കിരീട വിജയത്തിന് പിന്നാലെ മുതലാളിക്ക് ആര്‍സിബി മടുത്തോ? വിറ്റഴിക്കാന്‍ ആലോചന, വിജയ് മല്യ 476 കോടി രൂപയ്ക്ക് വാങ്ങിയ ടീമിന്റെ ഇപ്പോഴത്തെ മൂല്യം 17,000 കോടി രൂപ

vijay mallya rcb
vijay mallya rcb

വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സ് 111.6 മില്യണ്‍ ഡോളറിനാണ് ആര്‍സിബി സ്വന്തമാക്കിയത്. പിന്നീട്, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പരാജയത്തെ തുടര്‍ന്ന് മല്യയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ ഡിയാജിയോ, കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുക്കുകയായിരുന്നു.

ബെംഗളുരു: ഐപിഎല്‍ 2025 ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വില്‍ക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ മാതൃകമ്പനിയായ ഡിയാജിയോ ഷെയറുകള്‍ വിറ്റഴിക്കാന്‍ ആലോചിക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ആര്‍സിബിയെ 2 ബില്യണ്‍ ഡോളര്‍ (ഏകദേശം 17,000 കോടി രൂപ) മൂല്യത്തില്‍ വില്‍ക്കാന്‍ ഡിയാജിയോ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെ 'ഊഹാപോഹങ്ങള്‍' എന്ന് വിശേഷിപ്പിച്ച് ഡിയാജിയോ തള്ളിക്കളഞ്ഞു. 'മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണ്, ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകളും കമ്പനി നടത്തുന്നില്ല,' യുണൈറ്റഡ് സ്പിരിറ്റ്‌സ് ബിഎസ്ഇ-യില്‍ നല്‍കിയ ഫയലിംഗില്‍ പറഞ്ഞു.

tRootC1469263">

2008-ല്‍ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സ് 111.6 മില്യണ്‍ ഡോളറിനാണ് ആര്‍സിബി സ്വന്തമാക്കിയത്. പിന്നീട്, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പരാജയത്തെ തുടര്‍ന്ന് മല്യയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ ഡിയാജിയോ, കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുക്കുകയായിരുന്നു. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2025-ല്‍ ആര്‍സിബി അവരുടെ ആദ്യ ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെയാണ് വീണ്ടും വില്‍ക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നത്.

ബെംഗളൂരുവില്‍ നടന്ന ആര്‍സിബിയുടെ വിജയാഘോഷ പരേഡിനിടെ ഉണ്ടായ ദാരുണമായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കുകയും 50-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ മദ്യ-പുകയില ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഡിയാജിയോ പോലുള്ള കമ്പനികള്‍ സോഫ്റ്റ് ഡ്രിങ്കുകളുടെ പരസ്യങ്ങളിലൂടെ പ്രമുഖ കായിക താരങ്ങളെ ഉപയോഗിച്ച് വിപണനം നടത്താറുണ്ട്. എന്നാല്‍, ആരോഗ്യ മന്ത്രാലയം ഇത്തരം പരോക്ഷ പരസ്യങ്ങള്‍ തടയാന്‍ ശ്രമിക്കുന്നതും വില്‍പ്പനയ്ക്ക് കാരണമാകുന്നതായാണ് സൂചന.

ആര്‍സിബിയുടെ വിജയവും ബ്രാന്‍ഡ് മൂല്യത്തിലെ വര്‍ധനയും ടീമിനെ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസികളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും, ഡിയാജിയോയുടെ പ്രസ്താവനയോടെ നിലവില്‍ ടീം വില്‍ക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്.

 

Tags