നിങ്ങളുടെ കുട്ടികള്‍ മയക്കുമരുന്നിന് അടിമയാണോ എന്നറിയുന്നതിനുള്ള സൂചന ഇതാ, ഏവരും വായിച്ചിരിക്കേണ്ടത്, യുവാക്കള്‍ രാസലഹരിയുടെ പിടിയില്‍


വീട്ടുകാര്‍ പോലും അറിയാതെ തുടങ്ങുന്ന ഉപയോഗം പിന്നീട് നിയന്ത്രിക്കാനാകാത്ത തലത്തിലെത്തുകയും അക്രമത്തിലേക്ക് കടക്കുകയുമാണ്. എക്‌സൈസിനോ പോലീസിനോ രാസലഹരി നിയന്ത്രിക്കാനാകുന്നില്ല.
കൊച്ചി: സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ക്രൂരമായ കൊലപാതകങ്ങളുടേയെല്ലാം പിന്നില്‍ മയക്കുമരുന്ന് വില്ലനാകുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. വീട്ടുകാര്‍ പോലും അറിയാതെ തുടങ്ങുന്ന ലഹരി ഉപയോഗം പിന്നീട് നിയന്ത്രിക്കാനാകാത്ത തലത്തിലെത്തുകയും അക്രമത്തിലേക്ക് കടക്കുകയുമാണ്. എക്‌സൈസിനോ പോലീസിനോ രാസലഹരി നിയന്ത്രിക്കാനാകുന്നില്ല.
മലയാളി യുവത്വം ലഹരിക്കടിമകളാകുമ്പോള്‍ പൊതുസമൂഹത്തിന് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനുണ്ട്. നമുക്ക് ചുറ്റുമുള്ളവര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ അവരെ തിരിച്ചുകൊണ്ടുവരാനും സാധിക്കണം. രാസലഹരി ആയതുകൊണ്ടുതന്നെ തുടക്കത്തില്‍ തന്നെ ഇത്തരക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍, സൂഷ്മമായി നിരീക്ഷിച്ചാല്‍ ഇത്തരക്കാരെ തിരിച്ചറിയാമെന്ന് വ്യക്തമാക്കുകയാണ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ്. മദ്യം ഉപയോഗിക്കാന്‍ അനുവാദമില്ലാത്തവരും വീട്ടില്‍ കര്‍ശന നിയന്ത്രണമുള്ളവരുമാണ് രാഹലഹരിയുടെ ഉപഭോക്താക്കളെന്ന് കുറിപ്പ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്,
സിന്തറ്റിക്ക് ലഹരി, അഥവാ നാട്ടില്‍ എംഡിഎംഎ, മെത്ത്, കല്ല് എന്നൊക്കെ അറിയപ്പെടുന്ന ലഹരികള്‍ക്ക് അടിമയായ ഒരാള്‍ നിങ്ങളുടെ വീട്ടിലോ, അയല്‍പ്പക്കത്തോ, കുടുംബത്തിലോ, കൂട്ടുകാരുടെ ഇടയിലോ ഉണ്ടെങ്കില്‍ എങ്ങനെ നിങ്ങള്‍ക്ക് അവരെ തിരിച്ചറിയാന്‍ ആവും?
എന്റെ അനുഭവത്തില്‍ ഞാന്‍ രണ്ടു യുവാക്കളുടെ കേസില്‍ ഇടപെട്ടിട്ടുണ്ട്, അവരെ രണ്ടുപേരെയും റിക്കവര്‍ ആക്കിയിട്ടും ഉണ്ട്, ആ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ ഇവിടെ പങ്കു വയ്ക്കുന്നു.
മേല്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്ന ഒരാളുടെ തുടക്കത്തില്‍ തന്നെ അയാളുടെ വീട്ടുകാര്‍ക്ക് പോലും അയാള്‍ അത് ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കി എടുക്കാന്‍ സാധിക്കില്ല.
ഏറ്റവും അടുത്തവര്‍ പോലും മനസ്സിലാക്കി വരുമ്പോഴേക്കും അയാള്‍ പൂര്‍ണ്ണമായും അതിനു അടിമയായി തീര്‍ന്നിരിക്കും.
എന്നാല്‍ കൂടെ സമയം ചിലവഴിക്കുന്നവര്‍ക്ക് ലഹരിക്ക് അടിമയായ ആളുകളെ മനസിലാക്കാന്‍ പറ്റുന്ന പല റിക്കവറി സ്റ്റേജുകള്‍ / സൂചനകള്‍ ഉണ്ട്, അതാണ് ഇവിടെ ഏറ്റവും പ്രധാനം.
- -
ഒരു യുവാവ് ലഹരി ഉപയോഗിച്ചു തുടങ്ങുന്നത് കൂട്ടുകെട്ടുകളുടെ കൂടെ ആയിരിക്കും, കുറഞ്ഞത് അയാള്‍ക്ക് ആ ലഹരി പരിചയപ്പെടുത്തി കൊടുക്കാനും സംഘടിപ്പിച്ചു കൊടുക്കാനും ഒരാള്‍ എങ്കിലും അയാളുടെ കൂടെ കാണും, അത് മിക്കവാറും അയാളുടെ കൂട്ടുകാരന്‍ ആവാം, നാട്ടുകാരന്‍ ആവാം, അയാള്‍ക്ക് നല്ല പരിചയമുള്ള ആരുമാവാം.
ആദ്യത്തെ ഉപയോഗം ചിലപ്പോള്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഉപയോഗം മിക്കവാറും ഫ്രീ ആയിരിക്കും, അതിനു വേണ്ടി ആ യുവാവ് കാശ് മുടക്കേണ്ടി വരില്ല, ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരന്റെ / പരിചയക്കാരന്റെ / ഏജന്റിന്റെ വക ആയിരിക്കും ആ സമ്മാനം.
എന്നാല്‍ പിന്നീട് അങ്ങോട്ട് ഇതിനു വേണ്ടി കാശ് സ്വന്തം കയ്യില്‍ നിന്ന് ചിലവായി തുടങ്ങും
ഇതാണ് അയാളെ തിരിച്ചറിയാനുള്ള ഒന്നാമത്തെ ലക്ഷണം!
- - -
ലഹരിക്ക് അടിമായായി തുടങ്ങിയ യുവാവിന്റെ കയ്യില്‍ പണം തികയാതെ വരും, അവര്‍ വീട്ടില്‍ നിന്നും പരിധിയില്‍ കവിഞ്ഞു പണം ആവശ്യപെട്ടു തുടങ്ങും, കൂട്ടുകാരുടെ അടുത്ത് നിന്നൊക്കെ കടം വാങ്ങാന്‍ തുടങ്ങും, വീട്ടിലെ സ്വര്‍ണ്ണം എടുക്കും, പെണ്ണുങ്ങളെ കൊണ്ട് പണയം വയ്പ്പിക്കും, ക്രെഡിറ്റ് കാര്‍ഡില്‍ ഒക്കെ ലോണ്‍ എടുക്കും, ബാങ്കില്‍ ബാധ്യത ആക്കും, ജോലി ചെയ്യുന്ന യുവാവ് ആണെങ്കില്‍ ആ ജോലിയും അതിന്റെ ശമ്പളവും മതിയാകാതെ വരും, വീട്ടില്‍ എല്ലാ സൗകര്യവുമുള്ള ഗള്‍ഫില്‍ നിന്നും മാസം പണം കൃത്യമായി വരുന്ന കുടുംബത്തിലെ അംഗമാണെങ്കില്‍ അവനു പണത്തിനു ചിലപ്പോള്‍ കുറവൊന്നും കാണില്ല.
ഈ അമിത ചിലവിനു അവര്‍ പല ന്യായികാരണങ്ങളും നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കും, അവരുടെ ആവശ്യം അടുത്ത ഡോസ് ലഹരി വാങ്ങിക്കാനുള്ള പണം നേടുക എന്നത് മാത്രമാണ്.
