനനനിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തില്‍, ഓരോ ഗര്‍ഭധാരണവും വിലപ്പെട്ടതായി കണക്കാക്കണമെന്നും അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അടുത്തിടെ വീട്ടിലെ പ്രസവാനുഭവത്തെക്കുറിച്ച് വളാഞ്ചാരി സ്വദേശിയും അക്യുപങ്ചറിസ്റ്റുമായ ഹിറ ഹരീറ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ആരോഗ്യരംഗത്തെ പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന പ്രചരണമാണ് ഡോക്ടറായ ഒരു യുവതി തന്നെ നടത്തുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമുള്ളവരില്‍ പോലും വീട്ടിലെ പ്രസവം വര്‍ധിച്ചുവരികയാണെന്ന് തെളിയിക്കുന്നതാണ് ഹിറ ഹരീറയുടെ തുറന്നുപറച്ചില്‍.