റവന്യൂ വകുപ്പ് ഡിജിറ്റലൈസേഷന് 20 കോടി ; വിപ്ലവകരമായ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു
വിവിധ റവന്യൂ സേവനങ്ങളും പേയ്മെന്റുകളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന 'Unified Revenue Portal', ഒറ്റ ലോഗിനിലൂടെ സേവനങ്ങൾ ഉറപ്പാക്കുന്ന 'Single Sign-On Facility' എന്നിവയാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനായി 20 കോടി ചെലവിൽ സമഗ്ര കമ്പ്യൂട്ടറൈസേഷൻ പദ്ധതി നടപ്പാക്കാൻ സർക്കാർ ഭരണാനുമതി നൽകി. 2026-27 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ റവന്യൂ ഭരണസംവിധാനത്തിൽ വലിയ സാങ്കേതിക മാറ്റത്തിനാണ് വഴിതുറക്കുന്നത്.
വിവിധ റവന്യൂ സേവനങ്ങളും പേയ്മെന്റുകളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന 'Unified Revenue Portal', ഒറ്റ ലോഗിനിലൂടെ സേവനങ്ങൾ ഉറപ്പാക്കുന്ന 'Single Sign-On Facility' എന്നിവയാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
വിഹിതത്തിൽ ഏറ്റവും വലിയ തുക(16.15 കോടി) മാറ്റിവെച്ചിരിക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്. വില്ലേജ് ഓഫീസുകളിൽ 5G സാങ്കേതികവിദ്യ, ഇ-ഓഫീസ് സംവിധാനം, KFON ഇൻ്റർനെറ്റ് കണക്റ്റിവിറ്റി, പുതിയ ഹാർഡ്‌വെയറുകൾ, റവന്യൂ ഡിവിഷണൽ ഓഫീസുകളിലും (RDO) കമ്മീഷണറേറ്റിലും ആധുനിക റെക്കോർഡ് റൂമുകൾ (Modern Record Rooms) എന്നിവ ഇതിലൂടെ സജ്ജീകരിക്കും.
സോഫ്റ്റ്‌വെയർ വികസനത്തിന് 2.30 കോടി. ഡിജിറ്റൽ റവന്യൂ കാർഡ്, റീലിസ് 2.0 (ReLIS 2.0), ആധാർ ലിങ്കിംഗ്, യൂണിക്ക് തണ്ടപ്പേര് സിസ്റ്റം, റെവന്യൂ റിക്കവറി ഓൺലൈൻ (RR Online), ലാൻഡ് അക്വിസിഷൻ ഓൺലൈൻ, മൊബൈൽ ആപ്പുകൾ എന്നിവ ഇതിലൂടെ വികസിപ്പിക്കും.
ഭൂവിവര രേഖകളുടെ ഡിജിറ്റലൈസേഷന് 80 ലക്ഷം. ഭൂവിവര രേഖകൾ, ക്വാസി-ജുഡീഷ്യൽ ഉത്തരവുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നതിനായി 'ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റം' നടപ്പിലാക്കും.
പ്രോജക്ട് ഇംപ്ലിമെന്റേഷൻ ആൻഡ് ഡിജിറ്റൽ സാക്ഷരതയ്ക്ക് 50 ലക്ഷം. ഇ-സാക്ഷരത കാമ്പയിനുകൾ, ഡിജിറ്റൽ ലിറ്ററസി ഇനീഷ്യറ്റീവ്, ട്രെയിനിംഗ്, പബ്ലിക് അവെയർനസ് പ്രോഗ്രാമുകൾ എന്നിവയ്ക്കായി ഉപയോഗിക്കും. കേരള ലാൻഡ് അതോറിറ്റിയ്ക്ക് 15 ലക്ഷം. മാൻപവർ, ടൈറ്റ്‌ലിങ് ആക്ട് & റൂൾസ് രൂപീകരണം എന്നിവയ്ക്കായി തുക വകയിരുത്തി. കൺടിൻജൻസി ഫണ്ടായി 10 ലക്ഷം രൂപ. സൈബർ സെക്യൂരിറ്റി പ്രശ്നങ്ങൾ, നിയമപരമായ മറ്റ് അപ്രതീക്ഷിത ചെലവുകൾ എന്നിവ നേരിടാൻ ഉപയോഗിക്കും.
റവന്യൂ ഭരണത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ AI (Artificial Intelligence) ടൂളുകൾ അവതരിപ്പിക്കും. പബ്ലിക് ഡാറ്റാ സെർച്ച് ഒപ്റ്റിമൈസേഷൻ, പേയ്മെന്റ് അലേർട്ടുകൾ എന്നിവയ്ക്കാണ് AI ഉപയോഗിക്കുക. കൂടാതെ, കേസ് മാനേജ്മെന്റ് പൂർണ്ണമായും ഡിജിറ്റൽ ആക്കുന്നതിനായി e-Court സംവിധാനവും, സർക്കാർ ഓഫീസുകൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ API അധിഷ്ഠിത ഡാറ്റാ ഷെയറിംഗ് പൈലറ്റ് പ്രോജക്ടും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. റവന്യൂ മേഖലയിലെ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ ഈ ഡിജിറ്റലൈസേഷൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
.jpg)

