എബിവിപിയിലൂടെ തുടക്കം, പല പാര്‍ട്ടികള്‍ ചാടിമറിഞ്ഞ് കോണ്‍ഗ്രസിലെത്തി, 50 ലക്ഷം രൂപ കോഴക്കേസില്‍ കൈയ്യോടെ പിടിയിലായി, 14 ദിവസം ജയിലില്‍, രേവന്ത് റെഡ്ഡിയുടെ ജീവിതകഥ ഇങ്ങനെ
ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെ കണ്ടുമുട്ടിയ ശേഷം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2009-ല്‍ ആന്ധ്രപ്രദേശ് നിയമസഭയിലെ കൊടങ്കല്‍ മണ്ഡലത്തില്‍ നിന്ന് ടിഡിപി ടിക്കറ്റില്‍ എംഎല്‍എയായി.
കൊച്ചി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദമായിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ തുടര്‍ച്ചയായി അധിക്ഷേപിച്ച അദ്ദേഹം ഒടുവില്‍ ഔദ്യോഗിക കത്തിലും സമാന പരാമര്‍ശം ആവര്‍ത്തിച്ചു. ഇതോടെ നീ പോ മോനെ വിജയ എന്ന ആക്ഷേപത്തിന് ഡാഷ് മോനെ രേവന്താ... മറുപടി വരുന്നുണ്ട് എന്ന് പിണറായിയും പ്രതികരിച്ചു.
ഇക്കുറി കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരകനാണ് രേവന്ത് റെഡ്ഡി. തെലങ്കാന സംസ്ഥാനത്തിന്റെ പരസ്യത്തിലൂടെ മലയാളം മാധ്യമങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസിന്റെ എടിഎം ആണ് രേവന്ത് എന്നും ആരോപണമുണ്ട്.
തെലങ്കാനയിലെ നാഗര്‍കൂര്‍ണൂല്‍ ജില്ലയിലെ കൊണ്ടറെഡ്ഡിപ്പള്ളി ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച രേവന്ത് പല പാര്‍ട്ടികള്‍ ചാടിമറിഞ്ഞാണ് കോണ്‍ഗ്രസിലെത്തിയത്. എബിവിപിയിലൂടെയായിരുന്നു തുടക്കം. 1992-ല്‍ തന്നെ ജീത റെഡ്ഡിയെ (മുന്‍ കേന്ദ്രമന്ത്രി എസ്. ജയപാല്‍ റെഡ്ഡിയുടെ സഹോദരിയുടെ മകള്‍) വിവാഹം ചെയ്തു.
രാഷ്ട്രീയത്തിലേക്കുള്ള യാത്ര 2000-കളുടെ തുടക്കത്തിലാണ് ആരംഭിക്കുന്നത്. 2001-02-ല്‍ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്, ഇപ്പോള്‍ ബിആര്‍എസ്) യുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗികമായി 2004-ല്‍ തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) യിലെത്തി. 2006-ല്‍ മിഡ്ജില്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി ജില്ലാ പരിഷത്ത് ടെറിട്ടോറിയല്‍ കൗണ്‍സില്‍ അംഗമായി വിജയിച്ചു. 2007-ല്‍ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിലൂടെ സ്വതന്ത്രനായി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി.
ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെ കണ്ടുമുട്ടിയ ശേഷം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2009-ല്‍ ആന്ധ്രപ്രദേശ് നിയമസഭയിലെ കൊടങ്കല്‍ മണ്ഡലത്തില്‍ നിന്ന് ടിഡിപി ടിക്കറ്റില്‍ എംഎല്‍എയായി. 2014-ല്‍ തെലങ്കാന നിയമസഭയിലും അതേ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. തെലങ്കാന ടിഡിപി ഫ്‌ലോര്‍ ലീഡറായും പ്രവര്‍ത്തിച്ചു.
2017 ഒക്ടോബര്‍ 31-ന് ടിഡിപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ചേരുന്നത്. 2018 തെലങ്കാന തിരഞ്ഞെടുപ്പില്‍ കൊടങ്കലില്‍ നിന്ന് മത്സരിച്ചെങ്കിലും ബിആര്‍എസ് സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ തോറ്റു. 2019-ല്‍ മല്‍കാജ്ഗിരി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 2021 ജൂലൈയില്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റായി നിയമിതനായി. 2023 തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച് മുഖ്യമന്ത്രിയായി.
കൈക്കൂലി കേസില്‍ കൈയ്യോടെ പിടികൂടപ്പെട്ട വ്യക്തിയാണ് രേവന്ത്. രാജ്യമെങ്ങും ശ്രദ്ധപിടിച്ചുപറ്റിയ ക്യാഷ്-ഫോര്‍-വോട്ട് സ്‌കാം രേവന്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണ്. ടിഡിപി എംഎല്‍എ ആയിരിക്കെ 2015 മേയ് 31-ന് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടിഡിപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ഉറപ്പാക്കാന്‍ നോമിനേറ്റഡ് എംഎല്‍എ എല്‍വിസ് സ്റ്റീഫന്‍സണിന് 50 ലക്ഷം രൂപ (മൊത്തം 5 കോടി രൂപ ഡീല്‍) കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതായി ആരോപിച്ച് ആന്റി-കറപ്ഷന്‍ ബ്യൂറോ (എസി ബി) പിടികൂടി. വീഡിയോ-ഓഡിയോ തെളിവുകളോടെയായിരുന്നു അറസ്റ്റ്. ഏകദേശം 14 ദിവസം ജയിലില്‍ കഴിഞ്ഞു. പിന്നീട് തെലങ്കാന ഹൈക്കോടതി ജാമ്യം നല്‍കി.
പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട്, ഐപിസി 120-ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരം ചാര്‍ജ്ഷീറ്റ്. 2021-ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടി ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്തു. 2025-ല്‍ സുപ്രീം കോടതിയില്‍ അദ്ദേഹം ''ട്രാപ്പ് നിയമവിരുദ്ധമായിരുന്നു, എഫ്ഐആര്‍ ഇല്ലാതെ നടത്തിയത്'' എന്ന് വാദിച്ചു. ബ്രൈബ് ഗിവര്‍ എന്ന നിലയില്‍ പ്രോസിക്യൂഷന്‍ നിയമവിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. കേസ് ഇപ്പോഴും നിയമപരമായി നീങ്ങുകയാണ്.
കേരളത്തിലെ പ്രചാരണത്തിലെ വിവാദ പരാമര്‍ശം രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ബന്ധത്തെ കൂടി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇക്കാര്യം മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമായിരിക്കുമെന്നുറപ്പാണ്.
.jpg)


