സഹകരണ ബാങ്ക് കുടിശ്ശിക പിടിച്ചെടുക്കാൻ റവന്യൂ റിക്കവറി ; പൂർണ്ണ നിയമപ്രാബല്യമെന്ന് ഹൈക്കോടതി

Revenue recovery to collect cooperative bank arrears; High Court affirms full legal validity.

 കൊച്ചി: സഹകരണ മേഖലയ്ക്ക് വൻ ആശ്വാസമേകുന്ന നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സഹകരണ സംഘങ്ങൾക്ക് ആർബിട്രേഷൻ നടപടികളിലൂടെ ലഭിക്കുന്ന അവാർഡുകളിൽ റവന്യൂ വകുപ്പ് മുഖേന റവന്യൂ റിക്കവറി നടത്താൻ പൂർണ്ണ നിയമപ്രാബല്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതുവഴി വായ്പാ കുടിശ്ശിക വേഗത്തിൽ പിടിച്ചെടുക്കാനും നിക്ഷേപകരുടെ തുക തിരികെ നൽകാനും സഹകരണ ബാങ്കുകൾക്ക് വഴിയൊരുങ്ങും.

സാമ്പത്തിക പ്രതിസന്ധി മൂലം കാലാവധിയെത്തിയ സ്ഥിരനിക്ഷേപങ്ങൾ തിരികെ നൽകാൻ സാധിക്കാതിരുന്ന പത്തനംതിട്ടയിലെ വെൺകുറിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിനെതിരെ 17 നിക്ഷേപകർ സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ സുപ്രധാന വിധി. വായ്പാ കുടിശ്ശികക്കാർക്കെതിരെ അവാർഡുകൾ നേടിയിട്ടുണ്ടെങ്കിലും തുക പിരിഞ്ഞുകിട്ടാത്തതാണ് ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണമായത്.

1969-ലെ കെ.സി.എസ് ആക്റ്റിലെ സെക്ഷൻ 76(b) പ്രകാരം വകുപ്പ് 70 അനുസരിച്ച് ലഭിച്ച അവാർഡുകൾ 1968-ലെ കേരള റവന്യൂ റിക്കവറി ആക്ട് വഴി ഈടാക്കാമെന്നും, ഇതിനായി പ്രത്യേക സർക്കാർ നോട്ടിഫിക്കേഷന്റെ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. സഹകരണ ബാങ്കുകൾക്ക് റവന്യൂ റിക്കവറി അപേക്ഷകൾ ഓൺലൈനായി നേരിട്ട് സമർപ്പിക്കാൻ സാധിക്കുംവിധം പോർട്ടലിൽ രണ്ടാഴ്ചയ്ക്കകം ആവശ്യമായ മാറ്റങ്ങൾ വരുത്താൻ റവന്യൂ വകുപ്പ് പ്രിൻസിപ്പാൾ സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.

കുടിശ്ശിക ഈടാക്കാൻ സഹകരണ വകുപ്പ്, സിവിൽ കോടതി, സർഫാസി, റവന്യൂ റിക്കവറി തുടങ്ങിയ മാർഗ്ഗങ്ങൾ ഒരേസമയം ഉപയോഗിക്കാൻ ബാങ്കുകൾക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിയെ ആധാരമാക്കി ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, റവന്യൂ റിക്കവറി വഴി പിരിച്ചെടുക്കുന്ന തുക കാലാവധിയെത്തിയ നിക്ഷേപങ്ങൾ തിരികെ നൽകാൻ മാത്രമേ ഉപയോഗിക്കാവൂ എന്ന് കോടതി കർശനമായി ഉത്തരവിട്ടു. കാലാവധി പൂർത്തിയായ തീയതിയുടെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ മുൻഗണനാ പട്ടിക തയ്യാറാക്കി ബാങ്ക് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം.

കൂടാതെ, ബാങ്കുകൾ സമാപ്തീകരണ നടപടികൾക്ക് വിധേയമാകുമ്പോൾ മാത്രമേ ഡിപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ടിൽ നിന്ന് തുക അനുവദിക്കാനാവൂ എന്നും പുനരുദ്ധാരണ പദ്ധതികൾ സർക്കാർ അംഗീകരിച്ചാൽ മാത്രമേ സഹായധനം ലഭ്യമാകൂ എന്നും കോടതി വ്യക്തമാക്കി. സാധാരണ നടപടികളേക്കാൾ വേഗത്തിൽ റവന്യൂ റിക്കവറി വഴി ഫലം ലഭിക്കുമെന്നതിനാൽ, ഈ വിധി സാമ്പത്തിക പ്രതിസന്ധിയിലായ മറ്റ് സഹകരണ ബാങ്കുകൾക്കും നിക്ഷേപകർക്കും വലിയ തണലാകും.

Tags