പണം കിട്ടാതെ ആയാല്‍ അവര്‍ വൈലന്റ് ആയേക്കും, ചിലപ്പോള്‍ മോഷ്ടിക്കും, ചിലപ്പോള്‍ പണത്തിനു വേണ്ടി നിയമം ലംഘിച്ചു പലതും ചെയ്യാന്‍ തയ്യാറായെക്കും, ഈ അവസരം മുതലാക്കി ലഹരി വില്‍ക്കുന്ന ഏജന്റ് ഇയാളെ അവരുടെ രാക്കറ്റില്‍ പെടുത്താന്‍ നോക്കും, അവര്‍ക്ക് ഇതില്‍ നിന്ന് തന്നെ വരുമാനം ഉണ്ടാക്കാം എന്ന് അവരെ ബോധിപ്പിച്ചു ഉപയോഗത്തിനൊപ്പം അവരെ ലഹരിയുടെ ഏജന്റു ആക്കി മാറ്റാനും സാധ്യത വളരെ കൂടുതല്‍ ആണ്.
കാരണം സിന്തറ്റിക്ക് ലഹരിക്ക് കാശ് കൂടുതല്‍ വേണം, ലഹരിക്ക് അടിമായ ഒരു യുവാവിന്റെ അടുത്ത പ്രശ്‌നം പണം ആയിരിക്കും, അവന്റെ പിന്നീടുള്ള ജീവിതം എങ്ങനെയും പണം നേടണം എന്ന ലക്ഷ്യം വച്ചുള്ളതാവും.
അടുത്ത് ഇടപെഴുകുന്നവര്‍ക്ക് ഇയാളെ മനസ്സിലാക്കാനുള്ള ആദ്യത്തെ ഒരു വഴി അയാളുടെ പണത്തിനോടുള്ള ആവശ്യവും അതിന്റെ ചിലവഴിക്കലും വഴിയാണ്.
- - - -
സിന്തറ്റിക്ക് ലഹരിക്ക് പൂര്‍ണമായി അടിമയായി കഴിഞ്ഞാല്‍ അഥവാ സ്ഥിരമായി ഉപയോഗിച്ച് തുടങ്ങിയാല്‍ അയാളുടെ സ്വഭാവത്തില്‍ കൃത്യമായ മാറ്റങ്ങള്‍ പ്രകടമാകും, ഒരിക്കലും അയാള്‍ക്ക് പഴയ മനുഷ്യനായി തുടരാനോ ഒരു സാധാരണ സ്വഭാവം വച്ചു പുലര്‍ത്താനോ സാധിക്കില്ല.
അത് പോലെ സിന്തറ്റിക്ക് ലഹരിക്ക് അടിമായവരുടെ സ്വഭാവം മിക്കപ്പോഴും ഒരുപോലെ ആയിരിക്കും.
ഈ രണ്ടു കേസിലും പിന്നീട് അവരുടെ റിഹാബിറ്റേഷനുമായി പോയപ്പോള്‍ അവിടെ ഉള്ള ഇതേ അവസ്ഥയുള്ള മറ്റു യുവാക്കളുടെ സ്വഭാവം നേരിട്ട് കണ്ടപ്പോളും അവരോട് കാര്യങ്ങള്‍ സംസാരിച്ചു മനസ്സിലാക്കിയപ്പോഴും മനസ്സിലായത് ഇവര്‍ക്ക് എല്ലാവര്‍ക്കും ഒരേ പോലുള്ള സ്വഭാവ വൈക്യല്യങ്ങള്‍ / സവിശേഷതകള്‍ പ്രകടമായി എന്നതാണ്.
ഇടപെട്ട രണ്ടു കേസിലും, നേരിട്ട് സംസാരിച്ച ഏതാണ്ട് പത്തോളം മറ്റു യുവാക്കളുടെ കേസിലും ആ യുവാക്കളും അവരുടെ വീട്ടുകാരും പറഞ്ഞ ഇവരുടെ സ്വഭാവത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തമ്മില്‍ 90% കാര്യങ്ങളും ഒരുപോലെ ആയിരുന്നു.
ലഹരി സ്ഥിരമായി ഉപയോഗിച്ച് തുടങ്ങിയാല്‍ ഇവര്‍ക്ക് ഉണ്ടാവുന്ന ഒരു മാറ്റം അവരുടെ ഉറക്കവുമായി ബന്ധപ്പെട്ടാണ്, ലഹരി ഉപയോഗിച്ച ശേഷം ഇവര്‍ ഒരു രാത്രിയും അടുത്ത പകലും മുഴുവന്‍ ഉറങ്ങാതെ ഹൈപ്പര്‍ ആക്റ്റീവ് ആയി നിന്നേക്കും, എന്നാല്‍ മറ്റു ചിലപ്പോള്‍ അടുത്ത ഒരു രാവും പകലും മുഴുവന്‍ ബോധംകെട്ട വിധം കിടന്ന് ഉറങ്ങുകയും ചെയ്യും. ഇതിന്റെ ഇടയില്‍ ചിലപ്പോള്‍ അവര്‍ക്ക് ഭക്ഷണം പോലും വേണ്ടി വരില്ല.
- - - - -
ലഹരിക്ക് അടിമയായി കഴിയുന്ന ഒരാള്‍ക്ക് പിന്നീട് ഉണ്ടാവുന്ന ഒരു സ്വഭാവ വ്യത്യാസം സംശയം ആയിരിക്കും.
സ്വന്തം മാതാവ് മുതല്‍ കാമുകി അനിയന്‍ സുഹൃത്ത് നിങ്ങള്‍ അവരുടെ ആരുമാവട്ടെ, അവര്‍ നിങ്ങളെ സംശയിച്ചു തുടങ്ങും, നിങ്ങളുടെ സംസാരത്തില്‍ അവരോടുള്ള ഇടപെടലില്‍ എല്ലാം നിങ്ങള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ചില കാര്യങ്ങള്‍ അവര്‍ കണ്ടെത്തും, അവര്‍ നിങ്ങളോട് ആകാരണമായി തര്‍ക്കിക്കും, വഴക്ക് കൂടും, പൊട്ടിതെറിക്കും
ഈ സ്റ്റേജ്ജ് ഒന്ന് കൂടെ കഴിഞ്ഞാല്‍, ഇവര്‍ക്ക് നിങ്ങളോടുള്ള സംശയത്തിന്റെ ലെവല്‍ മാറും.
ഉദാഹരണത്തിനു സ്വന്തം അമ്മ നല്‍കുന്ന ഭക്ഷണം ഇവര്‍ കഴിക്കാന്‍ കൂട്ടാക്കില്ല, അതില്‍ വിഷം ഉണ്ടെന്ന് ആരോപിക്കും, എന്നാല്‍ ചിലപ്പോള്‍ അതെ ഭക്ഷണം കുറച്ചു കഴിഞ്ഞാല്‍ കഴിച്ചെന്നു വരും, അല്ലെങ്കില്‍ മറ്റൊരാള്‍ കൊണ്ട് കൊടുത്താല്‍ കഴിക്കും, ചിലപ്പോള്‍ കഴിക്കുന്ന ഭക്ഷണം എടുത്ത് ദൂരെ കളയും, വീട്ടില്‍ നിന്നോ സ്ഥിരമായി കഴിക്കുന്ന ഇടത്ത് നിന്നോ കഴിക്കാതെ ആവും, എന്നാല്‍ ലഹരി ഇറങ്ങുമ്പോള്‍ നോര്‍മല്‍ ആവുകയും സാധാരണ പോലെ അവിടുന്ന് തന്നെ കഴിക്കുകയും ചെയ്യും.
ഭക്ഷണം, വെള്ളം അങ്ങനെ പലതിനോടും ഈ സംശയം നീണ്ടു തുടങ്ങും, അത് പിന്നീട് മറ്റു കാര്യങ്ങളിലേക്കും കടക്കും
അതായത് ഇവര്‍ ഇവര്‍ക്ക് ചുറ്റിലും ഒരു സംശയത്തിന്റെ സാഹചര്യം എപ്പോഴും നിലനിര്‍ത്തി തുടങ്ങും, അവരെ ആരോ ഫോളോ ചെയുന്നു എന്ന സംശയം, അവരുടെ മൊബൈല്‍ ആരോ ട്രാക്ക് ചെയ്യുന്നു എന്ന സംശയം, അവരെ ആരോ നിരീക്ഷിക്കുന്നു എന്ന സംശയം.
ഉദാ: സ്വന്തം റൂമിലോ വീട്ടിലോ ഉള്ള വസ്തുക്കളെ വരെ ഇവര്‍ സംശയിച്ചു തുടങ്ങും, എസി യുടെ ഉള്ളില്‍ അല്ലേല്‍ വീട്ടില്‍ ഇരിക്കുന്ന എന്തെങ്കിലും വസ്തുവിന്റെ ഉള്ളില്‍ കാമറ ഉണ്ടെന്നും തന്നെ നിരീക്ഷിക്കുന്നുണ്ട് എന്നും, തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തു നോക്കുന്നുണ്ട് എന്നും ഒക്കെ ഇവര്‍ക്ക് തോന്നി തുടങ്ങും.
ആരോ തന്നെ പിന്തുടരുന്നുണ്ട് എന്നും, നടക്കുമ്പോഴും ഇരിക്കുംമ്പോഴും ഒക്കെ ഇവരുടെ പിറകിലും ചുറ്റിലും കുറെ ആള്‍ക്കാര്‍ ഇവരെ പിന്തുടരുന്നതായും ഒക്കെ തോന്നും.
- - - - - -
അടുത്ത ഘട്ടം കുറച്ചു കൂടെ കൊമ്പ്‌ലികേറ്റഡ് ആണ്, ലഹരിക്ക് നന്നായി അടിമയായ ശേഷമുള്ള അവസ്ഥ. ഇവിടെ അയാള്‍ ഇല്ലാത്ത കാര്യങ്ങള്‍ കാണും, ഒറ്റയ്ക്ക് സംസാരിക്കും, ചിലപ്പോള്‍ മതപരമായ സൂക്തങ്ങള്‍ ഉരുവിടും ദൈവവും പ്രവാചകന്മാരും ഒക്കെയായി അവര്‍ സംസാരിച്ചു എന്ന് വരെ വരും.
ഈ സ്റ്റേജില്‍ ഇവര്‍ക്ക് ഇടയില്‍ പൊതു അല്ലാത്ത പലതരം സ്വഭാവങ്ങള്‍ കാണുവാന്‍ ഇടയുണ്ട്, ഉദാ: അയാള്‍ ഒരു ഇസ്ലാം മത 'വിശ്വാസി' ആണെങ്കില്‍ അയാള്‍ ഇസാന്‍ നബി മൂസാനബി ഒക്കെ ആയി സംസാരിക്കുന്ന
സ്റ്റേജില്‍ ഒക്കെ കാര്യങ്ങള്‍ എത്തും, അയാളുടെ ബാല്യം അയാളുടെ കൗമാരം, അയാളുടെ മതം, ജീവിത സാഹചര്യം ഒക്കെ അനുസരിച്ചു ഇതില്‍ മാറ്റം വരും. പക്ഷെ അവരോരു മത/ദൈവ വിശ്വാസി ആണെങ്കില്‍ പ്രകടമായി തന്നെ അയാളുടെ മതവും വിശ്വാസവുമായും അതുമായി ബന്ധപ്പെട്ടതുമായ ലക്ഷണങ്ങള്‍ കാണിക്കും.
ഇടപ്പെട്ട രണ്ടു കേസിലും ഈ ഒരു ഘട്ടത്തിലാണ് വീട്ടുകാര്‍ക്ക് ഇവന് എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസ്സിലായത്, എന്നാല്‍ അവര്‍ മനസ്സിലാക്കിയത് ഇവന് എന്തോ മാനസിക പ്രശ്‌നം ഉണ്ടെന്ന് മാത്രമാണ്, കാരണം ഇവന്റെ സ്വഭാവത്തില്‍ മതം ഒരു വിഷയമായി കയറി വന്നു, എന്നാല്‍ അപ്പോഴും അവര്‍ക്ക് ഇതിന്റെ ഒക്കെ ട്രിഗര്‍/കാരണം ലഹരി ആണെന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല.
മാനസികമായി എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലാക്കിയാലും മിക്കപ്പോഴും ഈ സ്റ്റേജില്‍ കുടുംബം ശാസ്ത്രീയമായി ചികിത്സ നല്‍കാന്‍ ശ്രമിക്കാതെ മതപരമായി ഇതിന് പരിഹാരം കാണാം ശ്രമിക്കും, അല്ലെങ്കില്‍ അവര്‍ ഇത് പുറത്ത് അറിയാതെ വീട്ടിലോ കുടുംബത്തിലോ മൂടിവയ്ക്കാന്‍ ശ്രമിക്കും.
കാര്യങ്ങള്‍ പക്ഷെ അവിടെ നില്‍ക്കില്ല, അപ്പോഴേക്കും അയാള്‍ സ്വയം ഒരു തിരിച്ചു വരവിനു സാധിക്കാത്ത വിധം പൂര്‍ണ്ണമായും ലഹരിക്ക് അടിമയായി കഴിഞ്ഞിരിക്കും.
- - - - - - -
അവസാന ഘട്ടം ലഹരിക്ക് അടിമായ അയാള്‍ അക്രമകാരി ആവുന്നതാണ്.
ലഹരിക്കുള്ള പണം കിട്ടാതെ ആവുമ്പോള്‍ സ്വന്തം അമ്മയെ തന്നെ ഉപദ്രവിക്കും, തള്ളി താഴെ ഇടും, വീട്ടു ഉപകരണങ്ങള്‍ തകര്‍ക്കും, എങ്ങനെയും ലഹരി ഉപയോഗിക്കുക എന്നതാവും ഒരേഒരു ലക്ഷ്യം. അതിനെ എതിര്‍ക്കുന്നവരെ ആക്രമിക്കും.
ഈ സ്റ്റേജ് എത്തുമ്പോഴേക്ക് വീട്ടുകാര്‍ക്ക് മനസ്സിലായി കാണും ഇവന്‍ ലഹരിക്ക് അടിമ ആണെന്ന്, അല്ലെങ്കില്‍ അയാള്‍ തന്നെ അത് അവരോട് തുറന്ന് പറഞ്ഞു എന്നിരിക്കും.
ആ ഘട്ടം മുതല്‍ വീട്ടുകാര്‍ അയാളെ ലഹരി ഉപയോഗിക്കുന്നതില്‍ നിന്നും എതിര്‍ത്ത് തുടങ്ങും, അവിടുന്ന് തൊട്ട് അയാള്‍ അക്രമം കാണിച്ചു തുടങ്ങും, അത് വളരെ ലൈറ്റ് ആയിട്ടുള്ള അക്രമങ്ങള്‍ ആവാം വളരെ ക്രൂരമായ അക്രമങ്ങള്‍ ആവാം. ഏറ്റവും അടുത്ത മനുഷ്യരോട് ആവാം, മുന്‍പിലുള്ള വസ്തുക്കളോട് ആവാം ചിലപ്പോള്‍ സ്വന്തം ശരീരത്തോട് തന്നെയാവാം.
ഉദാ: ഏതാണ്ട് രണ്ടു വര്‍ഷം മുന്‍പ് കണ്ണൂര്‍ / കാസര്‍ഗോഡ് ഭാഗത്ത് നിന്നൊരു ന്യൂസ് സ്ഥലം കൃത്യമായി ഓര്‍മ ഇല്ല) പേപ്പര്‍ കട്ടിങ് ഉള്‍പ്പെടെ വായിച്ചത് ഇങ്ങനെ ആണ്. വീട്ടുകാര്‍ വിവാഹത്തിന് പോയ സമയം നോക്കി ലഹരിക്ക് അടിമായ ഒരു യുവാവ് അവന്റെ വീട്ടിലെ മുഴുവന്‍ ടൈല്‍/മാര്‍ബിള്‍ എല്ലാം കുത്തി പൊളിച്ചു ആ വീടിന്റെ നിലം മുഴുവന്‍ കിളച്ചു മറിച്ചു ഇട്ട ന്യൂസ്. (നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും / കണ്ടു കാണും)
ഈ അവസ്ഥയില്‍ ഒന്നുകില്‍ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസ്സിലാക്കി കുടുംബം എങ്ങനെ എങ്കിലും അയാളെ റിഹാബ് ചെയ്തു രക്ഷപ്പെടുത്താന്‍ ശ്രമിക്കും, ചിലപ്പോള്‍ അത് വിജയിക്കും മറ്റു ചിലപ്പോള്‍ ഇത് ഒരു ചോര കളിയിലും കൊലയിലും പോലീസ് കേസിലും ഒക്കെ അവസാനിക്കും.
ഇത്രയും കാര്യങ്ങള്‍ പറഞ്ഞത് ആദ്യം പറഞ്ഞത് പോലെ നേരിട്ട് ഇടപെട്ട രണ്ടു കേസുകളില്‍ നിന്നും മനസ്സിലാക്കിയതും ആ കേസുകളില്‍ ആ യുവാക്കളെ രക്ഷിക്കാന്‍ വേണ്ടി റിഹാബ് സെന്ററില്‍ പോയപ്പോള്‍ അവിടെയുണ്ടായ പത്തോളം മറ്റു വിക്ടിമുകളുടെ ഒപ്പം സംസാരിച്ചു അറിഞ്ഞതില്‍ നിന്നുമാണ്.
അവസാനിപ്പിക്കും മുന്‍പേ; ഇതില്‍ നിന്നും പൊതുവെ മനസ്സിലാക്കിയ മറ്റൊരു കാര്യം കൂടെ ഇവിടെ കൂട്ടി ചേര്‍ക്കുന്നു, ഇത് പറഞ്ഞാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അപ്രസക്തമാകും എന്നും ചര്‍ച്ച ഇതില്‍ പിടിച്ചു ആകുമെന്നും അറിയാം, എന്നാലും മനസ്സിലാക്കിയത്;
ഒരു ബിയര്‍ കഴിക്കാനോ രണ്ട് പെഗ് അടിക്കാനോ സാധിക്കുന്ന അന്തരീക്ഷത്തില്‍ ജീവിക്കുന്ന യുവാക്കള്‍ പൊതുവെ സിന്തറ്റിക്ക് ലഹരിക്ക് പിറകെ പോകുന്നില്ല എന്നാണ് മനസ്സിലാക്കിയത്, എന്നാല്‍ ഒരു ബിയര്‍ കുടിച്ചാല്‍ അല്ലേല്‍ കൂട്ടുകാര്‍ക്ക് ഒപ്പം അല്പം മദ്യം കഴിച്ചെന്നു അറിഞ്ഞാല്‍ കുടുംബത്തിലും നാട്ടിലും പ്രശ്‌നങ്ങള്‍ നേരിടുന്ന സമൂഹത്തിലെ യുവാക്കള്‍ നിരവധിപേര്‍ സിന്തറ്റിക്ക് ലഹരിയുടെ പിടിയില്‍ ആയി കഴിഞ്ഞു.
എനിക്ക് അറിയാവുന്ന രണ്ടു കേസും മേല്‍പറഞ്ഞ നേരിട്ട് സംസാരിച്ച പത്തോളം കേസുകളിലും രണ്ടു പേര് മാത്രമാണ് മദ്യം അനുവദനീയമായ സാഹചര്യത്തില്‍ വളര്‍ന്നവരായി ഉണ്ടായുള്ളൂ, ബാക്കി എല്ലാവരും മദ്യം നിഷിദ്ധമായ കടുത്ത പാപമായ സാഹചര്യത്തില്‍ വളര്‍ന്നവര്‍ ആയിരുന്നു.