പുതുപ്പള്ളിയിലെ തോല്‍വിയുടെ അഞ്ച് കാരണങ്ങളിതാ, ഉത്തരവാദികളില്‍ മുഖ്യമന്ത്രിയും സെക്രട്ടറിയും

google news
M V Govindan master

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത തോല്‍വിയെക്കുറിച്ച് വിലയിരുത്തലുകള്‍ വന്നുതുടങ്ങുകയാണ്. പ്രതീക്ഷിച്ചതിലും ഏറെ വോട്ടുകള്‍ക്ക് തോറ്റു എന്നത് എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശ പടര്‍ത്തി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫ് പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണമെന്നുള്ള മുന്നറിയിപ്പ് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് സഹതാപതരംഗം തന്നെയാണ്. അതിവൈകാരികമായി പ്രതികരിക്കുന്ന പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ സ്‌നേഹമാണ് വോട്ടായി മാറിയത്. ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ വൈകാരികമായ വിടവാങ്ങല്‍ തന്നെ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന വമ്പന്‍ ഭൂരിപക്ഷത്തിന്റെ സൂചന നല്‍കിയിരുന്നു. സഹതാപതരംഗം മുതലെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കൃത്യമായി കാണുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യാത്തത് തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തിവിടുന്ന ആരോപണങ്ങളെ പ്രതിരോധിക്കാതെ മൗനം പാലിച്ചത് ജനങ്ങളില്‍ സംശയത്തിന് ഇടനല്‍കി. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചെന്നുവേണം കരുതാന്‍.

സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ ജനകീയനാകാന്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സാധിക്കുന്നില്ലെന്നതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. കോടിയേരി ബാലകൃഷ്ണനുശേഷം പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ ജനങ്ങളോടും മാധ്യമങ്ങളോടുമുള്ള ഗോവിന്ദന്‍ മാസ്റ്ററുടെ ഇടപെടലുകള്‍ കൈയ്യടി നേടുന്നതല്ല. തെരഞ്ഞെടുപ്പില്‍ സംഘടനാവീഴ്ചയുണ്ടായതായി വിലയിരുത്തലുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനും അദ്ദേഹത്തിന് സാധിക്കില്ല. സഹതാപതരംഗം മറികടക്കാനുള്ള തന്ത്രമില്ലാത്തതും പാര്‍ട്ടിക്ക് തിരിച്ചടിയായി.

തെരഞ്ഞെടുപ്പ് വേളയിലുണ്ടായ വിവാദങ്ങളാണ് തോല്‍വിക്ക് മറ്റൊരു കാരണമെന്നുപറയാം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചു. അച്ചു ഉമ്മനെതിരായ അധിക്ഷേപവും നടന്‍ ജയൂസൂര്യ ഉയര്‍ത്തിവിട്ട വിവാദവുമെല്ലാം തെരഞ്ഞെടുപ്പിലും നിറഞ്ഞുനിന്നിരുന്നു. ചാഞ്ചാടി നില്‍ക്കുന്ന വോട്ടുകള്‍ ചാണ്ടി ഉമ്മനിലേക്ക് പോകാന്‍ ഇത്തരം വിവാദങ്ങളും പാര്‍ട്ടിയുടെ തെറ്റായ ഇടപെടലും കാരണമായി.

ബിജെപി വോട്ടുകളിലെ ചോര്‍ച്ചയാണ് യുഡിഎഫ് ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള മറ്റൊരു കാരണം. 15,000ത്തോളം വോട്ടുകളുണ്ടായിരുന്ന മണ്ഡലത്തില്‍ കുത്തനെ വോട്ടിംഗ് ശതമാനം കുറഞ്ഞത് വോട്ടുമറിച്ചതാണെന്ന ആരോപണത്തിന് ശക്തിപകരുന്നു. വോട്ടുമറിക്കാനാണ് ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്ന ഇടതുപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പിലെ അവരുടെ ദയനീയ പ്രകടനം.

Tags