ഡിജിറ്റൽ റീസർവേ അപാകതകൾക്കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം; താത്കാലികമായി ഭൂനികുതി സ്വീകരിക്കാൻ നിർദ്ദേശിച്ച് സർക്കുലർ

Resolution for difficulties caused by digital resurvey discrepancies; circular issued directing the temporary acceptance of land tax.

തിരുവനന്തപുരം: ഡിജിറ്റൽ റീസർവേ നടപടികൾ പൂർത്തിയായ പ്രദേശങ്ങളിൽ സാങ്കേതിക അപാകതകൾ കാരണം ഭൂനികുതി സ്വീകരിക്കുന്നത് തടസ്സപ്പെടുന്നത് ഒഴിവാക്കാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് സർക്കുലർ (LR/7288/2026-SPLC1) പുറപ്പെടുവിച്ചു. സർവേയിലെ അപകാതകൾ മൂലം രണ്ട് വ്യക്തികളുടെ ഭൂമി ഒന്നായി ചേർക്കപ്പെടുകയോ, പേരുകളിൽ മാറ്റം വരികയോ ചെയ്യുന്നത് കാരണം പല വില്ലേജുകളിലും നികുതി സ്വീകരിക്കുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

ഭൂവുടമകളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും സർക്കാരിലേക്കുള്ള നികുതി വരുമാനം ഉറപ്പാക്കുന്നതിനുമായി പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:എൽ.ആർ.എം (LRM) നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ, ReLIS പോർട്ടലിലെ പേയ്മെന്റ് ഓപ്ഷനിലുള്ള 'റസീപ്റ്റ് എൻട്രി' (Receipt Entry) സൗകര്യം ഉപയോഗിച്ച് താത്കാലികമായി നികുതി സ്വീകരിക്കണം.

ഡിജിറ്റൽ സർവേയിൽ വിസ്തീർണ്ണത്തിൽ വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ, കക്ഷികളുടെ ആധാരം അല്ലെങ്കിൽ മുൻ നികുതി രസീത് എന്നിവയുടെ അടിസ്ഥാനത്തിൽ ആനുപാതികമായി നികുതി ഈടാക്കാം.

നൽകുന്ന കരം അടവ് രസീതുകളിലെ റിമാർക്സ് കോളത്തിൽ എൽ.ആർ.എം അപേക്ഷയുടെ LTIN നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം. കൂടാതെ "ഇത് താത്കാലിക തണ്ടപ്പേരാണ്" എന്ന വ്യക്തമായ കുറിപ്പും LTIN നോടൊപ്പം ഉൾപ്പെടുത്തണം.

എൽ.ആർ.എം അപേക്ഷയിലെ നടപടികൾ പൂർത്തിയാകുമ്പോൾ, ഈ രീതിയിൽ താത്കാലികമായി സ്വീകരിച്ച നികുതി തുക OTC സമയത്ത് യഥാർത്ഥ തണ്ടപ്പേരിലേക്ക് വകയിരുത്തേണ്ടതാണ്.

സാങ്കേതിക കാരണങ്ങളാൽ നികുതി പിരിവ് തടസ്സപ്പെടരുതെന്നും എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ലാൻഡ് റവന്യൂ കമ്മീഷണർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags